എൽ.പി, യു.പി സ്‌കൂളുകളെക്കൂടി ഉൾപ്പെടുത്തി കേരളത്തിലെ എല്ലാ സ്‌കൂളുകളെയും അടുത്ത പ്രവേശനോത്സവത്തിനു മുൻപായി ഹൈടെക്കാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. അടുത്ത അധ്യായന വർഷത്തോടെ പൊതു വിദ്യാലയങ്ങളിലെ പഠന നിലവാരവും അന്താരാഷ്ട്ര നിലവാരത്തിലേക്കു കടക്കുകയാണ്. ഇതിന്റെ ഭാഗമായി പുതിയ പാഠ്യപദ്ധതി അടുത്ത വർഷം മുതൽ നിലവിൽ വരും.
നിലവിൽ 45,000 ക്ലാസ് മുറികൾ ഹൈടെക്കാക്കി മാറ്റാൻ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ കഴിഞ്ഞു. സർക്കാർ സ്‌കൂളുകളിൽ അവശ്യമായ പാഠ്യോപകരണങ്ങൾ കൃത്യ സമയത്ത് എത്തിക്കും. അക്കാദമിക നിലവാരം അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാൻ അധ്യാപകരും വിദ്യാർഥികളുംകൂടി മുൻകൈയെടുക്കണമെന്നും വിദ്യാഭ്യാസ മന്ത്രി അഭ്യർഥിച്ചു.
വിതുര വൊക്കേഷണൽ ഹയർസെക്കന്ററി സ്‌കൂളിൽ കഴിഞ്ഞ മൂന്നു വർഷത്തിനിടെ ജില്ലാ പഞ്ചായത്ത് നടത്തിയ എട്ടു കോടി രൂപയുടെ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്താരാഷ്ട്ര മികവിൽ വിതുര വി.എച്ച്.എസ്.എസ്
  • ·2.40 കോടി ചെലവിൽ അത്യാധുനിക സംവിധാനങ്ങളോടെ ബഹുനില മന്ദിരം
  • ·പെൺകുട്ടികൾക്കായി രണ്ട് അമിനിറ്റി സെന്ററുകൾ
സംസ്ഥാനത്തെ സ്‌കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന പദ്ധതിയുടെ ഭാഗമായി വിതുര വൊക്കേഷണൽ ഹയർസെക്കന്ററി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ എട്ടു കോടി രൂപയുടെ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മന്ത്രിമാരായ പ്രൊഫ. സി. രവീന്ദ്രനാഥും കടകംപള്ളി സുരേന്ദ്രനും ചേർന്നു നിർവഹിച്ചു. അത്യാധുനിക സംവിധാനങ്ങളോടു കൂടിയ ബഹുനില കെട്ടിടത്തിന്റെയും പ്രവേശന കവാടത്തിന്റെയും പെൺകുട്ടികൾക്കായുള്ള അമിനിറ്റി സെന്റർ ‘മാനസ’ യുടെയും ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥും രംഗവേദിയുടെ ഉദ്ഘാടനം സഹകരണ-ടൂറിസം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രനും നിർവഹിച്ചു.
മൂന്നു കൊല്ലം കൊണ്ട് വിതുര സ്‌കുളിൽ നടന്ന വികസനം മാതൃകാപരമാണെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. സകൂളിന്റെ തുടർ വികസനത്തിനായി മൂന്നു കോടി രൂപകൂടി സർക്കാർ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര നിലവാരത്തെപ്പോലും കടത്തിവെട്ടുന്ന വികസനമാണ് വിതുര വി.എച്ച്.എസ്.എസിൽ കാണാൻ കഴിയുന്നതെന്ന് കടകംപള്ളി സുരേന്ദ്രനും പറഞ്ഞു.
വിതുര സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനായത് കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. മധു പറഞ്ഞു. സ്‌കൂൡു വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്ത ഫർണിച്ചറുകൾ അധികം വൈകാതെ എത്തിക്കുമെന്നും വിവാദത്തിലല്ല വികസനത്തിലാണ് ജില്ലാ പഞ്ചായത്ത് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിതുര ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരി, തൊളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംന നവാസ്, ജില്ല-ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വിതുര വി.എച്ച്.എസ്.എസ് പ്രിൻസിപ്പാൾ ഡോ. എസ്. ഷീജ റിപ്പോർട്ട് അവതരിപ്പിച്ചു.