തിരുവാണിയൂർ: കിസാൻ ക്രെഡിറ്റ് പദ്ധതിയിലൂടെ മുഴുവൻ കർഷകർക്കും പലിശ രഹിത വായ്പ ലഭ്യമാക്കുന്നതിനുള്ള നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ. കൂടാതെ ഒരു കോടി പച്ചക്കറി തൈകളും 25000 പമ്പ് സെറ്റുകൾ സൗജന്യമായി വിതരണം ചെയ്യുകയും ചെയ്യും. പ്രളയാനന്തര പുനർജനി പച്ചക്കറി തൈകളുടെ വിതരണോദ്ഘാടനവും കാർഷിക വിജ്ഞാന വ്യാപന ശാക്തീകരണ പദ്ധതി കൃഷി ഉദ്യോഗസ്ഥർക്കുള്ള അവാർഡ് വിതരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
കാർഷിക വിളകൾ സമ്പൂർണ്ണമായി ഇൻഷ്വർ ചെയ്യും. ഇതിൻറെ ഭാഗമായി ആദ്യഘട്ടത്തിൽ 26 ബ്ലോക്കുകളെ വിള ഇൻഷുറൻസിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കാർഷിക ക്ഷേമനിധി ബോർഡ് അടുത്ത നിയമസഭാ സമ്മേളനത്തോടെ നിലവിൽ വരുത്തും. കാർഷികമേഖലയിൽ തൊഴിലുറപ്പുപദ്ധതി 150 ദിവസമായി ഉയർത്തിയിട്ടുണ്ട്. പ്രളയാനന്തരം മണ്ണിനെ ഘടന വാദത്തെക്കുറിച്ച് ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇതനുസരിച്ച് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പാക്കി. പ്രളയാനന്തരം കർഷകരെ കൂടുതൽ കരുത്തോടെ തിരികെ കൊണ്ടുവരുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. പ്രളയത്തിൽ 19,000 കോടിയുടെ കാർഷിക നഷ്ടം കണക്കാക്കിയിട്ടുണ്ട്. 270 കോടി വിള നാശം സംഭവിച്ചവർക്ക് നൽകിയിട്ടുണ്ട്. പ്രളയത്തിൽ നഷ്ടം സംഭവിച്ചവർക്ക് ആനുപാതിക നഷ്ടം ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പ്രളയാനന്തര വിള പരിപാലന കിറ്റുകളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ആശ സുനിൽ നിർവഹിച്ചു. ഹോർട്ടി കൾച്ചർ മിഷൻ പദ്ധതിയിലെ ടിഷു വാഴ തൈകളുടെ വിതരണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗൗരി വേലായുധനും ആത്മ ഭക്ഷ്യസുരക്ഷാ ഗ്രൂപ്പിനുള്ള ധനസഹായവിതരണം ആത്മ പ്രോജക്ട് ഡയറക്ടർ മായ എസ് നായരും നിർവഹിച്ചു. വിളപരിപാലനം എന്ന വിഷയത്തെ കുറിച്ച് കെ എ യു റിട്ട. പ്രൊഫസർ ഡോ ജിം തോമസ് ക്ലാസുകൾ നയിച്ചു.
കാർഷിക വിജ്ഞാന വ്യാപന പദ്ധതി ജില്ലയിലെ മികച്ച കൃഷി ഉദ്യോഗസ്ഥരെ ചടങ്ങിൽ ആദരിച്ചു. കൃഷി അസിസ്റ്റൻറ് ഡയറക്ടർ, കൃഷി ഓഫീസർ, കൃഷി അസിസ്റ്റൻറ് എന്നീ തസ്തികകളിലാണ് അവാർഡുകൾ വിതരണം ചെയ്തത്. ജില്ലയിലെ മികച്ച കൃഷി അസിസ്റ്റൻറ് ഡയറക്ടറായി മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് കൃഷി അസിസ്റ്റൻറ് ഡയറക്ടർ ബിജി തോമസ്, പൂതൃക്ക ഗ്രാമപഞ്ചായത്ത് കൃഷി അസിസ്റ്റൻറ് ഡയറക്ടർ എൻ കെ ഉണ്ണിമോൻ, നോർത്ത് പറവൂർ കൃഷി അസിസ്റ്റൻറ് ഡയറക്ടർ എ എ സോഫിയ എന്നിവരെയും കൃഷി ഓഫീസറായി തിരുവാണിയൂർ കൃഷി ഓഫീസർ സുധീശൻ, പള്ളിപ്പുറം കൃഷി ഓഫീസർ വിദ്യാ ഗോപിനാഥ്, വരാപ്പുഴ കൃഷി ഓഫീസർ ഷാരോൺ ഫെർണാണ്ടസ്, ആമ്പല്ലൂർ കൃഷി ഓഫീസർ സീന പി ജി എന്നിവരെയും കൃഷി അസിസ്റ്റന്റ്മ്മാരായി മുളന്തുരുത്തി കൃഷിഭവനിലെ സുനിൽകുമാർ, ആമ്പല്ലൂർ കൃഷിഭവനിലെ സുജാത വരാപ്പുഴ കൃഷിഭവനിലെ സീന എന്നിവരെയും തിരഞ്ഞെടുത്തു.
തിരുവാണിയൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്ന പരിപാടിയിൽ വി പി സജീന്ദ്രൻ എം എൽ എ അധ്യക്ഷത വഹിച്ചു. തിരുവാണിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ സി പൗലോസ്, വടവുകോട് പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്റ് പി കെ വേലായുധൻ, പൂതൃക്ക പഞ്ചായത്ത് പ്രസിഡൻറ് ഷിജി അജയൻ, ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് കെ കെ രാജു, മഴുവന്നൂർ പഞ്ചായത്ത് പ്രസിഡൻറ് അമ്മുക്കുട്ടി സുദർശൻ, കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡൻറ് ജിജോ വി തോമസ്, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ സി കെ അയ്യപ്പൻകുട്ടി, ജോർജ്ജ് ഇടപ്പരത്തി, തിരുവാണിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൊച്ചുറാണി പ്രിൻസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനീഷ് പുല്യാട്ടേൽ, ഇ ആൻഡ് റ്റി ഡെപ്യൂട്ടി ഡയറക്ടർ സിബി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ലതാ സോമൻ, എൻ എൻ രാജൻ, ടി ഡി ബിനു, ഐ വി ഷാജി, റെജി ഇല്ലിക്കപ്പറമ്പിൽ, അജിത മണി, തുടങ്ങിയവർ സംസാരിച്ചു.