ദേവികുളത്ത് ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിലിന്റെ കൈവശമുള്ള അഞ്ച് ഏക്കര്‍ റവന്യൂ ഭൂമിയില്‍ ടൂറിസം പദ്ധതിക്കായി മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ തീരുമാനം. മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയില്‍ ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ടിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഡിടിപിസി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഇവിടുത്തെ ഭൂപ്രകൃതിക്ക് അനുയോജ്യമായ വിധത്തില്‍ കോണ്‍ഫറന്‍സ് ഹാളും ഗസ്റ്റ് ഹൗസും ഉള്‍പ്പെടെയുള്ള പദ്ധതി തയാറാക്കാനാണ് തീരുമാനം. പൊതുമരാമത്ത് വകുപ്പ്, ഡിടിപിസി, ദുരന്തനിവാരണ അതോറിറ്റി ഹസാര്‍ഡ് അനലിസ്റ്റ് എന്നിവരുള്‍പ്പെടുന്ന സംഘം സ്ഥലം സന്ദര്‍ശിച്ച് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും. ആയിരം പേര്‍ക്ക് ഇരിക്കാവുന്ന കോണ്‍ഫറന്‍സ് ഹാള്‍, വിഐപി ഹാള്‍ എന്നിവ നിര്‍മ്മിക്കാനാകുമോ എന്ന് പരിശോധിക്കും. കോണ്‍ഫറന്‍സ് ഹാള്‍ ആരംഭിക്കാനായാല്‍ മൂന്നാറില്‍ ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് പോലുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന് യോഗം വിലയിരുത്തി.വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്കിലെ രണ്ട് ടോയ്ലെറ്റുകളുടെയും മൂന്നാര്‍ ടൗണിലെ ടോയ്ലെറ്റ് കെട്ടിടത്തിന്റെയും അറ്റകുറ്റപ്പണിക്കായുള്ള എസ്റ്റിമേറ്റിന് യോഗം അംഗീകാരം നല്കി. ഹില്‍വ്യൂ പാര്‍ക്കില്‍ പാര്‍ക്കിംഗ് ഏരിയ വികസിപ്പിക്കുന്നതിന് 35 ലക്ഷം രൂപ വിനിയോഗിക്കുന്നതിനുള്ള എസ്റ്റിമേറ്റിനും അംഗീകാരം നല്കി.
ഡിടിപിസിയുടെ തനത് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം പുരോഗമിക്കുന്ന രാമക്കല്‍മേട് ടൂറിസം കേന്ദ്രം അറ്റകുറ്റപ്പണികള്‍, വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്ക് വാച്ച് ടവര്‍ പെയിന്റിംഗ്, പാര്‍ക്കിലെ യുജി കേബിള്‍ ജോലികള്‍, പാഞ്ചാലിമേട് ടൂറിസം കേന്ദ്രം അറ്റകുറ്റപ്പണികള്‍ തുടങ്ങിയ ജോലികള്‍ അവസാനഘട്ടത്തിലാണെന്ന് യോഗത്തില്‍ അറിയിച്ചു.
ഡിടിപിസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സി.വി. വര്‍ഗീസ്, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എസ്. ഷൈന്‍, ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ്, വിവിധ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
