ആലപ്പുഴ: കായൽ ജലത്തിൽ ഉപ്പിന്റെ അളവ് ക്രമാതീതമായി വർധിച്ച സാഹചര്യത്തിൽ തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകളും അന്ധകാരനഴി ഷട്ടറിന്റെ തെക്ക് ഭാഗത്തെ ഷട്ടറുകളും ഇന്ന് (ഡിസംബർ 16) അടയ്ക്കാൻ കളക്ടറേറ്റിൽ ചേർന്ന ഉപദേശക സമിതിയോഗം തീരുമാനിച്ചു. അന്ധകാരനഴി വടക്കേഷട്ടറുകൾ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് കോടതിവിധിയുടെ പശ്ചാത്തലത്തിൽ ജില്ല ഭരണകൂടം, പ്രിൻസിപ്പൽ അഗ്രിക്കൾച്ചർ ഓഫീസർ, മേജർ ഇറിഗേഷൻ വകുപ്പ് എന്നിവർ കൂടിയാലോചിച്ച് അപ്പിൽ നൽകാനും യോഗത്തിൽ തീരുമാനമായി.
ജില്ലയിലെ ഓരുമുട്ടുകൾ എല്ലാം പൂർത്തിയാക്കേണ്ട അവസാന ദിവസം ഡിസംബർ 15 ആയിരുന്നെന്നും ഏതെങ്കിലും പൂർത്തീകരിക്കാതെ അവശേഷിക്കുന്നുണ്ടെങ്കിൽ ഡിസംബർ 20നകം അവ പൂർത്തീകരിക്കാനും മേജർ-മൈനർ ഇറിഗേഷൻ വകുപ്പുകൾക്ക് നിർദ്ദേശം നൽകി. 30,000 ഹെക്ടറോളം പ്രദേശത്താണ് പ്രളയാനന്തരം കൃഷി ഇറക്കിയിട്ടുള്ളത്. കുട്ടനാട്, അപ്പർ കുട്ടനാട് ഭാഗങ്ങളിലെ കൃഷിക്ക് ഓരുവെള്ളം കയറിയാൽ വലിയ നാശം സംഭവിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് ഷട്ടറുകൾ അടയ്ക്കാനും എല്ലാ ഓരുമുട്ടുകളും അടിയന്തിരമായി ഇടാനും യോഗം തീരുമാനിച്ചത്.ഷട്ടറുകൾ താഴ്ത്തുന്നതിനും ഓരു മുട്ടുകൾ ഇടുന്നതിനും ആവശ്യമായ പൊലീസ് സംരക്ഷണം ഉറപ്പാക്കാനും യോഗം തീരുമാനിച്ചു. ജില്ല ദുരന്തനിവാരണവിഭാഗം, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ,പൊലീസ്, ജനപ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.