അംബേദ്കറിന്റെ ദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്നതിന് അക്കാദമിക് ചെയര്‍ സഹായകരമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍. ‘ഡോ. ബി ആര്‍ അംബേദ്കര്‍ ഇന്റര്‍നാഷണല്‍ അക്കാദമിക് ചെയറിന്റെ ഉദ്ഘാടനം കൊട്ടാരക്കര കില സി എച്ച് ആര്‍ ഡി യില്‍ ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അംബേദ്കറിന്റെ ആശയങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും വിലയിരുത്തലുകള്‍ക്കും പ്രാധാന്യമേറുകയാണ്, സാമൂഹികഇടപെടലുകളും നിയമരംഗത്തെ പാണ്ഡിത്യവും ചര്‍ച്ച ചെയ്യാനും ആവശ്യമായ രേഖകള്‍ ശേഖരിക്കാനുമുള്ള ഇടമായി ഇവിടം വളരുമെന്ന് മന്ത്രി വ്യക്തമാക്കി.
തദ്ദേശ സ്വയംഭരണ, എക്‌സൈസ് പാര്‍ലമെന്ററികാര്യവകുപ്പ് മന്ത്രി എം.ബി രാജേഷ് ഓണ്‍ലൈനായി പങ്കെടുത്ത് അധ്യക്ഷനായി. ഭരണഘടനാമൂല്യങ്ങളെക്കുറിച്ച് ബോധവത്കരണം അനിവാര്യമാണ്. സമ്പൂര്‍ണ സാക്ഷരതയും ഡിജിറ്റല്‍ സാക്ഷരതയും രാജ്യത്ത് ആദ്യം കൈവരിച്ച കേരളം, ഭരണഘടനാസാക്ഷരതയിലും മാതൃകയായിത്തീരാന്‍ അക്കാദമിക് ചെയര്‍ വഴിയൊരുക്കുമെന്ന് മന്ത്രി പറഞ്ഞു.
സിനിമാ-സാംസ്‌കാരിക പ്രവര്‍ത്തകന്‍ പ്രകാശ്‌രാജ് മുഖ്യാതിഥിയായി. അനീതികള്‍ക്കെതിരെ എല്ലാ കാലത്തും ശക്തമായ നിലപാടുകള്‍ സ്വീകരിച്ച സംസ്ഥാനമാണ് കേരളമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്‍.ലതാദേവി വിഷന്‍ ഡോക്യുമെന്റ് പ്രകാശനം ചെയ്തു. കില സി എച്ച് ആര്‍ ഡി ഡയറക്ടര്‍ വി.സുദേശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
‘ഇന്ത്യന്‍ ഭരണഘടനയും ഡോ.ബി ആര്‍ അംബേദ്കറും’ വിഷയത്തിലുള്ള സെമിനാര്‍ ഭരണഘടനാ വിദഗ്ധന്‍ ഡോ. ജി മോഹന്‍ഗോപാല്‍ ഉദ്ഘാടനം ചെയ്തു. കവി കുരീപ്പുഴ ശ്രീകുമാര്‍, ലൈബ്രറി കൗണ്‍സില്‍ പ്രതിനിധി കെ. പി സജിനാഥ്, അഡ്വ സി.കെ പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
