കഴിഞ്ഞ 10 വർഷത്തിനിടെ 4.5 ലക്ഷം കുടുംബങ്ങളെ ഭൂമിയുടെ അവകാശികളാക്കിയെന്ന് റവന്യൂ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ.രാജൻ. പത്തനാപുരം താലൂക്ക്തല ഒന്നാംഘട്ട പട്ടയ വിതരണത്തിന്റെ ഉദ്ഘാടനം കമുകുംചേരി സർക്കാർ യുപി സ്കൂൾ അങ്കണത്തിൽ ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. 272989 പട്ടയങ്ങളാണ് കഴിഞ്ഞ 5 വർഷത്തിനിടെ വിതരണം ചെയ്തത്. കമുകുംചേരിയിൽ 84 പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. പത്തനാപുരത്ത് നൽകാനുള്ള ബാക്കി പട്ടയങ്ങളും ഉടൻ വിതരണം ചെയ്യുമെന്ന് പറഞ്ഞു.

ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാർ അധ്യക്ഷനായി. 2021-25 കാലയളവിൽ പത്തനാപുരം താലൂക്കിൽ 299 പട്ടയങ്ങൾ വിതരണം ചെയ്തു. കമുകുംചേരിയിൽ അവശേഷിക്കുന്ന പട്ടയങ്ങളും കെഐപി കനാലുമായി ബന്ധപ്പെട്ട പട്ടയങ്ങളും നടപടികൾ പൂർത്തീകരിച്ച് ഉടൻ വിതരണം ചെയ്യും. കോടതി കേസുകൾ ഇല്ലാത്തതും സ്വത്ത് തർക്കം ഇല്ലാത്തതുമായ മുഴുവൻ പട്ടയങ്ങളും ലഭ്യമാക്കും. കമുകുംചേരി പ്രദേശത്തെ ജില്ലാകലക്ടറുടെ പരിഗണനയിലിരിക്കുന്ന പട്ടയങ്ങളും ഉടൻ വിതരണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

രണ്ട് എസ്.ടി പട്ടയം, രണ്ട് ലാൻഡ് ട്രിബ്യൂണൽ പട്ടയം, രണ്ട് മിച്ചഭൂമി പട്ടയം, 22 ദേവസ്വം പട്ടയം, 56 എൽഎ പട്ടയം ഉൾപ്പടെ 84 പട്ടയങ്ങൾ മേളയിൽ വിതരണം ചെയ്തു.

ജില്ലാ കലക്ടർ എൻ.ദേവിദാസ്, എഡിഎം ജി.നിർമൽകുമാർ, എൽ.ആർ ഡെപ്യൂട്ടി കലക്ടർ കെ.അനിത നായർ, പത്തനാപുരം തഹസിൽദാർ എ.സനൂസി, പുനലൂർ ആർടിഒ ജി. സുരേഷ് ബാബു, പിറവന്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷേർളി ഗോപിനാഥൻ, ജില്ലാ പഞ്ചായത്ത് അംഗം എം.വിഷ്ണുഭഗത്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജി.ശ്രീജ, ഹോർട്ടി കോർപ്പ് ചെയർപേഴ്സൺ അഡ്വ.എസ്.വേണുഗോപാൽ, വാർഡ് അംഗങ്ങളായ ആർ.സന്തോഷ് കുമാർ, കൃഷ്ണകുമാരി തുടങ്ങിയവർ പങ്കെടുത്തു.