കേരളം വ്യവസായ സൗഹൃദമല്ലെന്ന പഴയ ചിന്താഗതി പൂര്‍ണ്ണമായും മാറിയെന്നും നിക്ഷേപകര്‍ക്ക് ഏറ്റവും വേഗത്തില്‍ സൗകര്യങ്ങള്‍ ഒരുക്കുന്ന സംസ്ഥാനമായി കേരളം മാറിയെന്നും വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. പാലക്കാട് വ്യാവസായിക ഇടനാഴിയുടെ പ്രോജക്ട് ഓഫീസ് ഇരട്ടയാല്‍ കൊടുമ്പില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുമ്പ് കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ നിക്ഷേപകര്‍ മടിച്ചിരുന്ന സാഹചര്യം മാറി ഇന്ന് ഇവിടെയെല്ലാം സാധ്യമാണെന്ന നിലയിലേക്ക് നാട് വളര്‍ന്നു.
ഭാരത് ബയോടെക് പോലുള്ള പ്രമുഖ കമ്പനികള്‍ക്ക് വെറും ഏഴു ദിവസം കൊണ്ട് ഭൂമി അനുവദിക്കാന്‍ സര്‍ക്കാരിന് സാധിച്ചത് ഇതിന്റെ ഉദാഹരണമാണെന്നും ലണ്ടന്‍ ഇക്കണോമിസ്റ്റിന്റെ റാങ്കിങ്ങിലും സുസ്ഥിര വികസന സൂചികയിലും കേരളം കൈവരിച്ച നേട്ടങ്ങള്‍ ലോകം അംഗീകരിക്കുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി. ‘ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്’ റാങ്കിങ്ങില്‍ രണ്ടാമതും കേരളം ഇന്ത്യയില്‍ ഒന്നാമതെത്തിയത് വലിയ അഭിമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി പ്രഖ്യാപിച്ച 12 ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റികളില്‍ ഏറ്റവും വേഗത്തില്‍ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയതും പ്രോജക്ട് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റിനെ നിയമിച്ചതും കേരളത്തിലാണ്. ഒക്ടോബറില്‍ ആരംഭിച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 36 മുതല്‍ 42 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനോടനുബന്ധിച്ച് തമിഴ്നാടുമായി ചേര്‍ന്ന് സെമികണ്ടക്ടര്‍, ഓട്ടോമോട്ടീവ് മേഖലകളില്‍ പരസ്പര സഹകരണത്തോടെയുള്ള വികസനത്തിന് ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും അടുത്ത യോഗം തിരുവനന്തപുരത്ത് നടക്കുമെന്നും മന്ത്രി അറിയിച്ചു. കിന്‍ഫ്രയുടെ തിരിച്ചെടുത്ത 60 ഏക്കറില്‍ 20 ഏക്കര്‍ ഐഐടിക്ക് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് സെന്ററിനായി നല്‍കാന്‍ തീരുമാനിച്ച കാര്യവും മന്ത്രി പ്രസംഗത്തില്‍ സൂചിപ്പിച്ചു.
കേരളത്തിലെ എം.എസ്.എം.ഇ മേഖലയില്‍ 42 ശതമാനവും സ്ത്രീ സംരംഭകരാണെന്നത് വലിയ നേട്ടമാണെന്നും ഏറ്റവും ഉയര്‍ന്ന സ്ത്രീ സംരംഭക പങ്കാളിത്തമുള്ള സംസ്ഥാനം കേരളമാണെന്നും മന്ത്രി പറഞ്ഞു. വ്യവസായങ്ങള്‍ക്ക് ആവശ്യമായ നൈപുണ്യമുള്ള തൊഴിലാളികളെ വാര്‍ത്തെടുക്കാന്‍ സര്‍ക്കാര്‍ പ്രത്യേക പോളിസി തന്നെ രൂപീകരിച്ചിട്ടുണ്ട്. വീടുകളുടെ 50 ശതമാനം വ്യവസായത്തിനായി ഉപയോഗിക്കാം. കമ്പനികള്‍ ആവശ്യപ്പെടുന്ന പ്രത്യേക നൈപുണ്യം വിദ്യാര്‍ഥികള്‍ക്ക് നല്‍കാന്‍ കോളേജുകളുമായി ചേര്‍ന്ന് സര്‍ക്കാര്‍ പ്രവര്‍ത്തിക്കും. വലിയ വ്യവസായങ്ങള്‍ വരുന്നതോടെ ചെറുകിട കമ്പോണന്റുകള്‍ നിര്‍മ്മിക്കുന്ന നൂറുകണക്കിന് ഉപസംരംഭങ്ങള്‍ പ്രാദേശികമായി വളര്‍ന്നുവരുമെന്നും ഇത് എല്ലാ വീടുകളിലും വരുമാനമെത്താനും സാമ്പത്തിക അഭിവൃദ്ധി ഉണ്ടാക്കാനും സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
പാലക്കാട് ജില്ല അതിവേഗത്തില്‍ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്. ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി വരുന്നതോടെ പാലക്കാടിന്റെ ചിത്രം തന്നെമാറുമെന്നും ഇന്ത്യയിലെ പ്രധാനപ്പെട്ട വ്യവസായ നഗരമായി പാലക്കാട് ജില്ല മാറുമെന്നും മന്ത്രി പറഞ്ഞു.
കിന്‍ഫ്രയുടേയും നാഷ്ണല്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെയും (NICDIT)സംയുക്ത സംരംഭമാണ് കേരള ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (KSIDC). പദ്ധതിയുടെ ഭാഗമായി പുതുശ്ശേരി (സെന്‍ട്രല്‍), പുതുശ്ശേരി (വെസ്റ്റ്), കണ്ണമ്പ്ര എന്നിവിടങ്ങളിലായി 1710 ഏക്കര്‍ സ്ഥലത്ത് 3806 കോടി രൂപയുടെ ചെലവിലാണ് ഇന്റഗ്രേറ്റഡ് മാനുഫാക്ചറിങ് ക്ലസ്റ്റര്‍ (ഐ എം സി) രൂപീകരിച്ചിരിക്കുന്നത്. 2024 ഓഗസ്റ്റിലാണ് കേന്ദ്രസര്‍ക്കാരിന്റെ അനുമതി പദ്ധതിക്ക് ലഭിച്ചത്. നൂതന അടിസ്ഥാന സൗകര്യങ്ങളോടെ, വന്‍ വികസനവും അമ്പത്തൊന്നായിരത്തോളം പേര്‍ക്ക് തൊഴില്‍ അവസരങ്ങളുമാണ് പദ്ധതിയുടെ ലക്ഷ്യം.
പരിപാടിയില്‍ എ പ്രഭാകരന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. വി.കെ ശ്രീകണ്ഠന്‍ എം പി, അഡീ.ചീഫ് സെക്രട്ടറി (വാണിജ്യം) എ പി എം മുഹമ്മദ് ഹനീഷ്, ജില്ലാ കളക്ടര്‍ എം എസ് മാധവിക്കുട്ടി, കിന്‍ഫ്ര മാനേജിങ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ്, പാലക്കാട് ഐ ഐ ടി ഡയറക്ടര്‍ പ്രൊഫ. എ ശേഷാദ്രി ശേഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
