സുൽത്താൻ ബത്തേരി നഗരസഭ 2019-20 വർഷത്തെ വികസന സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ ഉദ്ഘാടനം ചെയ്തു. 19.50 കോടി രൂപ വകയിരുത്തിയാണ് വാർഷിക പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. പശ്ചാത്തല മേഖലയിൽ അഞ്ചു കോടി, ഉത്പാദന മേഖലയിൽ 50 ലക്ഷം, സേവന മേഖലയിൽ രണ്ടു കോടി, ഹരിത കേരള മിഷൻ പദ്ധതികൾക്കുവേണ്ടി ഒരു കോടി, വനിത-കുട്ടികൾ-വയോജനങ്ങൾ-ഭിന്നശേഷിക്കാർ എന്നിവർക്കായി ഒന്നരക്കോടി, പട്ടികജാതി, പട്ടിക വർഗ്ഗ വിഭാഗത്തിൽ മൂന്നരക്കോടി, മറ്റുവികസന പ്രവർത്തനങ്ങൾക്കായി തനതുഫണ്ടിൽ നിന്ന് ആറു കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. നഗരസഭ ചെയർമാൻ ടി.എൽ. സാബു അധ്യക്ഷത വഹിച്ചു. നഗരസഭ ആസൂത്രണ സമിതി ചെയർമാൻ പ്രൊഫ. തോമസ് തേവര പദ്ധതി വിശദീകരണം നടത്തി. സ്ഥിരംസമിതി അംഗങ്ങളായ സി.കെ. സഹദേവൻ, ബാബു അബ്ദുറഹ്മാൻ, പി.കെ. സുമതി, എൽസി പൗലോസ്, വൽസ ജോസ് കൗൺസിലറായ പി.പി. അയ്യൂബ്, നഗരസഭ സെക്രട്ടറി അലി അസ്ഹർ തുടങ്ങിയവർ സംസാരിച്ചു.