അയൽക്കൂട്ട അംഗങ്ങളുടെ സമഗ്രമായ ബോധവത്കരണം ലക്ഷ്യമിട്ട് നടപ്പാക്കുന്ന കുടുംബശ്രീ സ്‌കൂളിൽ ഈ വർഷം വിപുലമായ പങ്കാളിത്തം. കഴിഞ്ഞവർഷം തുടങ്ങിയ കുടുംബശ്രീ സ്‌കൂളിന്റെ രണ്ടാം ഘട്ടത്തിൽ പുത്തൻ പഠിതാക്കളായി എണ്ണായിരത്തിലധികം അംഗങ്ങളുണ്ട്. ആറുവിഷയങ്ങൾ ആറാഴ്ചകളിലായി രണ്ടു മണിക്കൂർ വീതമുള്ള ക്ലാസുകളിൽ പഠിപ്പിക്കുകയാണ് കുടുംബശ്രീ സ്‌കൂളുവഴി ലക്ഷ്യം വയ്ക്കുന്നത്. പുതുതായി രൂപീകരിച്ച 661 അയൽക്കൂട്ടങ്ങളിലെ എണ്ണായിരത്തോളം അംഗങ്ങൾക്ക് ഇത് പുതിയ അധ്യയന വർഷമാണ്. ജില്ലയിൽ ആകെ 9340 അയൽക്കൂട്ടങ്ങളിലായി 1.26 ലക്ഷം അംഗങ്ങളാണുള്ളത്. പങ്കെടുക്കുന്ന അംഗങ്ങളുടെ എണ്ണം കണക്കിലെടുത്താൽ ലോകത്തിലെ തന്നെ ഏറ്റവും വിപുലമായ പാഠ്യപദ്ധതിയാണ് കുടുംബശ്രീ സ്‌കൂൾ.
കഴിഞ്ഞ വർഷത്തേതിൽ നിന്ന് വിഭിന്നമായി നാലു ക്ലാസുകളാണ് ഈ വർഷം ഉൾപ്പെടുത്തിയിട്ടുള്ളത്. കുടുംബശ്രീ അയൽക്കൂട്ടം, പദ്ധതികൾ എന്നിവയുടെ ക്ലാസുകൾ കഴിഞ്ഞവർഷം നടത്തിയതിനാൽ അവയുടെ റിവിഷനും അയൽക്കൂട്ടങ്ങളിലെ കണക്കെഴുത്ത,് ധന മാനേജ്‌മെൻറ്, ഉപജീവന പദ്ധതികൾ, ദുരന്തനിവാരണപ്രവർത്തനം എന്നീ വിഷയങ്ങളും പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. 26 സി.ഡി.എസുകളിലും നടത്തുന്ന കുടുംബശ്രീ സ്‌കൂൾ ക്ലാസുകളിൽ അംഗങ്ങളുടെ സജീവപങ്കാളിത്തവുമുണ്ട്. കുടുംബശ്രീ സംഘടനാസംവിധാനത്തിൽ ഉൾപ്പെട്ട ഓരോ അംഗത്തിനും കുടുംബാംഗങ്ങൾക്കും ഏറെ പ്രയോജനമായ വിവരങ്ങൾ ലഭിക്കുന്നതുകൊണ്ട് വളരെ ആവേശത്തോടെയാണ് ക്ലാസുകളിൽ എല്ലാവരും പങ്കെടുക്കുന്നത്. പരിശീലനം ലഭിച്ച രണ്ടായിരത്തോളം റിസോഴ്‌സ് പേഴ്‌സൺമാരാണ് അയൽക്കൂട്ടങ്ങളിലെ ക്ലാസുകൾ നിയന്ത്രിക്കുന്നത്. ഒരു റിസോഴ്‌സ് പേഴ്‌സൺ ഏഴ് അയൽക്കൂട്ടങ്ങളിൽ ക്ലാസുകളെടുക്കും. എം.പിമാർ, എം.എൽ.എമാർ, മുഴുവൻ തദ്ദേശ ഭരണസ്ഥാപനങ്ങളിലെയും പ്രതിനിധികൾ, സാംസ്‌കാരിക നായകർ, കലകാരൻമാർ, കായിക താരങ്ങൾ തുടങ്ങിയവരെയെല്ലാം പലയിടങ്ങളിലും മുഖ്യാതിഥികളായി എത്തുന്നത് കുടുംബശ്രീ സ്‌കൂളിന്റെ പ്രചാരം വർധിപ്പിക്കുന്നുണ്ട്.