പാമ്പാക്കുട: അടുത്തവർഷം കേരളത്തിലെ എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും അഗ്രോ സെൻററുകൾ ആരംഭിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി വി. എസ് സുനിൽകുമാർ പറഞ്ഞു. രണ്ടുവർഷത്തിനുള്ളിൽ എല്ലാ പഞ്ചായത്തുകളിലും കാർഷിക കർമ്മസേനകളുടെ പ്രവർത്തനം സജ്ജമാക്കുമെന്നും അദ്ദേഹം അറിയിച്ചു. പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് 2018-19 വാർഷിക പദ്ധതിയിലുൾപ്പെടുത്തി 25 ലക്ഷം രൂപ ചെലവിൽ വാങ്ങിയ ആധുനിക കൊയ്ത്തുമെതി യന്ത്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ കാർഷിക മേഖലയിൽ യന്ത്രവൽക്കരണം കാര്യക്ഷമമാക്കിയെങ്കിൽ മാത്രമേ കർഷകർക്ക് ലാഭം ഉണ്ടാകുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു. കാർഷിക മേഖലയിൽ ആധുനിക യന്ത്രങ്ങൾ വാങ്ങുന്നതിന് ഈ വർഷം അഞ്ചു കോടി രൂപയാണ് സർക്കാർ വകയിരുത്തിയിരിക്കുന്നത്. കൃഷിയെ വ്യവസായ മേഖലയുമായി ബന്ധപ്പെടുത്തി മൂല്യവർധിത ഉൽപന്നങ്ങൾ നിർമ്മിച്ച് കർഷകർക്ക് കൂടുതൽ മെച്ചം ഉണ്ടാക്കുവാനും കാർഷികരംഗത്തെ ഉത്തേജിപ്പിക്കുവാനുമാണ് സർക്കാർ ശ്രമം. ഈ മാസം 27 മുതൽ 30 വരെ തൃശ്ശൂരിൽ നടത്തുന്ന വൈഗ അന്താരാഷ്ട്ര വർക്ക്ഷോപ്പ് കർഷകർക്ക് ആധുനിക വിപണിയുടെ സാധ്യതകൾ തിരിച്ചറിയുന്നതിന് സഹായിക്കും. കാർഷികമേഖലയുടെ വലിയ സാധ്യതകൾ തിരിച്ചറിയുവാൻ വൈഗ അന്താരാഷ്ട്ര പ്രദർശനം എല്ലാ കർഷകരും ജനപ്രതിനിധികളും ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
കൃഷിവകുപ്പ് വാങ്ങുന്ന യന്ത്രങ്ങൾ വെറുതെ കിടക്കുന്ന അവസ്ഥ ഒഴിവാക്കും. എല്ലാ പഞ്ചായത്തുകളിലും കൃഷി ശാസ്ത്രീയമായി സംഘടിപ്പിക്കുന്നതിനാണ് വകുപ്പ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രളയാനന്തരം കാർഷികമേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനായി ആവിഷ്കരിച്ച പുനർജ്ജനി പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ പച്ചക്കറിതൈ വിതരണവും മറ്റു പദ്ധതികളും വിജയകരമായി പുരോഗമിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി കാർഷികമേഖലയിൽ കൂടുതൽ തൊഴിൽദിനങ്ങൾ ലഭ്യമാക്കുവാൻ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രളയാനന്തരം കേരളത്തിനു മാത്രമായി പ്രത്യേകം അനുവദിച്ചിരിക്കുന്ന ഈ പദ്ധതിയുടെ കീഴിൽ തെങ്ങിൻ തൈകൾ ജൈവകീടനാശിനികൾ എന്നിവ വാങ്ങുവാനും സാധിക്കും. ഇതിനായി ബന്ധപ്പെട്ട പഞ്ചായത്തുകൾ ലേബർ ബജറ്റ് രൂപീകരിക്കണം. മാർച്ച് വരെ കാലാവധിയുള്ള ഈ പദ്ധതി പരമാവധി പ്രയോജനപ്പെടുത്തി കാർഷികരംഗത്തെ പുനരുജ്ജീവന പദ്ധതികൾ കാര്യക്ഷമമാക്കണമെന്നും അദ്ദേഹം പറഞ്ഞു. തോട്ടങ്ങളും പാടങ്ങളും ശുദ്ധീകരിക്കുവാനും തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിക്കാം. ചടങ്ങിൽ അംഗൻവാടി വർക്കർമാർക്കുള്ള 50 വാട്ടർ പ്യൂരിഫയറുകളുടെ വിതരണവും മന്ത്രി നിർവ്വഹിച്ചു.
