കുഷ്ഠരോഗം സമൂഹത്തില്‍ നിന്നും തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന അശ്വമേധം ക്യാമ്പയിന്റെ ഏഴാംഘട്ടം ജില്ലയില്‍ ആരംഭിച്ചു. ജനുവരി 20 വരെ രണ്ടാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന രോഗ നിര്‍ണയ പ്രവര്‍ത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ ആശുപത്രിയില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ നിര്‍വഹിച്ചു.സമൂഹത്തില്‍ അറിയപ്പെടാതെ പോകുന്ന കുഷ്ഠരോഗികളെ നേരിട്ടുള്ള ഭവന സന്ദര്‍ശനത്തിലൂടെ കണ്ടെത്തി അവര്‍ക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.

കണ്ണൂര്‍ ജില്ലാആശുപത്രി സൂപ്രണ്ട് ഡോ. എം.കെ ഷാജ് അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് ഡോ. രേഖ കെ.ടി ദിനാചരണ സന്ദേശം നല്‍കി. കുഷ്ഠ രോഗം സംബന്ധിച്ച പോസ്റ്റര്‍ പ്രകാശനവും അശ്വമേധം സെല്‍ഫി കോര്‍ണര്‍ ഉദ്ഘാടനവും നടന്നു. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി.കെ അനില്‍കുമാര്‍, ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ. ജി അശ്വിന്‍, അസിസ്റ്റന്റ് ലെപ്രസി ഓഫീസര്‍ എം.ബി മുരളി, ജില്ലാ നഴ്‌സിംഗ് ഓഫീസര്‍ പി വിനോദിനി, ജില്ലാ ആശുപത്രി അഡീഷണല്‍ ലേ സെക്രട്ടറി കെ സജിത്ത്, ചീഫ് നഴ്‌സിംഗ് ഓഫീസര്‍ ടി ഇന്ദിര, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി സി പ്രമോദ് കുമാര്‍, ജില്ലാ ഡെപ്യൂട്ടി എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ടി. സുധീഷ് എന്നിവര്‍ സംസാരിച്ചു.

കുഷ്ഠ രോഗ നിര്‍ണയത്തിനായി ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളിലെത്തും

കണ്ണൂര്‍ ജില്ലയില്‍ നിലവില്‍ കുഷ്ഠരോഗ ചികിത്സ എടുക്കുന്നത് 44 പേരാണ്. അതില്‍ മൂന്ന് കുട്ടികളും ഉണ്ട്. കുട്ടികളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് മുതിര്‍ന്നവരില്‍ രോഗം മറഞ്ഞിരിക്കുന്നതിന്റെ സൂചനയാണ്. ജില്ലയില്‍ 6,99,758 വീടുകളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സന്ദര്‍ശിക്കും. 1978 ടീമുകളിലായി 3956 സന്നദ്ധ പ്രവര്‍ത്തകര്‍ ഫ്‌ലാഷ് കാര്‍ഡിന്റെ സഹായത്തോടെ കുഷ്ഠ രോഗ നിര്‍ണയത്തിനായി വീടുകളില്‍ എത്തും. പരിശീലനം ലഭിച്ച ഒരു ആശാപ്രവര്‍ത്തകയും ഒരു പുരുഷ വളണ്ടിയറും അടങ്ങുന്ന സംഘമാണ് വീടുകളില്‍ പരിശോധനക്കായി എത്തുന്നത്. ഒരു വര്‍ഷം ശരാശരി 40 ഓളം പുതിയ കുഷ്ഠ രോഗ കേസുകള്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. നഗര-ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ വിഭാഗങ്ങളിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ആരോഗ്യ വകുപ്പ് ഗൗരവത്തോടെയാണ് കാണുന്നത്.

