പ്രളയം മുതൽ ഭരണഘടന വരെ: പുതുമ നിറഞ്ഞ് ഇംഗ്ലീഷ് സ്‌കിറ്റ്

ആലപ്പുഴ: പെട്രോളിനും ഡീസലിനും കുത്തനെ വിലയുയരുന്നത് ചോദ്യം ചെയ്തും ഭരണ ഘടനയുടെ സംരക്ഷകർ തന്നെ അതു നശിപ്പിക്കുന്നതും ചൂണ്ടിക്കാട്ടി പുതുമ നിറഞ്ഞ പ്രമേയങ്ങളുമായി ഹയർസെക്കൻഡറി വിഭാഗം ഇംഗ്ലീഷ് സ്‌കിറ്റ് വേദി. പതിവിനു വിപരീതമായി സമകാലിക വിഷയങ്ങൾ മാത്രമാണ് വിദ്യാർത്ഥികൾ തിരഞ്ഞെടുത്തത്. പ്രളയത്തിന്റെ തീവ്രത വിളിച്ചു കാട്ടുന്ന കട്ടൗട്ടുകളും വിദ്യാർഥികളുടെ മിന്നുന്ന പ്രകടനത്തിന് മാറ്റുകൂട്ടി.
എറണാകുളം സെന്റ് തെരാസാസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നുള്ള മിടുക്കികൾ കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികളേയും സ്‌കിറ്റിൽ ആക്ഷേപഹാസ്യമാക്കിയപ്പോൾ സദസ്സിൽ നിറഞ്ഞ കയ്യടി. ഓൺലൈൻ ഷോപ്പിങ് തട്ടിപ്പിന് വിധേയമാകുന്ന ഉപഭോക്താക്കളെ ബോധവൽക്കരിക്കുന്ന സ്‌കിറ്റും നവമാധ്യമങ്ങളുടെ ദുരുപയോഗവും സ്‌കിറ്റിൽ പ്രമേയമായി.

പരിമിതികൾക്ക് വിട: സുരേഷ് സ്‌കിറ്റ് പഠിപ്പിക്കുന്നത് പതിനാറാം വർഷം

ആലപ്പുഴ: വിവിധ ജില്ലകളിലെ വിദ്യാർഥികൾക്ക് കളമശേരിക്കാരൻ സുരേഷ് അവരുടെ പ്രിയപ്പെട്ട സ്‌കിറ്റ് ഡയറക്ടറാണ്. പോളിയോ തളർത്തിയത് കാലുകളെയാണെങ്കിലും ആ പരിമിതിയോട് ഗുഡ്ബൈ പറഞ്ഞു സുരേഷ് കഴിഞ്ഞ 16 വർഷമായി സ്‌കിറ്റ് പഠിപ്പിക്കുന്നു. നടന്ന് പഠിപ്പിക്കാനുള്ള ബുദ്ധിമുട്ട് കാരണം സുരേഷിനെ സഹായിക്കുന്നത് അദ്ദേഹത്തിന്റെ ശിഷ്യന്മാരാണ്.
കാലത്തിന് അനുസരിച്ചുള്ള പ്രമേയം തിരഞ്ഞെടുത്ത് പഠിപ്പിക്കുന്നതാണ് സുരേഷിന്റെ രീതി. അതിന് സമ്മാനവും ഉറപ്പാണ്. സുരേഷ് സ്‌കിറ്റ് ഡയറക്ടറായി വരുന്നത് വിദ്യാർഥികൾക്കും ആത്മവിശ്വാസമാണെന്ന് അധ്യാപകർ പറയുന്നു. പഠിക്കാൻ വരുന്ന കുട്ടികൾക്ക് കലാബോധമുള്ളതിനാൽ സ്‌കിറ്റ് പഠനം ഉഷാറാണെന്നു സുരേഷ് പറയുന്നു. ഇത്തവണ സെന്റ് തെരാസാസ് വിദ്യാർത്ഥികളെയാണ് സുരേഷ് പഠിപ്പിച്ചത്.