ആലപ്പുഴ: സാത്വിക ഭാവമുള്ള ദിവ്യശക്തിയുള്ള കാമധേനുവിന്റെ കഥ ആദ്യമായി ഭരതനാട്യവേദിയിൽ അവതരിപ്പിച്ച് സംസ്ഥാന കലോത്സവത്തിൽ ശ്രദ്ധനേടി സായിവൃന്ദ എന്ന എട്ടാം ക്ലാസുകാരി. ആലപ്പുഴ കാർത്തികപ്പള്ളി സെന്റ് തോമസ് സ്കൂളിലെ വിദ്യാർത്ഥിനിയാണ് സായി വൃന്ദ.

കാമധേനുവിന്റെ കൊമ്പുമുതൽ വാലുവരെ ഓരോ ദൈവങ്ങൾ കുടിയിരിക്കുന്നു എന്നാണ് വിശ്വാസം.വലതു കണ്ണിൽ സൂര്യൻ ഇടതു കണ്ണിൽ ചന്ദ്രൻ,വലതുക്കൊമ്പിൽ രുദ്രൻ, ഇടതു കൊമ്പിൽ കാർത്തികേയ മുനികൾ, വാലിൽ വസിഷ്ഠൻ, ദേഹത്ത് സരസ്വതി ദേവി,നെറ്റിയിൽ ശിവ ഭഗവാൻ, വയറിന്റെ ഭാഗത്ത് മഹാവിഷ്ണു,പാലയി കാണിക്കുന്നത് പാലഴിയാണ് എന്നുമാണ് വിശ്വാസം.

ഈ വിശ്വാസത്തെ ആധാരമാക്കി സായിവൃന്ദയുടെ ഗുരു ഹരിപ്പാട് സ്വദേശി ആർ.എൽ.വി. അഖിൽ കൃഷ്ണൻ ഭരതനാട്യ രൂപം തയ്യാറാക്കിയത്. സായി വൃന്ദയുടെ സഹോദരി സായി വർഷവും ഹയർ സെക്കണ്ടറി തല മത്സരങ്ങൾക്ക് മാറ്റുരയ്ക്കുന്നുണ്ട്.

വെള്ളിയാഴ്ച നടന്ന മോഹിനിയാട്ട മത്സരത്തിൽ സായി വൃന്ദയ്ക്കും ചേച്ചി സായി വർഷയ്ക്കും എ ഗ്രേഡ് ലഭിച്ചിരുന്നു. മോഹിനിയാട്ട മത്സരത്തിലും നാഗരാജാവിന്റെ വ്യത്യസ്ത പ്രമേയവുമായിട്ടാണ് സായി വൃന്ദ വേദി കയ്യടക്കി എ ഗ്രേഡ് നേടിയത്. താമല്ലാക്കൽ സായി സൗപർണ്ണികയിൽ വീരേന്ദ്ര കുമാറിന്റെയും സ്മിതമോളുടെയും മകളാണ് സായിവൃന്ദ.