* ആശയ പ്രചാരണം സർക്കാർ നടത്തും
വനിതാ മതിൽ സൃഷ്ടിക്കാനും വനിതകളെ മതിലിൽ പങ്കെടുപ്പിക്കാനും സർക്കാർ പണം ഉപയോഗിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ നാം മുന്നോട്ടിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേ സമയം സർക്കാർ ആശയ പ്രചാരണം നടത്തും.
വനിതാ മതിൽ ഒരു സാമൂഹ്യ മുന്നേറ്റമാണ്. നവോത്ഥാന സംഘടനകൾ തന്നെ സ്ത്രീകളെ കൊണ്ടുവരും. വനിതാ മതിലിൽ പങ്കെടുക്കുന്നതിൽ നിന്ന് സ്ത്രീകളെയും സാമൂഹ്യ സംഘടനകളെയും തടയാൻ ശ്രമം നടക്കുന്നുണ്ട്. എന്നാൽ ഈ നീക്കത്തെ തട്ടിമാറ്റി വലിയ മുന്നേറ്റം ഉണ്ടാവും.
സ്ത്രീ ശാക്തീകരണത്തിന് സർക്കാർ ഏറെ പ്രാധാന്യം നൽകുന്നു. പോലീസിൽ 15 ശതമാനം വനിതാ നിയമനം നടത്താൻ ഉടൻ നടപടി സ്വീകരിക്കും. എക്സൈസിലും സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കും. ഓരോ വകുപ്പിലും സ്ത്രീകൾക്കായി പ്രത്യേക പരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ട്. സമൂഹത്തിലെ ഭൂരിപക്ഷം സ്ത്രീകളും സമത്വം ആഗ്രഹിക്കുന്നുണ്ട്.
വനിതാ മതിൽ ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന്റേതല്ല. ജാതിമത ഭേദമില്ലാതെ എല്ലാവരെയും സ്വാഗതം ചെയ്യും. ആചാരങ്ങളുടെ പേരിൽ ഈ മുന്നേറ്റം തടയാനാവില്ല. ആചാരങ്ങൾ ലംഘിക്കാനുള്ളതാണെന്നാണ് കേരളത്തിലെ നവോത്ഥാന നായകർ പഠിപ്പിച്ചത്. അത് മറക്കരുത്. ശ്രീനാരായണ ഗുരു അരുവിപ്പുറത്ത് പ്രതിഷ്ഠ നടത്തിയത് ഇങ്ങനെയൊരു ആചാര ലംഘനമായിരുന്നു. പാഠ്യപദ്ധതിയിൽ നവോത്ഥാന മൂല്യങ്ങൾ ഉൾപ്പെടുത്തുന്നതിന് പ്രാമുഖ്യം നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പോളിസി അനലിസ്റ്റ് ഡോ. മീരാ വേലായുധൻ, കേരള ദളിത് ഫെഡറേഷൻ നേതാവ് പി. രാമഭദ്രൻ, ഗായിക പുഷ്പവതി പൊയ്പ്പാടത്ത്, എഴുത്തുകാരൻ എസ്.പി. നമ്പൂതിരി, എഴുത്തുകാരിയും അധ്യാപികയുമായ പ്രൊഫ. മീന ടി. പിള്ള, അഭിനേത്രി വിജയകുമാരി, എം.ജി യൂണിവേഴ്സിറ്റി മുൻ പ്രോ വി.സി ഷീന ഷുക്കൂർ എന്നിവരായിരുന്നു അതിഥികൾ. വീണ ജോർജ് എം.എൽ.എ അവതാരകയായിരുന്നു.