ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ദുരിതത്തിലായ മത്‌സ്യത്തൊഴിലാളികള്‍ക്കും കുടുംബങ്ങള്‍ക്കും ആശ്വാസധനസഹായം നല്‍കുന്നതിനും ദേശീയ ദുരന്തമായി കണക്കാക്കി കേന്ദ്രത്തോട് സ്‌പെഷ്യല്‍ പാക്കേജ് ആവശ്യപ്പെടാനും  മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഓഖി ദുരന്തത്തില്‍ മരണമടഞ്ഞ മത്‌സ്യത്തൊഴിലാളിയുടെ കുടുംബത്തിന് 20 ലക്ഷം രൂപ ആശ്വാസധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നേരത്തെ പ്രഖ്യാപിച്ച പത്ത് ലക്ഷം രൂപയ്‌ക്കൊപ്പം മത്‌സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് അഞ്ച് ലക്ഷവും ബദല്‍ ജീവിതോപാധിയ്ക്കായി ഫിഷറീസ് വകുപ്പിന്റെ അഞ്ച് ലക്ഷം രൂപയും നല്‍കാനാണ് തീരുമാനം.
ഗുരുതരമായി പരിക്കേറ്റതിനാല്‍ മത്‌സ്യബന്ധ തൊഴിലില്‍ തുടരാനാവാത്ത തൊഴിലാളികള്‍ക്ക് ബദല്‍ ജീവിതോപാധിയായി ഒരു കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം നല്‍കും. കഴിഞ്ഞ ഒരാഴ്ചയായി മത്‌സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകാനാവാത്ത അവസ്ഥയില്‍ മുതിര്‍ന്നവര്‍ക്ക് ദിനംപ്രതി 60 രൂപ വീതവും കുട്ടികള്‍ക്ക് 45 രൂപ വീതവും നല്‍കും. ഓഖി ചുഴലിക്കാറ്റില്‍ പെട്ട്് ബോട്ട് / മത്സ്യബന്ധനോപകരണങ്ങള്‍ നഷ്ടപ്പെട്ട മത്സ്യതൊഴിലാളികള്‍ക്ക് നേരിട്ട നഷ്ടത്തിന് ഏകദേശം തത്തുല്യമായ നഷ്ടപരിഹാരം നല്‍കും. മരണമടയുകയോ കാണാതാകുകയോ ചെയ്ത മത്സ്യതൊഴിലാളികളുടെ മക്കള്‍ക്ക് അര്‍ഹമായ സൗജന്യ വിദ്യാഭ്യാസവും തൊഴില്‍ പരിശീലനവും നല്‍കും. ഓഖി ദുരന്തത്തിനിരയായ മത്സ്യത്തൊഴിലാളികള്‍ക്ക് നിലവില്‍ നല്‍കിവരുന്ന ആനുകൂല്യങ്ങളെ സംബന്ധിച്ച് പഠിച്ച് കലോചിതമായി പരിഷ്‌ക്കരിക്കുതിന് ശുപാര്‍ശ നല്‍കാന്‍ റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ഫിഷറീസ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എിവരെ ചുമതലപ്പെടുത്തി. ഇപ്പോള്‍ തുടര്‍ന്നുവരുന്ന ഊര്‍ജ്ജിത രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും തിരച്ചിലിനും ശേഷം ഏതെങ്കിലും മത്സ്യത്തൊഴിലാളിയെ കണ്ടെത്താനാവാതെ വന്നാല്‍ അവരുടെ കുടുംബാംഗങ്ങള്‍ക്കും സാമ്പത്തിക സഹായം നല്‍കേണ്ട കാര്യത്തില്‍ അടിയന്തര തീരുമാനമെടുക്കുന്നതിന് സഹായകമായ ശുപാര്‍ശ നല്‍കുതിനും നിലവിലുള്ള നിയമവ്യവസ്ഥകളില്‍ പ്രത്യേക ഇളവ് നല്‍കുന്നത് തീരുമാനിക്കുന്നതിനും റവന്യൂ, ആഭ്യന്തരം, ഫിഷറീസ് വകുപ്പുകളിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി/ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരെ ഉള്‍പ്പെടുത്തി ഒരു കമ്മറ്റി രൂപീകരിച്ചു.
