ലിംഗപരമായ വിവേചനങ്ങള്‍ ഇല്ലാതാക്കി സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക എന്നുളളത് പൊതുസമൂഹത്തിന്റെ ഉത്തരവാദിത്ത്വമാണെന്ന് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. സ്ത്രീകളും പിന്നോക്ക വിഭാഗക്കാരും ഇന്ന് അനുഭവിക്കുന്ന മനുഷാവകാശങ്ങള്‍ എല്ലാം നവോത്ഥാന പുരോഗമന പ്രസ്ഥാനങ്ങള്‍ നടത്തിയ വലിയ പരിശ്രമങ്ങളുടെ ഫലമായാണെന്നും അത് കാത്തു സൂക്ഷിക്കാന്‍ പുതുതലമുറ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യാവകാശദിനാചരണത്തിന്റെ ഭാഗമായി വനിതാ ശിശു വികസനവകുപ്പിന്റെ അഭിമുഖ്യത്തില്‍ സ്ത്രീ-ആര്‍ത്തവം-പൗരാവകാശം എന്ന വിഷയത്തില്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്തില്‍ ഹാളില്‍ സംഘടിപ്പിച്ച സിമ്പോസിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീനാ പ്രഭ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ നിര്‍മ്മലാ ദേവി വിഷയാവതരണം നടത്തി. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ.ഒ.അബീന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. രാധാകൃഷ്ണന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ആര്‍.ഷീല, നിഖിലാ ജിജു തരകന്‍, ശിശു വികസന ഓഫീസര്‍മാരായ  സുജ, റാണി, അങ്കണവാടി പ്രവര്‍ത്തകര്‍, കൗണ്‍സിലര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.