ചടങ്ങിൽ അധ്യക്ഷത വഹിച്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുമിത് സുരേന്ദ്രൻ കൃഷിക്ക് പ്രാമുഖ്യം നൽകിയുള്ള ബ്ലോക്ക് പഞ്ചായത്തിന്റെ പ്രവർത്തനഫലമായി 51 ഹെക്ടർ തരിശുഭൂമി കൃഷിയോഗ്യമാക്കിയതായി അറിയിച്ചു. സംസ്ഥാനത്തു തന്നെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന പാമ്പാക്കുട ബ്ലോക്ക് മോഡൽ അഗ്രോസെന്റെറിന് കൊയ്ത്ത് മെതി യന്ത്രം ലഭിക്കുന്നതോടെ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലും സമീപപ്രദേശങ്ങളിലും നെൽകൃഷിയുടെ കാര്യത്തിൽ കാര്യക്ഷമമായി ഇടപെടാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ അഡ്വക്കേറ്റ് അനൂപ് ജേക്കബ് എം.എൽ.എ സ്ത്രീകൾക്കുള്ള തെങ്ങുകയറ്റ ഉപകരണങ്ങൾ കൈമാറി. കാലാവസ്ഥാവ്യതിയാനം മൂലമുള്ള കെടുതികൾ ഏറിവരുന്ന സാഹചര്യത്തിൽ കാർഷികമേഖലയിൽ പുതിയ ഇൻഷുറൻസ് പദ്ധതികൾ ആവിഷ്കരിക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. ചടങ്ങിൽ മൊബൈൽ പച്ചക്കറിതൈ വിൽപനശാലയുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്തംഗം അഡ്വക്കേറ്റ് കെ. എൻ സുഗതൻ നിർവ്വഹിച്ചു. പുനർജനി പച്ചക്കറി തൈ വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ബോളി കുര്യാക്കോസ് നിർവ്വഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജെസ്സി ജോണി, പാമ്പാക്കുട പഞ്ചായത്ത് പ്രസിഡണ്ട് സുഷമ മാധവൻ, രാമമംഗലം പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് മിനി കുമാരി, പാലക്കുഴ പഞ്ചായത്ത് പ്രസിഡണ്ട് ജോഷി സ്കറിയ, തിരുമാറാടി പഞ്ചായത്ത് പ്രസിഡണ്ട് ഒ.എൻ വിജയൻ, ഇലഞ്ഞി പഞ്ചായത്ത് പ്രസിഡണ്ട് ജോയിസ് മാമ്പിള്ളി, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയ ബിജുമോൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ശ്യാമള ഗോപാലൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. സി കുര്യാക്കോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഒ. കെ കുട്ടപ്പൻ, രമ കെ. എൻ, ഉഷ ശ്രീകുമാർ, ബിന്ദു സിബി, സന്തോഷ് കോരപ്പിള്ള, കെ. ജി ഷിബു, ലില്ലി ജോയി, അഡ്വ. ജിൻസൺ വി. പോൾ, മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ ഡയറക്ടർ ഷാജു ജേക്കബ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ ആശാ രവി, പ്രോജക്ട് ഡയറക്ടർ മായാ എസ്. നായർ, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഷൈനി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബൈജു ടി. പോൾ, ജിജി എലിസബത്ത് എന്നിവർ പ്രസംഗിച്ചു.