വയനാട് വാര്യാട് വ്യവസായ പാർക്കിൽ നൂറ് ഏക്കർ കണ്ടെത്തി കാപ്പികൃഷി നടത്തുമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജൻ. പ്രത്യേക കാർബൺ ന്യൂട്രൽ മേഖലയൊരുക്കി കാപ്പികൃഷിയെ ബ്രാൻഡിംഗ് നടത്താനും കിൻഫ്രയെ ചുമതലപ്പെടുത്തിയതായി മന്ത്രി അറിയിച്ചു. ജില്ലാ പഞ്ചായത്തിന്റെ 2019-20 വാർഷിക പദ്ധതി വികസന സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാർബൺ ന്യൂട്രൽ പ്രദേശങ്ങളിൽ നിന്ന് ഉൽപാദിപ്പിക്കുന്ന കാർഷിക ഉൽപന്നങ്ങൾക്ക് വിദേശ വിപണികളിൽ പ്രത്യേകം പ്രാധാന്യമുണ്ട്. വയനാടൻ കാപ്പി ബ്രാൻഡ് ചെയ്യുന്നതോടെ കാർഷിക മേഖലക്കാകെ ഉണർവ്വ് നൽകാനും സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. കാർഷികമേഖലയ്ക്കുളള പ്രാധാന്യം മനസിലാക്കി കാർഷിക വിളകളുടെ ഉദ്പാദനം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന നിർദേശങ്ങൾ മുന്നോട്ട് വയ്ക്കാൻ വികസന രേഖക്ക് സാധിക്കണം. കർഷകരുടെ പ്രധാന വരുമാനമാർഗങ്ങളായിരുന്ന നെല്ല്, കാപ്പി, കുരുമുളക്, അടക്ക കൃഷികളുടെ പുനരുജ്ജീവനത്തിന് മുൻഗണന നൽകുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കേണ്ടത്. മൃഗസംരക്ഷണമേഖലയിൽ തൊഴിലവസരം സൃഷ്ടിക്കാനും പാൽ ഉദ്പാദനത്തിൽ വർദ്ധനവ് ഉണ്ടാക്കാനും ഇടപെടലുകൾ ആവശ്യമാണ്. ഇതിനായി സഹകരണ സംഘങ്ങൾ വഴി സൗജന്യനിരക്കിൽ പശുക്കളെ നൽകുന്നതിനുളള നടപടികൾ സ്വീകരിക്കാമെന്നും മന്ത്രി പറഞ്ഞു.
ജില്ലയുടെ സമഗ്ര വികസനത്തിന് കുതിപ്പേകാൻ കണ്ണൂർ ഇന്റർനാഷണൽ എയർപോട്ടിന് സാധിക്കുമെന്ന് മന്ത്രി യോഗത്തിൽ അഭിപ്രായപ്പെട്ടു. ബോയ്സ് ടൗൺ മുതൽ വിമാനത്താവളം വരെ നാല് വരി പാത നിർമിക്കുന്നതിനുളള നടപടികൾ പുരോഗമിച്ചു വരികയാണ്. ഇത് പൂർത്തിയാകുന്നതോടെ ഒരു പുതിയ വികസന വഴികൂടി തുറക്കും. ഇതോടൊപ്പം ലക്കിടി മുതൽ അടിവാരം വരെ റോപ്‌വേ സ്ഥാപിക്കുന്നതിന് ജില്ല പ്രത്യേകം മുൻകൈയ്യെടുത്ത് സർക്കാറിലേക്ക് റിപ്പോർട്ട് സമർപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. ടൂറിസ്റ്റുകളുടെ ആവശ്യങ്ങൾ മനസിലാക്കി പരിഹാര മാർഗം ഒരുക്കിയാൽ സന്ദർശകരുടെ പ്രധാനകേന്ദ്രമായി ജില്ല മാറുമെന്നും അദ്ദേഹം പറഞ്ഞു.
സി.കെ ശശീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ച യോഗത്തിൽ ഐ.സി ബാലകൃഷ്ണൻ എം.എൽ.എ പദ്ധതി രേഖ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പ്രഭാകരൻ, സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ കെ. മിനി, പി.കെ അനിൽകുമാർ, എ.ദേവകി, അനിലാ തോമസ്, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാർ, കൽപ്പറ്റ നഗരസഭാ ചെയർപേഴ്സൺ സനിതാ ജഗദീഷ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.ജി വിജയകുമാർ, ആസൂത്രണസമിതി ഉപാധ്യക്ഷൻ മംഗലശ്ശേരി നാരായണൻ തുടങ്ങിയവർ സംസാരിച്ചു.
