പൊതു, സ്വകാര്യയിടങ്ങളിൽ പീഡനത്തിനിരയാക്കപ്പെടുന്ന സ്ത്രീകൾക്കും കുട്ടികൾക്കും നീതി തേടി ഇനി പലവാതിലുകൾ കയറിയിറങ്ങേണ്ട. നീതിക്കായി സഖി വൺ സ്റ്റോപ്പ് കേന്ദ്രത്തെ ആശ്രയിക്കാം. ശാരീരികവും മാനസികവും ലൈംഗികവുമായി അതിക്രമങ്ങൾ നേരിടുന്നവർക്ക് പിന്തുണയും പരിഹാരവും നൽകുകയെന്ന ലക്ഷ്യത്തോടെ വനിതാ-ശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ കേന്ദ്ര സഹായത്തോടെ പ്രവർത്തിക്കുന്ന ‘സഖി വൺ സ്റ്റോപ്പ് കേന്ദ്രം’ ജില്ലയിലും പ്രവർത്തനം തുടങ്ങി. അതിക്രമങ്ങൾക്ക് ഇരയാകുന്നവർ നീതിക്കായി ആശുപത്രി, പൊലീസ് സ്റ്റേഷൻ, അഭയകേന്ദ്രങ്ങൾ, കൗൺസിലിങ് സ്ഥാപനങ്ങൾ തുടങ്ങിയ പലയിടങ്ങളിൽ കയറിയിറങ്ങുന്നത് ഇതോടെ ഒഴിവാക്കാൻ സാധിക്കും. ഇരുപത്തിനാലു മണിക്കൂറും സേവനങ്ങൾ നൽകുന്ന രീതിയിലാണ് സഖി വൺസ്റ്റോപ്പ് കേന്ദ്രം പ്രവർത്തിക്കുക. താൽക്കാലിക അഭയം, ചികിത്സ, നിയമസഹായം, പൊലീസ് സേവനം, കൗൺസിലിങ് തുടങ്ങിയ സൗകര്യങ്ങൾ സെന്ററിൽ ലഭിക്കും. വനിതാ-ശിശുവികസന വകുപ്പിന്റെ മേൽനോട്ടത്തിൽ ജില്ലാകളക്ടർ അധ്യക്ഷനായ സമിതിയാണ് സഖി വൺ സ്റ്റോപ്പ് സെന്ററിന് നേതൃത്വം നൽകുന്നത്. വനിതാ ഓഫീസർക്കാണ് കേന്ദ്രത്തിന്റെ ചുമതല. കൗൺസിലർ, ഡോക്ടർ, പൊലീസ്, അഭിഭാഷകർ, വനിതാ പ്രൊട്ടക്ഷൻ ഓഫീസർ തുടങ്ങിയവരുടെ സേവനം സെന്ററിൽ ലഭ്യമാണ്. പൊലീസ്, കോടതി നടപടികൾക്കായി ആവശ്യമെങ്കിൽ വീഡിയോ കോൺഫറൻസ് സൗകര്യവും സെന്ററിൽ ഏർപ്പെടുത്തും. അതിക്രമങ്ങൾ നേരിട്ടവർക്ക് അഞ്ച് ദിവസം വരെ സഖി കേന്ദ്രങ്ങളിൽ താമസിക്കാൻ സാധിക്കും. ജില്ലയിൽ കൽപറ്റ പഴയ ജനറൽ ഹോസ്പിറ്റൽ കോംപ്ലക്സിലാണ് സെന്റർ പ്രവർത്തിക്കുന്നത്.

എങ്ങനെ സഹായം തേടാം
ശാരീരിക, മാനസിക, ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകുന്നവർക്ക് സഖി കേന്ദ്രങ്ങളിൽ നേരിട്ടെത്താം. അല്ലെങ്കിൽ വനിത ഹെൽപ് ലൈൻ (1091), നിർഭയ ടോൾ ഫ്രീ (1800 425 1400), മിത്ര (181), ചൈൽഡ്ലൈൻ(1098) ഇവയിൽ ഏതെങ്കിലും നമ്പരിൽ വിളിച്ച് സേവനം ആവശ്യപ്പെടാം. പൊതു പ്രവർത്തകർക്കും സന്നദ്ധ സംഘങ്ങൾക്കും വിവരം അറിയിക്കാൻ സാധിക്കും.