സംരംഭകത്വ വികസനത്തിന് പ്രോത്സാഹനം നൽകാൻ പ്രചാരണവുമായി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സ്വയംതൊഴിൽ വിഭാഗം. തൊഴിൽ റിക്രൂട്ട്‌മെന്റ് എന്ന സംവിധാനത്തിലുപരിയായ വിവിധ സംരംഭങ്ങളിലൂടെ സാമ്പത്തിക ഭദ്രതയും സ്ഥിരം തൊഴിലും ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ജില്ലയിലെ താലൂക്ക് ആസ്ഥാനങ്ങളിൽ സ്വയം തൊഴിൽ സംരംഭകത്വ മാർഗ്ഗനിർദ്ദേശ പ്രചാരണ പരിപാടികൾ ആരംഭിച്ചു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നടപ്പിലാക്കുന്ന വിവിധ സംരഭകത്വ പദ്ധതികളെ ഉദ്യോഗാർത്ഥികളെ പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. തുടർന്ന് താത്പര്യമുള്ളവർക്ക് സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള സാഹചര്യം ഒരുക്കി കൊടുക്കും. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്‌ട്രേഷൻ നിലവിലുള്ളവർക്കു മാത്രമാണ് പദ്ധതിയുടെ ഗുണം ലഭിക്കുക. സബ്‌സിഡി, പലിശ രഹിത ലോണുകളും അർഹതപ്പെട്ട അപേക്ഷകർക്ക് ലഭ്യമാക്കും.
ജില്ലയിൽ മാത്രം ഒരുലക്ഷത്തോളം തൊഴിലന്വേഷകർ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. ഇവരെ കൂടാതെ പുതുതായി രജിസ്റ്റർ ചെയ്യുന്നവർ വേറെയുമുണ്ട്. തൊഴിലന്വേഷകരുടെ എണ്ണത്തിന് അനുസൃതമായ തൊഴിലവസരം പ്രധാന പ്രശ്‌നമാണ്. ഈ സാഹചര്യത്തിൽ തൊഴിൽ അന്വേഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ആകർഷകമായ തൊഴിൽ സംരംഭങ്ങൾ തുടങ്ങാനുള്ള പ്രോത്സാഹനം നൽകുകയാണ് ഉദ്ദേശ്യം. സംരംഭകത്വ വികസനത്തിലൂടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കഴിയും. ഭാവിയിൽ എംപ്ലോയ്‌മെൻ് എക്‌സ്‌ചേഞ്ചുകളെ മോഡൽ കരീയർ കേന്ദ്രങ്ങളാക്കാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് പ്രചാരണം സംഘടിപ്പിക്കുന്നത്.
പ്രധാനമായും കേരള സെൽഫ് എംപ്ലോയ്‌മെന്റ് സ്‌കീം ഫോർ ദി രജിസ്‌ട്രേഡ് അൺഎംപ്ലോയിഡ് (കെസ്‌റു), മൾട്ടിപർപ്പസ് ജോബ്/ സർവീസ് സെന്റർ, ശരണ്യ, കൈവല്യ തുടങ്ങിയ സ്വയംതൊഴിൽ പദ്ധതികളാണ് തൊഴിൽ വകുപ്പ് മുഖാന്തിരം നടപ്പാക്കുന്നത്. ശരണ്യ, കൈവല്യ പദ്ധതികൾ കഷ്ടതയനുഭവിക്കുന്ന സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും വകുപ്പ് നേരിട്ടു നടപ്പാക്കുന്നവയാണ്. അരലക്ഷം രൂപവരെ പലിശ രഹിത വായ്പ പദ്ധതിയിലൂടെ ലഭിക്കും. ശരണ്യ ഗുണഭോക്താക്കൾക്ക് വിവിധ സ്വയംതൊഴിൽ മേഖലകളിൽ ഗ്രാമീണ സ്വയംതൊഴിൽ കേന്ദ്രം മുഖേന ഏഴുദിവസത്തെ പരിശീലനം നൽകും. കെസ്‌റു, മൾട്ടിപർപ്പസ് ജോബ് ക്ലബ്ബുകൾ വിവിധ ധനകാര്യസ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. വ്യക്തിഗത സംരംഭ പദ്ധതിയായ കെസ്‌റുവിന് പരമാവധി ഒരുലക്ഷം വരെ വായ്പ ലഭിക്കും. വായപയുടെ 20 ശതമാനം സബ്‌സിഡിയായി സംരംഭകരുടെ ലോൺ അക്കൗണ്ടിൽ നിക്ഷേപിക്കും. ജോബ് ക്ലബിന് പരമാവധി 10 ലക്ഷം രൂപയാണ് വായ്പയായി ലഭിക്കുക. പദ്ധതി ചെലവിന്റെ 25 ശതമാനം സബ്‌സിഡിയായി അനുവദിക്കും. കൂടാതെ ജോബ് ക്ലബ് ഗുണഭോക്താക്കൾക്ക് സംരംഭകത്വ വികസന പരിശീലനവും നൽകുന്നുണ്ട്. അർഹതയും മുൻഗണനയും പരിശോധിച്ചാണ് അപേക്ഷകൾ പരിഗണിക്കുക. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനും ജില്ലാ കളക്ടർ, ജില്ലാ ലീഡ് ബാങ്ക് മാനേജർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ഉൾപ്പെട്ട ജില്ലാതല സമിതിയാണ് അപേക്ഷയുടെ അർഹത പരിശോധിച്ച് ബാങ്കുകൾക്ക് ശുപാർശ ചെയ്യുക.
