ആലപ്പുഴ പ്രളയമതിജീവിച്ച ആലപ്പുഴയ്ക്ക് മഹാരാഷ്ട്ര സർക്കാരിന്റെ സ്‌നേഹോപഹാരം. ആധുനിക സജ്ജീകരണങ്ങളോടുകൂടിയ സ്പീഡ് ബോട്ടാണ് മഹാരാഷ്ട്ര ധനകാര്യ- ആസൂത്രണ വകുപ്പ് മന്ത്രി ദീപക് വസന്ത് റാവു ജില്ല ഭരണകൂടത്തിന് സമർപ്പിച്ചത്.
ആലപ്പുഴയുമായി നല്ല അടുപ്പം സൂക്ഷിക്കുന്ന ദീപക് വസന്ത് റാവു പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചിരുന്നു.
അതോടൊപ്പം് നാടിന്റെ പുനർനിർമാണത്തിന് സഹായവും വാഗ്ദാനം ചെയ്തിരുന്നു. ഇതിനെതുടർന്നാണ് പന്ത്രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന സ്പീഡ് ബോട്ട് ആലപ്പുഴയ്ക്ക് നൽകിയത്. മുംബൈയിലെ ലഖി ഗ്രൂപ്പിന്റെ സംഭാവനയാണ് സ്പീഡ് ബോട്ട്. സമുദ്ര ഷിപ്പ്യാർഡാണ് ബോട്ട് നിർമ്മിച്ചിരിക്കുന്നത്.

ഭൂപ്രകൃതിയിൽ ആലപ്പുഴയോട് സാമ്യമുള്ള മഹാരാഷ്ട്രയിലെ സിന്ധുദുർഗ് എന്ന ജില്ലയുടെ പ്രതിനിധിയാണ് ദീപക് വസന്ത് റാവു. രണ്ട് ദശാബ്ദങ്ങളായി അദ്ദേഹം കേരളം സന്ദർശിക്കുന്നുണ്ട്. കയർ വ്യവസായവുമായി ബന്ധപ്പെട്ട് ഗ്രാമീണ സ്ത്രീകൾക്ക് വേണ്ടി ചേർത്തല ടി.എം. എം.സി മാതൃകയിലുള്ള വ്യപാരവികസന കേന്ദ്രങ്ങളും അദ്ദേഹ്ത്തിന്റെ മണ്ഡലത്തിൽ സ്ഥാപിച്ചിട്ടുണ്ട്.
നെഹ്‌റു ട്രോഫി ഫിനിഷിംഗ് പോയിന്റ് ബോട്ട് ജെട്ടിയിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ എസ്. സുഹാസിന് മന്ത്രി ബോട്ട് കൈമാറി. ചടങ്ങിൽ മുംബൈ ലഖി ഗ്രൂപ്പ് പ്രതിനിധി ഗിരിധരിലാൽ ലഖി, ഡി. ടി.പി. സി. സെക്രട്ടറി എം. മാലിൻ, റവന്യു വകുപ്പ് തഹസിൽദാർ സി. പ്രേംജി എന്നിവർ പങ്കെടുത്തു.