സമഗ്ര ജലപുനരുജ്ജീവനത്തിന് മുൻതൂക്കം നൽകി ഹരിതകേരളം മിഷൻ മൂന്നാം വർഷത്തിലേക്ക്. കഴിഞ്ഞ രണ്ടുവർഷത്തിനിടെ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ജില്ലയിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. സമഗ്ര ശുചിത്വ മാലിന്യസംസ്‌കരണ ഉപാധികൾ മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങിലും ഉറപ്പുവരുത്തിയും ഹരിതനിയമാവലി സർക്കാർ, സർക്കാരിതര ചടങ്ങുകളിൽ പ്രായോഗികമാക്കിയുമാണ് മിഷൻ മൂന്നാം വർഷത്തിലേക്ക് കടക്കുന്നത്. ജില്ലയിലെ മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും കുടുംബശ്രീ മിഷന്റെ സൂക്ഷ്മതല സംരംഭകത്വ യൂണിറ്റുകളായ ഹരിതകർമസേന രൂപീകരിക്കുകയും അജൈവ മാലിന്യശേഖരണ കേന്ദ്രങ്ങൾ തയ്യാറാക്കുകയും ചെയ്തു.
പുനരുപയോഗ സാധ്യതയില്ലാത്ത പ്ലാസ്റ്റിക് പൊടിക്കുന്ന രണ്ടു കേന്ദ്രങ്ങൾ ജില്ലയിൽ സ്ഥാപിച്ചു. വരും ദിവസങ്ങളിൽ റോഡ് ടാറിങിനായി പൊടിച്ച പ്ലാസ്റ്റിക്കുകൾ ഉപയോഗിക്കും. പ്രളയത്തിനുശേഷം ഹരിതകേരളം മിഷൻ നേതൃത്വം നൽകിയ മിഷൻ ക്ലീൻ വയനാട് സംസ്ഥാനതലത്തിൽ ശ്രദ്ധ നേടിയിരുന്നു. ആഗസ്ത് 30നു സംഘടിപ്പിച്ച ഏകദിന മഹാശുചീകരണത്തോടെ 636 ടൺ അജൈവമാലിന്യം ജില്ലയിൽ നിന്നു നീക്കം ചെയ്തു. തുടർന്ന് വ്യാവസായിക പരിശീലന വകുപ്പുമായി സഹകരിച്ച് പ്രളയത്തിൽ കേടുവന്ന ഇലട്രോണിക് ഉപകരണങ്ങൾ നന്നാക്കാൻ ക്യാമ്പുകൾ സംഘടിപ്പിച്ചു. പനമരം പഞ്ചായത്തിൽ വെള്ളം കയറിയ വീടുകളിലെ റീ വയറിങിന് നൈപുണ്യ കർമസേനയുടെ സാങ്കേതിക സഹായം ലഭ്യമാക്കി. ജില്ലയിൽ തിരഞ്ഞെടുത്ത പഞ്ചായത്തുകളിലും മൂന്നു നഗരസഭകളിലും പ്രളയാനന്തര കിണർ ജല ഗുണനിലവാര പരിശോധന മലിനീകരണ നിയന്ത്രണ ബോർഡിന്റെ സഹകരണത്തോടെ നടത്തി. എട്ടു ടൺ ഇലക്‌ട്രോണിക് മാലിന്യവും വിവിധ സർക്കാർ ഓഫിസുകളിൽ നിന്നു ക്ലീൻ കേരള കമ്പനി മുഖേന കയറ്റിയയച്ചു.
മാലിന്യത്തിന്റെ അളവ് കുറയ്ക്കാനുള്ള ഗ്രീൻ പ്രോട്ടോകോൾ എല്ലാ സർക്കാർ ഓഫീസുകളിലും കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ പ്രാബല്യത്തിൽ വന്നു. വിവിധ പൊലീസ് സ്റ്റേഷനുകൾ, വിദ്യാലയങ്ങൾ, സർക്കാർ ഓഫീസുകൾ എന്നിവ പദ്ധതിയിലൂടെ പരിധിയിൽപ്പെടുന്നു. ജില്ലാ വാണിജ്യനികുതി ഓഫീസ് ഹരിതചട്ടം പാലിക്കുന്നതിൽ മാതൃകാ ഓഫിസായി തുടരുകയാണ്.
പുഴകളെ മാലിന്യമുക്തവും ശുദ്ധജലസമ്പന്നവും കൈയേറ്റമില്ലാത്തതുമായ ജലസ്രോതസ്സായി പരിപാലിക്കുന്നതിനുളള ജനകീയ സംരംഭം സമയബന്ധിതമായി നടപ്പാക്കുന്നതിനായി വർക്കിങ് ഗ്രൂപ്പ് അംഗങ്ങൾക്കായി മാതൃകാ പുഴപഠന പരിപാടി സംഘടിപ്പിച്ചു. തുടർന്ന് തത്സ്ഥിതി റിപോർട്ട് തയ്യാറാക്കി ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങൾ രേഖപ്പെടുത്തി. വാർഷിക ദിനമായ ശനിയാഴ്ച പഞ്ചായത്തുകളിൽ തോട് ശുചീകരണവും കബനി പുനരുജ്ജീവന പ്രവർത്തനങ്ങളും സംഘടിപ്പിച്ചു. കൂടാതെ തൽസ്ഥിതി സർവേ ചെയ്യുന്ന പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി തോടുകളുടെ പുനരുജ്ജീവനം ബഹുജന പങ്കാളിത്തത്തോടെ നടപ്പാക്കാനുമാണ് ലക്ഷ്യമിടുന്നത്. 84 ചെക്ഡാമുകളുടെ നിർമാണം, 74 കുളങ്ങളുടെ നവീകരണം എന്നിവയും ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി ഇതിനകം നടത്തി. ചെറുകിട ജലസേചനവകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനീയർ കൺവീനറായ ജില്ലാ സാങ്കേതിക സമിതിയാണ് നീർത്തട മാസ്റ്റർപ്ലാൻ പൂർത്തീകരണത്തിന് ചുക്കാൻ പിടിക്കുന്നത്.