എകെജി സ്മൃതി മ്യൂസിയം അടുത്തമാസം തന്നെ നാടിന് സമർപ്പിക്കുമെന്ന് രജിസ്ട്രേഷൻ, പുരാവസ്‌തു, പുരാരേഖ, മ്യൂസിയം വകുപ്പു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. ടൗൺ സ്ക്വയറിൽ കണ്ണൂർ പൈതൃകോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പയ്യാമ്പലത്ത് മുരുക്കഞ്ചേരി കേളു സ്മൃതി മണ്ഡപത്തിന്റെ നിർമ്മാണം വേഗത്തിൽ പൂർത്തീകരിക്കും. കടന്നപ്പള്ളി തെയ്യം മ്യൂസിയത്തിന്റെ കെട്ടിടനിർമാണം പുരോഗമിക്കുകയാണ്. സി എസ് ഐ പള്ളിയോട് ചേർന്നുള്ള സെമിത്തേരിയുടെ പൈതൃക പ്രാധാന്യം പരിഗണിച്ച് അത് സംരക്ഷിക്കാനുള്ള നടപടികളും ആലോചിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
നമ്മുടെ ചരിത്രവും പൈതൃകവുമെല്ലാം കാത്തുസൂക്ഷിച്ചുകൊണ്ട് വർത്തമാനകാല വെല്ലുവിളികളെ നേരിടാനും യഥാർത്ഥ ചരിത്രസൃഷ്ടികളുടെ കാവലാളായി മാറാനും ഓരോരുത്തരും സ്വയം സന്നദ്ധരാകണമെന്നും മന്ത്രി പറഞ്ഞു.
കണ്ണൂർ പൈതൃകോത്സവം മഹത്തായ ചരിത്ര പാരമ്പര്യത്തെക്കുറിച്ച് അറിവ് നൽകുന്നതായി. നാടിന്റെ അമൂല്യ ങ്ങളായ പാരമ്പര്യങ്ങളെക്കുറിച്ചുള്ള ചർച്ചകൾ, പൈതൃക പദയാത്ര, ഗാന്ധിയൻ ഫോട്ടോ പ്രദർശനം എന്നിവ ചരിത്രത്തിലേക്ക് വെളിച്ചം വീശി എന്നും മന്ത്രി പറഞ്ഞു.
കണ്ണൂർ പൈതൃകോത്സവത്തിന്റെ ഭാഗമായി അവതരിപ്പിച്ച ചരിത്ര പ്രബന്ധങ്ങളുടെ സംഗ്രഹം കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. പി. ഇന്ദിര പ്രകാശനം ചെയ്തു.
കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കെ.പി താഹിർ അധ്യക്ഷനായി.
ചരിത്രകാരൻ ഡോ. പി.ജെ. വിൻസെൻ്റ് പുസ്തകം ഏറ്റുവാങ്ങി. കേരള സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, ശൗര്യചക്ര പി.വി മനേഷ് എന്നിവർ മുഖ്യാതിഥികളായി. മ്യൂസിയം, മൃഗശാല വകുപ്പ് ഡയറക്ടർ മഞ്ജുളാദേവി, മ്യൂസിയം വകുപ്പ് സൂപ്രണ്ട് പി.എസ് പ്രിയരാജൻ എന്നിവർ സംസാരിച്ചു.
തുടർന്ന് മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും പ്രകാശ് ഉള്ള്യേരിയും ചേർന്ന് അവതരിപ്പിച്ച ‘ദ്വയ-രാഗതാള വിസ്‌മയവും അരങ്ങേറി.
നിരന്തരമായ നവീകരണങ്ങൾക്ക് വിധേയമാക്കേണ്ട ഒന്നാണ് പൈതൃകം- ഡോ. പി ജെ വിൻസെന്റ്
പൈതൃകവും ചരിത്രവുമെല്ലാം ഗൃഹാതുരത്വം ഉണ്ടാക്കുന്ന ആശയങ്ങളാണെങ്കിലും അത് വേണ്ട രൂപത്തിൽ ഉൾക്കൊള്ളാൻ നാം തയ്യാറാവുന്നില്ലെന്ന് ചരിത്രകാരൻ ഡോ. പി ജെ വിൻസെന്റ്. പൈതൃകോത്സവത്തിന്റെ ഭാഗമായി കണ്ണൂർ ടൗൺ സ്ക്വയറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നിരന്തരമായ നവീകരണങ്ങൾക്ക് വിധേയമാക്കേണ്ട ഒന്നാണ് പൈതൃകം. പൂർണ്ണമായും ഒഴിവാക്കേണ്ടവയും സമ്പൂർണമായും സ്വീകരിക്കേണ്ടുന്നതുമായ പൈതൃകങ്ങളുമുണ്ട്.
പൈതൃകമെന്നത് പൂർണ്ണമായും ശുദ്ധമായ ഒരു പദമല്ലെന്നും സ്വീകാര്യമായതും അല്ലാത്തതുമായ പൈതൃകങ്ങളെക്കുറിച്ച് അറിവ് ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പൈതൃകങ്ങളെ നിരന്തരം പരിപോഷിപ്പിച്ചാൽ മാത്രമേ വർത്തമാനകാലത്തിൽ വേരുറപ്പിച്ച് നിൽക്കാൻ സാധിക്കുകയുള്ളൂ എന്നും പി ജെ വിൻസെന്റ് കൂട്ടിച്ചേർത്തു.
