ആലപ്പുഴ: ജില്ലയിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണാനായി ജില്ല ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ ആലപ്പി വാട്ടർചലഞ്ച് എന്ന പദ്ധതിക്ക് തുടക്കമായി. ഐക്യരാഷ്ട്രസഭയുടെ ദുരന്തനിവാരണ പദ്ധതിയുടെ മേധാവി മുരളി തുമ്മരുകുടി ജനീവയിൽ നിന്നും ഫേസ്ബുക്ക് ലൈവിലുടെ പദ്ധതി ഉദ്ഘാടനം ചെയ്തു. പൊതുജന പങ്കാളിത്തത്തോടെ ജില്ലയിൽ ആറു മാസത്തിനുള്ളിൽ 1000 ആർ.ഒ പ്ലാന്റുകൾ സ്ഥാപിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ചടങ്ങിൽ പദ്ധതിയുടെ വെബ്‌സൈറ്റ് http://www.alleppeywaterchallenge.org അക്ഷരലക്ഷം പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ 96 വയസുള്ള കാർത്ത്യായനി അമ്മ പ്രകാശനം ചെയ്തു. ചലഞ്ചിൽ പങ്കെടുക്കാൻ വ്യക്തികൾ, കോർപ്പറേറ്റുകൾ, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക സംഘടനകൾ, ജനപ്രതിനിധികൾ തുടങ്ങി നാനാതുറകളിലുള്ളവരെ പദ്ധതിയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ ജില്ല കളക്ടർ എസ്.സുഹാസ് ക്ഷണിച്ചു. ജില്ലയിൽ ജലസ്രോതസ്സുകൾ ധാരാളമുണ്ടെങ്കിലും അവയിലെ ജലം മലിനമായതിനാൽ കുടിക്കാൻ ഉപയോഗിക്കാനാകില്ലെന്നും അതാണ് ഇത്തരമൊരു പരിപാടിക്ക് തുടക്കം കുറിക്കാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയിലൂടെ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ കുടിവെള്ള യൂണിറ്റുകൾ സ്‌പോൺസർ ചെയ്യാൻ വ്യക്തികളുടെയും സംഘടനകളുടെയും സഹായം അഭ്യർഥിച്ചു. താൽപര്യമുള്ളവർക്ക് വെബ്‌സൈറ്റ് സന്ദർശിച്ച് പദ്ധതിയിൽ പങ്കാളികളാകാം. സ്ഥാപിക്കുന്ന ഓരോ യൂണിറ്റിന്റെയും ഉദ്ഘാടനം നിർവഹിക്കുന്നത് അത് സ്ഥാപിക്കുന്നവർ തന്നെയായിരിക്കും. പദ്ധതി വിജയകരമാക്കാൻ എല്ലാവരുടെയും പിന്തുണ കളക്ടർ അഭ്യർഥിച്ചു.