കെസ്‌റു, മൾട്ടിപർപ്പസ് ജോബ് ക്ലബ് പദ്ധതിയിലൂടെ സംരംഭം തുടങ്ങുന്നവരെ സ്ഥിരം തൊഴിലവസരങ്ങൾക്ക് മാത്രമേ പരിഗണിക്കു. എന്നാൽ ശരണ്യ, കൈവല്യ പദ്ധതികളുടെ ഗുണഭോക്താക്കളെ താത്കാലികവും സ്ഥിരവുമായ നിയമനങ്ങൾക്കും പരിഗണിക്കും. സ്വയംതൊഴിൽ പദ്ധതികളിലൂടെ സംരംഭം തുടങ്ങാൻ വായ്പ ലഭിക്കുന്നവർക്ക് തുടർന്ന് തൊഴിൽരഹിത വേതനം ലഭിക്കുകയില്ലെന്ന നിബന്ധനയുണ്ട്.
സ്വയംതൊഴിൽ പദ്ധതികളുടെ സൗജന്യ അപേക്ഷ ഫോറത്തിനും കൂടുതൽ വിവരങ്ങൾക്കും അടുത്തുള്ള ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ, ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ സ്വയംതൊഴിൽ വിഭാഗമായോ ബന്ധപ്പെടാം. അപേക്ഷ ഫോം www.employmentkerala.gov.in നിന്നും ഡൗൺലോഡ് ചെയ്‌തെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് – 04936 202534, deewyd.emp.lbr@kerala.gov.in.
631 വ്യക്തിഗത സംരംഭങ്ങളും
25 സംരംഭ കൂട്ടായ്മയും
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സ്വയംതൊഴിൽ വിഭാഗത്തിന്റെ സഹകരണത്തോടെ കെസ്‌റു പദ്ധതിയിലൂടെ 631 വ്യക്തിഗത സംരംഭങ്ങളും മൾട്ടിപർപ്പസ് ജോബ് ക്ലബ്ബുകളിലൂടെ 25 സംരംഭ കൂട്ടായ്മയും ജില്ലയിൽ ആരംഭിച്ചിട്ടുണ്ട്. കെസ്‌റുവിലൂടെ വ്യക്തിഗത സംരംഭങ്ങൾ തുടങ്ങിയവരിൽ 368 പുരുഷൻമാരും 263 സ്ത്രീകളുമുണ്ട്. ഈ സാമ്പത്തിക വർഷം നവംബർ വരെ 26 സംരംഭങ്ങൾ തുടങ്ങാനും കഴിഞ്ഞിട്ടുണ്ട്. ചെറുകിട, മൃഗപരിപാലനം, തയ്യൽ തുടങ്ങിയ സംരംഭങ്ങളാണ് പ്രധാനമായും ആരംഭിച്ചത്. മൾട്ടിപർപ്പസ് ജോബ് ക്ലബുകളിലൂടെ ഇതുവരെ 25 സംരംഭ കൂട്ടായ്മകൾ ആരംഭിക്കാൻ കഴിഞ്ഞിട്ടുണ്ട്. 16 ചെറുകിട വ്യവസായങ്ങളും രണ്ട് മൃഗപരിപാല (ഫാമുകൾ) സംരംഭങ്ങൾക്കും സാഹചര്യമൊരുക്കാൻ കഴിഞ്ഞു. ഏഴ് ബിസിനസ് സംരംഭങ്ങളും ജോബ് ക്ലബുകളിലൂടെ ആരംഭിച്ചു. ഈ സാമ്പത്തിക വർഷം ജില്ലയിൽ ഭക്ഷണശാലകളടക്കമുള്ള നാല് സംരംഭങ്ങളും തുടങ്ങാൻ പദ്ധതിയിലൂടെ കഴിഞ്ഞിട്ടുണ്ട്.