കാർഷിക മേഖലയുടെ തുടർ വിപുലീകരണത്തിന് വിവിധ പദ്ധതികൾ സർക്കാർ നടപ്പാക്കിയെന്നു ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ. വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലിന്റെ കൊല്ലം ജില്ലാ കർഷകോത്സവമായ ഹരിതം 2026, കാർഷിക ഉപകരണ വിതരണം തുടങ്ങിയവ പുലമൺ മലങ്കര ഓർത്തഡോക്സ് ക്രിസ്ത്യൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളോടൊപ്പം ഏറ്റവും കൂടുതൽ പണം മാറ്റിവയ്ക്കുന്നത് കാർഷിക മേഖലയ്ക്കാണ്. കൊട്ടാരക്കര,കുണ്ടറ,പത്തനാപുരം ഉൾപ്പെടെ വിവിധ കാർഷിക വിപണികളും ഉപ വിപണികളും ജില്ലയിൽ സജീവമാണ്. ഇഞ്ചക്കാട്, എഴുകോൺ, നെടുവത്തൂർ, പുത്തൂർ,വെളിയം, വാളകം ഉൾപ്പെടെയുള്ള വിപണികൾക്കെല്ലാം ഉടൻ കെട്ടിടമാകും. വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകൾ കണക്കിലെടുത്തുകൊണ്ട് കാർഷിക ഉൽപ്പന്നങ്ങൾ കൂടുതൽ ഗുണമേന്മയോടെ കയറ്റുമതി ചെയ്യുന്നതിനാണ് റഫ്രിജറേറ്റഡ് ഗോഡൗണുകൾക്ക് ബഡ്ജറ്റിൽ അഞ്ചു കോടി രൂപ അനുവദിച്ചത്. ജില്ലയിൽ പഴം, പച്ചക്കറി മേഖലയുടെ സമഗ്ര വികസനത്തിന് വിഎഫ് പിസികെ മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
കൊട്ടാരക്കര നഗരസഭാ വൈസ് ചെയർപേഴ്സൺ എ ഷാജു അധ്യക്ഷനായി. കേരള ഗ്രാമീൺ ബാങ്കിന്റെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ കാർഷിക ഉപകരണങ്ങളുടെ വിതരണോദ്ഘാടനം മന്ത്രി വി എഫ് പി സി കെ നെടുവത്തൂർ വിപണി പ്രസിഡന്റ് പ്രഭാകരൻപിള്ളയ്ക്ക് നൽകി നിർവഹിച്ചു.
വി എഫ് പി സി കെയും നബാർഡും സംയുക്തമായി നടത്തുന്ന ജില്ലാ കർഷകോത്സവമായ ‘ഹരിതം’ 2026 ഫെബ്രുവരി 21ന് അവസാനിക്കും. കാർഷിക പ്രദർശനം, സെമിനാറുകൾ, പ്രശ്നോത്തരി, കർഷക ഘോഷയാത്ര, കർഷക സംഗമം, വിപണനമേള, തുടങ്ങിയവയും വിവിധ ദിവസങ്ങളിലായി സംഘടിപ്പിക്കും.
വാർഡ് മെമ്പർമാരായ കെ ജി അലക്സ്, ജ്യോതി മറിയം ജോൺ, വി എഫ് പി സി കെ പ്രൊജക്റ്റ് ഡയറക്ടർമാരായ ഷീജ മാത്യു, സാജൻ ആൻഡ്രൂസ്, നബാർഡ് ഡെപ്യൂട്ടി ജനറൽ മാനേജർ എസ്. ഡിനി പണിക്കർ, നബാർഡ് ജില്ലാ മാനേജർ രാഖി, കേരള ഗ്രാമീൺ ബാങ്ക് റീജിയണൽ മാനേജർ ഉണ്ണികൃഷ്ണൻ, വി എഫ് പി സി കെ ഫാർമർ ഡയറക്ടർ കെ.ഷംസുദ്ദീൻ, ജില്ലാ മാനേജർ വി. ബിന്ദു, ഹരിതം 2026 ജനറൽ കൺവീനർ വി.ഗോപാലകൃഷ്ണൻ, വിപണി പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു.