ഭാവിയില്‍ മത്സ്യബന്ധനത്തിനായി കടലില്‍ പോകുന്ന സമയത്ത് മുഴുവന്‍ മത്സ്യതൊഴിലാളികളും ഫിഷറീസ് വകുപ്പ് ഏര്‍പ്പെടുത്തുന്ന സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ബോട്ടുകളില്‍ ജി.പി.എസ് സംവിധാനവും മത്സ്യത്തൊഴിലാളികളുടെ മൊബൈല്‍ ഫോണുകളും സാറ്റലൈറ്റ് സംവിധാനങ്ങളും ഉപയോഗിച്ച് കാലാവസ്ഥ സംബന്ധിച്ച സന്ദേശം നല്‍കാനുമുള്ള ക്രമീകരണവും ഒരുക്കും. ഇതിനുള്ള സംവിധാനം ഏര്‍പ്പെടുത്താന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സംസ്ഥാന ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. സംസ്ഥാന ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി പുനഃസംഘടിപ്പിക്കുകയും എസ്.ഡി.ആര്‍.എഫ് രൂപീകരിക്കുകയും സംസ്ഥാനതല എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ തിരുവനന്തപുരത്തും, മേഖലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ എറണാകുളത്തും സ്ഥാപിക്കുതിനും മറ്റ് ജില്ലകളില്‍ ജില്ലാതലത്തില്‍ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍ സ്ഥാപിച്ച് ഫിഷറീസ്, പോലീസ്, ഫയര്‍, റവന്യൂ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും കേന്ദ്ര സേനകളായ കോസ്റ്റ്ഗാര്‍ഡ്, വ്യോമ, നാവിക സേനകളുടെ സേവനം ലഭ്യമാക്കാനും നടപടി സ്വീകരിക്കും.
തീരദേശ പോലീസ് സേനയില്‍ ആവശ്യമായ റിക്രൂട്ട്‌മെന്റ് നടത്തുകയും ആധുനിക സജ്ജീകരണങ്ങളോടെ നവീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യും. വിഴിഞ്ഞം, നീണ്ടകര, കൊച്ചി, പൊന്നാനി, അഴീക്കല്‍ തുറമുഖങ്ങളോട് ചേര്‍ന്ന് പ്രത്യേക പോലീസ് സംവിധാനം ആരംഭിക്കുന്നതിന് തീരുമാനിച്ചുിട്ടുണ്ട്. മത്സ്യബന്ധനത്തിനിടയില്‍ മറ്റ് സംസ്ഥാനങ്ങളില്‍ എത്തിയവരെ തിരിച്ചെത്തിക്കാനാവശ്യമായ സഹായം നല്‍കും. ലക്ഷദ്വീപിലേക്ക് മെഡിക്കല്‍ ടീമിനെ അയയ്ക്കും. സംസ്ഥാനത്തെ ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഫിഷറീസ്, റവന്യൂ-ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, ആഭ്യന്തര വകുപ്പുകളെ ചുമതലപ്പെടുത്തി.
ഈ ദുരന്തത്തോടനുബന്ധിച്ച് ഉണ്ടായ കൃഷിനാശം, വീട് നഷ്ടപ്പെടല്‍, ചികിത്സ ചെലവ് എിവയ്ക്കും ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുവര്‍ക്കും ഉചിതമായ സാമ്പത്തികസഹായം ലഭ്യമാക്കും. ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ഉണ്ടായാല്‍ നേരിടുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ വിശദമായി പഠിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കാന്‍ ഒരു സമിതിയെ നിയോഗിക്കും. മുന്‍ ഡി. ജി. പി രമണ്‍ ശ്രീവാസ്തവ, ആഭ്യന്തര, റവന്യു അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, ഫിഷറീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, കുസാറ്റ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അസി. പ്രൊഫസര്‍ ഡോ. അഭിലാഷ്, സംസ്ഥാന ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി മെമ്പര്‍ സെക്രട്ടറി എന്നിവരാണ് കമ്മിറ്റിയിലുള്ളത്.