വായുവിലൂടെ പകരുന്ന രോഗമായതിനാല്‍ രോഗബാധിതര്‍ തുമ്മുമ്പോഴോ ചുമക്കുമ്പോഴോ സംസാരിക്കുമ്പോഴോ മൈക്കോബാക്ടീരിയം എന്ന അണുക്കള്‍ മറ്റുള്ളവരിലേക്ക് എത്തിയേക്കാം. എന്നാല്‍ ചികിത്സ ആരംഭിച്ച ഒരു രോഗിയില്‍ നിന്നും രോഗം പകരില്ല. ശരീരത്തില്‍ അണുക്കള്‍ പ്രവേശിച്ചാല്‍ ലക്ഷണങ്ങള്‍ പുറത്തു വരാന്‍ മൂന്നു മുതല്‍ 10 വര്‍ഷം വരെ സമയം എടുത്തേക്കാം. ലക്ഷണങ്ങള്‍ കണ്ടാലുടന്‍ ചികിത്സ ആരംഭിച്ചാല്‍ കുഷ്ഠരോഗം മൂലം ഉണ്ടാകുന്ന വൈകല്യങ്ങള്‍ പൂര്‍ണ്ണമായും തടയാനും മറ്റുള്ളവരിലേക്ക് രോഗം പകരുന്നത് ഒഴിവാക്കാനും സാധിക്കും.

തൊലിപ്പുറത്ത് കാണുന്ന നിറവ്യത്യാസങ്ങളാണ് കുഷ്ഠരോഗത്തിന് പ്രധാന പ്രാരംഭ ലക്ഷണം. ശരീരത്തില്‍ ചുണങ്ങ് പോലെ കാണപ്പെടുന്നതോ നിറം മങ്ങിയതോ ചുവന്നതോ ചെമ്പുനിറത്തിലുള്ളതോ ആയ പാടുകള്‍ ശ്രദ്ധിക്കണം. ഇത്തരം പാടുകളില്‍ സ്പര്‍ശന ശേഷി കുറവായിരിക്കും. എന്നതും ചൂട്, തണുപ്പ് വേദന എന്നിവ അറിയാന്‍ സാധിക്കില്ല എന്നതും രോഗ ലക്ഷണമായി കണക്കാക്കാം. രോഗം നാഡികളെ ബാധിക്കുന്നതോടെ നാഡികള്‍ തടിക്കുകയും കൈകാലുകളില്‍ തരിപ്പ്,വേദന,മാറാത്ത വ്രണങ്ങള്‍ എന്നിവ ഉണ്ടാവുകയും ചെയ്യും. മുഖത്തോ ശരീരത്തിലെ തടിപ്പുകള്‍ കാണപ്പെടാം ചിലരില്‍ കണ്ണിനെയും ബാധിക്കാറുണ്ട്. സംശയമുള്ള സാഹചര്യത്തെ തൊലിപ്പുറത്തെ സംവേദന ക്ഷമത പരിശോധിച്ചും തുടര്‍ന്ന് ബയോപ്‌സി പരിശോധനയിലൂടെയും രോഗം സ്ഥിരീകരിക്കാന്‍ സാധിക്കും.

*രോഗത്തിന്റെ തീവ്രത അനുസരിച്ച് ആറുമാസം മുതല്‍ 12 മാസം വരെ നീണ്ടുനില്‍ക്കുന്ന വിവിധ ഔഷധ ചികിത്സയിലൂടെ കുഷ്ഠരോഗം പൂര്‍ണമായും ഭേദമാക്കാന്‍ കഴിയും. എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും ഇതിനായുള്ള മരുന്നുകള്‍ തികച്ചും സൗജന്യമായി ലഭ്യമാണ്. തുടക്കത്തിലെ രോഗം തിരിച്ചറിഞ്ഞ് ചികിത്സ തേടിയാല്‍ വൈകല്യം ഇല്ലാത്ത ഒരു സമൂഹത്തെ കെട്ടിപ്പടുക്കാന്‍ സാധിക്കും.