നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കുന്ന വിധത്തിൽ പൊതുവിപണിയിൽ ഇടപെടാൻ സിവിൽ സപ്ലൈസ് കോർപ്പറേഷന് കഴിഞ്ഞിട്ടുണ്ടെന്ന് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. വേങ്ങാട് നിലവിലുള്ള മാവേലിസ്റ്റോര്‍ സൂപ്പര്‍‌മാർക്കറ്റായി പ്രവര്‍ത്തനമാരംഭിക്കുന്നതിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഓണനാളുകളിൽ വെളിച്ചെണ്ണ ഉൾപ്പെടെയുള്ള ഉൽപന്നങ്ങൾക്ക് അമിത വില ഈടാക്കിയപ്പോൾ സാധാരണക്കാരായ ജനങ്ങളെ ചേർത്തുപിടിക്കുന്ന രീതിയിൽ
പൊതു മാർക്കറ്റിലെ വിലക്കയറ്റം പിടിച്ചു നിർത്തുന്ന സംവിധാനമായി സപ്ലൈകോ മാറി. എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഒരു വേർതിരിവും ഇല്ലാതെ സേവനം ലഭ്യമാക്കാൻ സാധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

40 വർഷങ്ങളായി വേങ്ങാട് പ്രവർത്തിച്ചു വരുന്ന മാവേലി സ്റ്റോറാണ് സൂപ്പർ മാർക്കറ്റായി ഉയർത്തിയത്. സ്ഥാപനത്തിൽ നിന്നും എല്ലാവിധ നിത്യോപയോഗ സാധനങ്ങളും വിലക്കുറവിൽ ലഭിക്കും.

വേങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം ഒ.സി ബിന്ദു ആദ്യ വില്പന നടത്തി.