ത്രിവേണി- പമ്പ റൂട്ടില്‍ മൂന്ന് സൗജന്യ സര്‍വ്വീസ്
ശബരിമല: പമ്പയില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി ഈ ആഴ്ച അവസാനത്തോടെ ഇന്റര്‍ സ്റ്റേറ്റ് സര്‍വ്വീസ് തുടങ്ങുന്നു. പളനി, തെങ്കാശി, മധുര, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേക്കാണ് അയ്യപ്പഭക്തരുടെ ആവശ്യാനുസരണം ബസ് സര്‍വ്വീസ് തുടങ്ങുന്നത്. പമ്പയില്‍ ഇതിനാവാശ്യമായ സജ്ജീകരണങ്ങളായി. ഇന്റര്‍ സ്റ്റേറ്റ് സര്‍വ്വീസിനായി 20 ബസുകളാണ് ഒരുക്കിയിരിക്കുന്നത്. ഇതിന് പുറമെ ചെങ്ങന്നൂര്‍, കോട്ടയം, കുമളി, എരുമേലി, എറണാകുളം, തൃശൂര്‍,ഗുരുവായൂര്‍, വര്‍ക്കല, തിരുവനന്തപരം, തിരുവല്ല മേഖലകളിലേക്ക് ദിനംപ്രതി കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് നടത്തുന്നുണ്ട്. ഇതിനായി 40 ബസുകളാണുള്ളത്. മലകയറും മുമ്പ് കെ.എസ്.ആര്‍.ടി.സിയില്‍ ഓഫ്ലൈനായി സീറ്റ് ബുക്ക് ചെയ്യാനും സൗകര്യമേര്പ്പെടുത്തിയിട്ടുണ് ട്. അയ്യപ്പദര്‍ശനം കഴിഞ്ഞ് മലയിറങ്ങുന്ന ഭക്തരുടെ തോത് അനുസരിച്ച് സര്‍വ്വീസ് ക്രമീകരിക്കാനാണിത്. ഇതിനെല്ലാം പുറമെ ത്രിവേണി- പമ്പ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി അയ്യപ്പഭക്തര്‍ക്കായി മൂന്ന് സൗജന്യ ബസ് സര്‍വ്വീസും ആരംഭിച്ചിട്ടുണ്ട്. മൂന്ന് സെക്ടറുകളിലായി എ.സി, നോണ്‍ എ.സി ബസുകളാണ് ചെയിന്‍ സര്‍വ്വീസായി കെ.എസ്.ആര്‍.ടി.സി പമ്പയില്‍ നിന്ന് ക്രമീകരിച്ചിട്ടുള്ളത്. ഡിസംബര്‍ 10ന് 8447 അയ്യപ്പന്‍മാരാണ് ഓണ്‍ലൈനായി കെ.എസ്.ആര്‍.ടി.സിയില്‍ പമ്പയിലേക്കുള്ള സീറ്റ് ഉറപ്പാക്കിയത്. ഇതില്‍ 1401 പേര്‍ എ.സി ബസുകളും 7046 ഭക്തര്‍ നോണ്‍ എ.സി ബസുകളെയുമാണ് ആശ്രയിച്ചത്. ഡിസംബര്‍ 11ന് 5300 ഭക്തര്‍ ഓണ്‍ലൈനായി ബുക്ക് ചെയ്തപ്പോള്‍ 1131 പേര്‍ എ.സി ബസുകളാണ് തെരഞ്ഞെടുത്തത്. ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും ഉള്‍പ്പെടെ 54 പേരും 41 മെക്കാനിക്കല്‍ ജീവനക്കാരും പമ്പയില്‍ കെ.എസ്.ആര്‍.ടി.സിയ്ക്കായി ചുമതലയിലുണ്ട്. ഇതിന് പുറമെ രണ്ട് ആംബുലന്‍സ് ഡ്രൈവര്‍മാരുമുണ്ട്. കെ.എസ്.ആര്‍.ടി.സി സ്‌പെഷ്യല്‍ ഓഫീസര്‍ ഡി ഷിബുകുമാര്‍, അസിസ്റ്റന്റ് സ്‌പെഷ്യല്‍ ഓഫീസര്‍ സുനില്‍കുമാര്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തുന്നത്. ഫോണ്‍: 04735203445, 9447570044.