സ്വത്വവും ഇടവും നഷ്ടപ്പെടുന്ന മനുഷ്യര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാജ്യാന്തര ചലച്ചിത്രോത്സവം. അലസാന്‍ഡ്രെ സ്‌പെഷാലെ ക്യൂറേറ്റ് ചെയ്ത അപ്‌റൂട്ടട് ഫിലിംസ് ഇന്‍ ഐഡന്റിറി ആന്റ് സ്‌പെയ്‌സ് എന്ന വിഭാഗത്തിലാണ് ഈ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുക.
ബംഗ്ലാദേശില്‍ നിന്നെത്തുന്ന ലൈവ് ഫ്രം ധാക്ക, സാന്‍ഫ്രാന്‍സിസ്‌കോ പശ്ചാത്തലമായ ഇറാനിയന്‍ ചിത്രം റേഡിയോ ഡ്രീംസ്, ഇന്തോനേഷ്യന്‍ ചിത്രമായ സോളോ, സോളിറ്റിയൂഡ്, റോഹിംഗ്യന്‍ അഭയാര്‍ത്ഥിയുടെ ജീവിതം പ്രമേയമായ അക്വിരാത്, ഗീതു മോഹന്‍ദാസിന്റെ ലയേഴ്‌സ് ഡയസ് എന്നിവയാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുക. അഭയാര്‍ത്ഥിയാക്കപ്പെടുന്ന മനുഷ്യരുടെ ജീവിതങ്ങളാണ് ചിത്രങ്ങളുടെ പ്രമേയം.
നാടുവിടാന്‍ നിര്‍ബന്ധിതരാക്കപ്പെടുന്ന അവസ്ഥ, കുടിയേറുവാനുള്ള ശ്രമം, കുടിയേറുന്ന മനുഷ്യരുടെ ആത്മസംഘര്‍ഷങ്ങള്‍, അവിടങ്ങളിലെ അതിജീവനവും ചൂഷണവും തുടങ്ങിവയിലൂടെയുള്ള സഞ്ചാരമാകും ഈ വിഭാഗത്തിലെ ചിത്രം. ഉദ്ഘാടന ചിത്രമായ ദ ഇന്‍സള്‍ട്ട് ചര്‍ച്ചചെയ്യുന്നതും ഇതേ വിഷയമാണ്.