നവോത്ഥാന മൂല്യ സംരക്ഷണത്തിനായി ജനുവരി ഒന്നിന് തീർക്കുന്ന വനിതാ മതിലിൽ കേരളത്തിലെ മുഴുവൻ സ്ത്രീകളും പങ്കാളികളാകണമെന്നും ഇത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വനിതാശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ സെൻട്രൽ സ്‌റ്റേഡിയത്തിൽ സംഘടിപ്പിച്ച സധൈര്യം മുന്നോട്ട് എന്ന വനിതാ ശാക്തീകരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീ, ആർത്തവം, പൗരാവകാശം എന്ന വിഷയത്തിലാണ് പ്രചാരണം നടത്തുന്നത്.
നവോത്ഥാന മൂല്യ സംരക്ഷണത്തിനുള്ള മതിലിൽ പങ്കാളികളായി കേരളത്തിലെ വനിതകൾ നവോത്ഥാന മൂല്യങ്ങളുടെ കാവലാളുകളായി മാറും. കേരളത്തിന് ചൂണ്ടിക്കാണിക്കാനുള്ള നിരവധി അഭിമാനകരമായ മാതൃകയിൽ ഒന്നാവും ഇത്.
ആചാരങ്ങളുടെ പേരു പറഞ്ഞ് സമൂഹത്തിൽ നിലനിന്നിരുന്ന ജീർണതകളെ തിരികെ കൊണ്ടുവരാനാണ് ചിലരുടെ ശ്രമം. ദേശീയതലത്തിൽ ഭരണഘടനയോടെന്നപോലെ കേരളത്തിൽ നവോത്ഥാന മൂല്യങ്ങളെയാണ് വെല്ലുവിളിക്കുന്നത്. സുപ്രീം കോടതിയുടെ ശബരിമല വിധിയോടെ ഒളിയാക്രമണം പരസ്യമായിരിക്കുന്നു. വിശ്വാസികളായ സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ച് അണിനിരത്താനാണ് ശ്രമം. കേരളത്തിന്റെ പാരമ്പര്യം അറിയാതെയാണ് ഈ പാഴ്ശ്രമത്തിന് മുതിരുന്നത്. കേരളത്തിന്റെ നവോത്ഥാന പ്രക്രിയയിൽ സ്ത്രീകളും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. എന്നാൽ പലരുടേയും പേര് ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാഭ്യാസം, ആരോഗ്യം, ഉയർന്ന സാംസ്‌കാരിക ബോധം എന്നിവയിലെല്ലാം കേരളത്തിലെ സ്ത്രീകൾ മുന്നിലാണ്. ജീവശാസ്ത്രപരമായ പ്രത്യേകത കൊണ്ട് രണ്ടാം തരക്കാരായി കാണാനാണ് ചിലർ ശ്രമിക്കുന്നത്. സ്ത്രീകളെ മാറ്റി നിർത്താൻ ആർത്തവം അശുദ്ധമാണെന്ന് പ്രചരിപ്പിക്കുന്നു. സ്ത്രീകളുടെ മനുഷ്യാവകാശവും ഭരണഘടനാപരമായ പൗരാവകാശവും നിഷേധിക്കുന്നത് മനുഷ്യത്വരഹിതവും ഭരണഘടനാ വിരുദ്ധവുമാണ്. തങ്ങൾ മാറ്റിനിർത്തപ്പെടേണ്ടവരാണെന്ന് ഒരു വിഭാഗം സ്ത്രീകൾ ചിന്തിക്കുന്നതാണ് ഇതിനേക്കാൾ ഖേദകരം. സ്ത്രീകളെ ഇത്തരം മനോഭാവത്തിൽ നിന്ന് മോചിപ്പിക്കാൻ വലിയ ബോധവത്കരണമാണ് വേണ്ടത്.
ഓരോ ഘട്ടത്തിലും സാമൂഹ്യ പരിഷ്‌കരത്തിന് വലിയ എതിർപ്പുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. സതി നിറുത്തലാക്കിയത് ഇത്തരത്തിലായിരുന്നു. മാറുമറയ്ക്കൽ സമരവും മൂക്കുത്തി സമരവും വിജയിച്ചത് വലിയ എതിർപ്പുകളെ അതിജീവിച്ചാണ്. അസമത്വത്തിന്റേയും ചൂഷണങ്ങളുടെയും വിവേചനത്തിന്റേയും വലിയ ഇര സ്ത്രീകളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വലിയ തോതിൽ സ്ത്രീകളുടെ അവകാശങ്ങൾ ലംഘിക്കപ്പെടുന്നുണ്ടെന്ന് ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചർ പറഞ്ഞു. സ്ത്രീകൾക്കെതിരായ എല്ലാ അതിക്രമങ്ങളെയും പ്രതിരോധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വനിതാ ശിശുവികസന വകുപ്പ് സെക്രട്ടറിയുടെ ചുമതലയുള്ള ഡോ. ഷർമിള മേരി ജോസഫ്, ഡയറക്ടർ ഷീബ ജോർജ്, നിർഭയ സംസ്ഥാന കോഓർഡിനേറ്റർ നിശാന്തിനി, യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ചിന്താ ജെറോം, പ്ലാനിംഗ് ബോർഡ് അംഗം മൃദുൽ ഈപ്പൻ, സാമൂഹ്യ സുരക്ഷാ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് അഷീൽ, ജെൻഡർ അഡൈ്വസർ ടി. കെ. ആനന്ദി എന്നിവർ പങ്കെടുത്തു.