നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണാർത്ഥം പുതുവത്സരദിനത്തിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ സംഘടിപ്പിക്കുന്ന വനിതാ മതിലിൽ വയനാട്ടിൽ നിന്നും 30,000 വനിതകൾ അണിനിരക്കും. കോഴിക്കോട് ജില്ലയിലെ അഴിയൂർ മുതൽ രാമനാട്ടുകര വരെ നീളുന്ന മതിലിലാണ് ജില്ലയിൽ നിന്നുളള വനിതകൾ ഭാഗമാകുക. ഏഴ് പഞ്ചായത്തുകളും അഞ്ച് നഗരസഭകളും കോഴിക്കോട് കോർപ്പറേഷനും ഉൾപ്പെടെ 13 തദ്ദേശ സ്വയംഭരണ പ്രദേശങ്ങൾ മതിലിന്റെ പരിധിയിൽ വരും.
ജില്ലാ ആസൂത്രണഭവനിലെ എ.പി.ജെ ഹാളിൽ എ.ഡി.എം കെ. അജീഷിന്റെ അധ്യക്ഷതയിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ ജില്ലയുടെ ചുമതല വഹിക്കുന്ന തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പളളി രാമചന്ദ്രൻ മുഖ്യരക്ഷാധികാരിയും ജില്ലയിലെ എം.എൽ.എമാർ രക്ഷാധികാരികളുമായി 1001 അംഗ കമ്മറ്റി രൂപീകരിച്ചു. ജില്ലാ കളക്ടർ കൺവീനറും ജില്ലാ സാമൂഹിക നീതി ഓഫീസർ നോഡൽ ഓഫീസറും ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജോയന്റ് കൺവീനറുമാണ്. ജില്ലാതല നിർവ്വാഹക സമിതിയിൽ ജില്ലാതല വകുപ്പ് മേധാവികളും കുടുംബശ്രീ, ലൈബ്രററി കൗൺസിൽ, പുരോഗമന കലാ സാഹിത്യ സമിതി, സർവ്വീസ് സംഘടനകൾ, തൊഴിലാളി സംഘടനകൾ, പെൻഷനേഴ്സ് അസോസിയേഷൻ, വ്യാപാരി വ്യവസായി സംഘടനകൾ, ബസ്സുടമ സ്ഘടനകൾ എന്നിവയുടെ ഭാരവാഹികളും അംഗങ്ങളാണ്.
ജില്ലാ കുടുംബശ്രീ മിഷൻ 15,000 പേരെയും ജനാധിപത്യ മഹിളാ അസോസിയേഷൻ 10,000 പേരെയും ആദിവാസി ക്ഷേമസമിതി 1000 പേരെയും വനിതാ മതിലിൽ അണിനിരത്തും.
മാനന്തവാടി, പനമരം ബ്ലോക്കുകളിൽ നിന്നുളള വനിതകൾ വടകര മേഖലയിലും കൽപ്പറ്റ, സുൽത്താൻ ബത്തേരി ബ്ലോക്കുകളിൽ നിന്നുളളവർ കോഴിക്കോട് മലാപറമ്പ്, തൊണ്ടയാട് ഭാഗങ്ങളിലും അണിനിരക്കും. ബ്ലോക്ക് തല ഏകോപനത്തിനായി സബ് കമ്മറ്റികളും രൂപീകരിച്ചു. ജില്ലയിലെ മുഴുവൻ വകുപ്പുകളിൽ നിന്നും ക്ഷേമനിധി ബോർഡുകളിൽ നിന്നുളള വനിതകളെയും വനിതാമതിലിൽ പങ്കെടുപ്പിക്കും.എല്ലാ വിഭാഗം ആളുകളുടെയും പങ്കാളിത്തം ഉറപ്പാക്കാനും യോഗം തീരുമാനിച്ചു. ബ്ലോക്ക്തല സംഘാടകസമിതി യോഗം ഡിസംബർ ഇരുപതിനുളളിൽ ചേരും.
യോഗത്തിൽ മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന വിജയൻ, ജില്ലാ സാമൂഹ്യ നീതി ഓഫീസർ പവിത്രൻ തൈക്കണ്ടി, വനിതാശിശു ക്ഷേമ പ്രോഗ്രാം ഓഫീസർ കെ.എച്ച് ലജീന, വനിത പ്രൊട്ടക്ഷൻ ഓഫീസർ എ. നിസ, കുടുംബശ്രി ജില്ലാ കോർഡിനേറ്റർ പി. സാജിത, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ.ടി ശേഖർ, സംഘടനാ പ്രതിനിധികളായ സി.കെ. ശിവരാമൻ, കെ.എം. ബാലഗോപാൽ, എം. മധു തുടങ്ങിയവർ പങ്കെടുത്തു.