കേരളത്തെ ഭ്രാന്താലയമാക്കാതിരിക്കുക, നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക, സ്ത്രീപുരുഷ സമത്വം ഉറപ്പുവരുത്തുക എന്നീ ആശയങ്ങള്‍ ഉയര്‍ത്തി ജനുവരി ഒന്നിന് നടക്കുന്ന വനിതമതിലില്‍ ജില്ലയിലെ വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ നിന്ന് മാത്രമായി ഒന്നരലക്ഷം പേര്‍ പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്ന് വനിതമതില്‍
രൂപീകരണത്തിന്റെ സംഘാടക സമിതി യോഗത്തില്‍ മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. സ്വാമി വിവേകാനന്ദന്‍ കേരളത്തിലെത്തിയതിന്റെ 125-ാം വാര്‍ഷികം, നവോത്ഥാന നായകന്‍ അയ്യങ്കാളിയുമായി ബന്ധപ്പെട്ടുളള പരിപാടികള്‍ സര്‍ക്കാര്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഗാന്ധിജി ശബരിആശ്രമം സന്ദര്‍ശിച്ചതിന്റെ വാര്‍ഷികവുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടികള്‍ ജനുവരിമാസം സര്‍ക്കാര്‍ സംഘടിപ്പിക്കും. കൂടാതെ രണ്ടുകോടി ചിലവില്‍ ശബരിആശ്രമം നവീകരിക്കുമെന്നും മന്ത്രി പറഞ്ഞു. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ എന്നും സമൂഹത്തിന്റെ മുന്‍പന്തിയില്‍ തന്നെയുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളിലൂടെ സര്‍ക്കാര്‍ അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയാണ് ചെയ്യുന്നത്. കക്ഷി രാഷ്ട്രീയ ഭേദമന്യെ എല്ലാവരും വനിതമതിലില്‍ അണിചേരണം. ആരെയും നിര്‍ബന്ധിക്കില്ലെന്നും സര്‍ക്കാര്‍തലത്തില്‍ ആശയപ്രചരണം മാത്രമാണ് നടത്തുന്നതെന്നും നവോത്ഥാന സംഘടനകളാണ് വനിതമതില്‍ സംഘടിപ്പിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

വനിത മതില്‍ സംഘാടന സമിതി അവലോകന യോഗം മന്ത്രിമാരായ എ.കെ ബാലന്‍, കെ. കൃഷ്ണന്‍കുട്ടി എന്നിവരുടെ നേതൃത്തില്‍ കല്കടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍

പുലാമന്തോള്‍ മുതല്‍ ചെറുതുരുത്തി വരെ 26 കിലോമീറ്ററിലാണ് ജില്ലയില്‍ വനിതമതില്‍ രൂപീകരിക്കുക. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മൂന്ന് മണിയ്ക്ക് തന്നെ സ്ഥലത്തെത്തണം. 3.30 യ്ക്ക് സത്യപ്രതിജ്ഞയും നാലിന് അണിചേരലും നടക്കും. പട്ടാമ്പി, കുളപ്പുള്ളി , ഷൊര്‍ണ്ണൂര്‍ തുടങ്ങിയ പ്രധാന മേഖലകളില്‍ മൂന്നും നാലും നിരകളിലായി വനികള്‍ അണിനിരക്കും പ്രധാന യോഗങ്ങളില്‍ പൊതുയോഗവും സംഘടിപ്പിക്കും. ജില്ലാ കുടുംബശ്രീ മിഷന്‍ അയല്‍ക്കൂട്ടങ്ങള്‍ മുഖേന വനികളെ വനിത മതിലിന്റെ ഭാഗമാക്കുന്നതിനു പുറമെ പഞ്ചായത്ത് തലങ്ങളില്‍ വിളംബര ജാഥകള്‍, ഫല്‍ഷ്മോബ് എന്നിവ സംഘടിപ്പിക്കും. വനിത ശിശുക്ഷേമ വകുപ്പ് അംഗന്‍വാടി വര്‍ക്കേഴ്സ്, ഹെല്‍പ്പേഴ്സ് മുഖാന്തിരം ഭവന സന്ദര്‍ശനത്തിലൂടെ പ്രചരണവും സ്‌ക്വാഡ് പ്രവര്‍ത്തനവും സംഘടിപ്പിക്കും. സഹകരണ സ്ഥാപനങ്ങള്‍, പൊതുവിദ്യാഭ്യാസ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, സാക്ഷരത മിഷന്‍്, സര്‍ക്കാര്‍, എയ്ഡഡ് കോളേജുകള്‍, ഹിന്ദു പാര്‍ലമെന്റ്, ലൈബ്രറി കൗണ്‍സില്‍, യുവജനക്ഷേമ ബോര്‍ഡ് , കൊളെജ് യൂനിയനുകള്‍ , ഐ.ടി.ഐകള്‍ തുടങ്ങിയവയും വനിതമതിലിന്റെ ഭാഗമാകും.
വനിതമതില്‍ രൂപീകരണത്തിനു മുന്നോടിയായി സംഘാടകസമിതി കണ്‍വീനര്‍ കൂടിയായ ജില്ലാ കളക്ടര്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എന്നിവരുടെ നേതൃത്വത്തില്‍ കോളേജ് യൂണിയന്‍ ഭാരവാഹികള്‍, അധ്യാപകസംഘടന പ്രതിനിധികള്‍, സ്‌കൂള്‍ പിടിഎ പ്രതിനിധികള്‍, എഞ്ചിനീയറിംഗ് കോളേജുകള്‍, ഐടിഐ, പോളിടെക്നിക്കുകള്‍ എന്നിവരെ ഉള്‍ക്കൊള്ളിച്ച് തുടര്‍ന്നും യോഗം ചേരണമെന്നും മന്ത്രി വ്യക്തമാക്കി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സംഘാടക സമിതി യോഗത്തില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗക്ഷേമ, നിയമ,സാംസ്‌ക്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന് പുറമെ ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി, ജില്ലാകളക്ടര്‍ ഡി. ബാലമുരളി, എഡിഎം ടി.വിജയന്‍, പി.ആര്‍.ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍, സംഘാടകസമിതി ജോയിന്റ് കണ്‍വീനര്‍ കൂടിയായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ (ഇന്‍ ചാര്‍ജ്ജ്) പ്രിയ.കെ.ഉണ്ണികൃഷ്്ണന്‍ മറ്റ് ജില്ലാതല ഓഫീസര്‍മാര്‍, സഹകരണ സ്ഥാപന മേധാവികള്‍, കോളെജ് വിദ്യാര്‍ത്ഥി യൂണിയന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.