അറക്കൽ രാജ ഭരണവും ബീവിമാരുടെ ഭരണ ചരിത്രവും ചർച്ച ചെയ്ത പൈതൃകോത്സവം മൂന്നാം ദിവസത്തിലെ പ്രഭാഷണ പരിപാടികൾ രജിസ്ട്രേഷൻ,’ മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ഗവ. സിറ്റി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടിയിൽ കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. പി ഇന്ദിര അധ്യക്ഷയായി.
എഴുത്തുകാരി ഡോ. ജിസാ ജോസ് അറക്കൽ സ്ത്രീ രാജ ഭരണത്തെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തി. ചരിത്ര രചനയുടെ രീതിശാസ്ത്രം ഒരുപാട് പരിമിതികൾ ഉള്ളതാണെന്നും. ഡിജിറ്റൽ യുഗത്തിൽ നിന്ന് നോക്കുമ്പോൾ പരിമിതമായ വിഭവങ്ങൾ ഉപയോഗിച്ചാണ് പൂർവ്വകാല ചരിത്രം രേഖപെടുത്തിയിട്ടുള്ളതെന്നും അവർ പറഞ്ഞു. അവിടെ നിന്നും അറക്കൽ രാജവംശം എന്ന വിഖ്യാതമായ സ്ത്രീ രാജ ഭരണത്തെക്കുറിച്ച് നോക്കുമ്പോൾ ആ കാലത്തെ പുനർ നിമ്മിക്കാൻ ഉതകുന്ന തരത്തിലുള്ള തെളിവുകൾ വളരെ കുറവാണ്. അക്കാലത്ത് അറക്കൽ ബീവിമാർ നടത്തിയ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ ഇടപാടുകളെക്കുറിച്ചുള്ള വ്യക്തമായ ചരിത്രം രേഖപ്പെടുത്തിയിട്ടില്ലെന്നും ഡോ. ജിസ ജോസ് പറഞ്ഞു.
കണ്ണൂരിലെ ഏറ്റവും സംഘർഷ ഭരിതമായ കാലഘട്ടത്തിലാണ് സ്ത്രീകൾ ഇവിടെ ഭരണം നടത്തിയത്. അറക്കൽ രാജ വംശത്തിലെ 12 ബീവിമാരും നിർണ്ണായകമായ രീതിയിൽ കണ്ണൂരിന്റെയും വടക്കൻ കേരളത്തിന്റെയും രാഷ്ട്രീയത്തെ നിർണ്ണായിച്ചിട്ടുണ്ട്. യുദ്ധം, സന്ധി, സമാധാനം, നീതി നിർവഹണം, എന്നിങ്ങനെ ആധുനിക സ്ത്രീവാദത്തെ പോലും അമ്പരിപ്പിക്കുന്ന രീതിയിലായിരുന്നു ആക്കാലത്ത് ഇവിടെ സ്ത്രീകൾ ഭരണം നടത്തിയിരുന്നത് എന്നും ഡോ. ജിസ ജോസ് പറഞ്ഞു. ചരിത്രകാരൻ കെ മുഹമ്മദ് സിറാജുദ്ദീൻ പ്രഭാഷണം നടത്തി. തുടർന്ന് അനിത ഷെയ്കഖ് നയിച്ച സൂഫി സംഗീത രാവ് അരങ്ങേറി.
പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പുകളുടെ ആഭിമുഖ്യത്തിലുള്ള കണ്ണൂര്‍ പൈതൃകോത്സവം ജനുവരി നാല്, അഞ്ച്, ആറ് തീയതികളില്‍ കണ്ണൂര്‍ നഗരത്തില്‍ വിപുലമായ പരിപാടികളോടെ തുടരും
