സംസ്ഥാന ശിശുക്ഷേമ സമിതി ഏർപ്പെടുത്തിയിട്ടുള്ള മാധ്യമപ്രവർത്തകർക്കും കുട്ടികൾ സ്വന്തമായി എഴുതി പ്രസിദ്ധീകരിച്ച സാഹിത്യ രചനകൾക്കുമായുള്ള 2017, 2018 വർഷങ്ങളിലെ അവാർഡുകൾക്ക് എൻട്രികൾ ക്ഷണിച്ചു.
കുട്ടികളെ സംബന്ധിച്ചുള്ള ഏറ്റവും നല്ല പത്രവാർത്തയ്ക്കുള്ള എൻ. നരേന്ദ്രൻ സ്മാരക അവാർഡ്, ഏറ്റവും നല്ല വാർത്താചിത്രത്തിനുള്ള വിക്ടർ ജോർജ്ജ് സ്മാരക അവാർഡ്, ഏറ്റവും നല്ല ടി.വി പരിപാടിക്കുള്ള ടി.എൻ. ഗോപകുമാർ സ്മാരക അവാർഡ് എന്നിവയാണ് മാധ്യമ അവാർഡുകൾ.  2017 ജനുവരി ഒന്ന് – ഡിസംബർ 31, 2018 ജനുവരി ഒന്ന് – ഡിസംബർ 31 കാലയളവിൽ പത്രങ്ങളിൽ പ്രസിദ്ധീകരിച്ച വാർത്ത / വാർത്താചിത്രം പ്രക്ഷേപണം ചെയ്ത ടി.വി പരിപാടി എന്നിവയ്ക്കാണ് അവാർഡുകൾ നൽകുന്നത്. അവാർഡിനായി എൻട്രികളുടെ മൂന്ന് പകർപ്പുകൾ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രവും മൂന്ന് പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം നൽകണം.
കുട്ടികൾ സ്വന്തമായി എഴുതി അച്ചടിച്ച് വന്ന മലയാളം സാഹിത്യരചനകൾക്ക് സമിതി ഏർപ്പെടുത്തിയ ഒ.എൻ.വി കുറുപ്പ് സ്മാരക അവാർഡിനും ഇംഗ്ലീഷ് സാഹിത്യ രചനകൾക്കായുള്ള കമലാസുരയ്യ സ്മാരക അവാർഡിനും എൻട്രികൾ ക്ഷണിച്ചു.  അഞ്ച് വയസ്സിനും 16 വയസിനുമിടയ്ക്കുള്ള കുട്ടികളുടെ സാഹിത്യരചനകൾക്കാണ് അവാർഡ്.  2017, 2018 വർഷങ്ങളിൽ പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ് അവാർഡിനായി പരിഗണിക്കുക.  എൻട്രികൾ നൽകുന്ന വർഷത്തിൽ രചയിതാവിന് 16 വയസ്സ് കഴിയാൻ പാടുള്ളതല്ല.  സാഹിത്യരചനകളുടെ മൂന്ന് കോപ്പിയും സ്‌കൂൾ മേധാവിയുടെ സാക്ഷ്യപത്രവും മൂന്ന് പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതമാണ് എൻട്രികൾ അയക്കേണ്ടത്.
എൻട്രികൾ ഏതു വർഷത്തേതാണെന്ന് കവറിന് പുറത്ത് പ്രത്യേകം സൂചിപ്പിക്കണം.  മാധ്യമ – സാഹിത്യ അവാർഡുകളുടെ എൻട്രികൾ ജനറൽ സെക്രട്ടറി, കേരള സംസ്ഥാന ശിശുക്ഷേമ സമിതി, തൈക്കാട്, തിരുവനന്തപുരം – 14 എന്ന വിലാസത്തിൽ 2019 ജനുവരി 30 ന് മുമ്പായി നേരിട്ടോ തപാൽ മുഖേനയോ എത്തിക്കണമെന്ന് സംസ്ഥാന ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി അറിയിച്ചു.