പ്രളയത്തിലും മണ്ണിടിച്ചിലിലും ഭൂമിയും വീടും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി ഭൂമി വിട്ടുനൽകുന്നവരുടെ ഭൂ രജിസ്‌ട്രേഷൻ ഡിസംബറിൽ പൂർത്തിയാക്കും. ജില്ലാ കളക്ടർ എ.ആർ. അജയകുമാറിന്റെ അധ്യക്ഷതയിൽ ചേമ്പറിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ജില്ലയിൽ നിന്നും നിരവധിയാളുകൾ സൗജന്യമായി ഭൂമി നൽകാനായി സന്നദ്ധരായിട്ടുണ്ട്. ഭൂമി ലഭിക്കുന്ന വ്യക്തിയുടെ പേരിൽതന്നെ രജിസ്‌ട്രേഷൻ നടത്തി നൽകാനാണ് തീരുമാനം.
നൂൽപ്പുഴ പഞ്ചായത്തിൽ കെ.ജെ. ദേവസ്യ അഞ്ച് സെന്റ്, മാനന്തവാടിയിൽ വി.എം. രാജു എട്ടു സെന്റ്, തൊണ്ടർനാട് പി.കെ. വിജയൻ 30 സെന്റ്, കണിയാമ്പറ്റയിൽ എം.പി. വിൽസൺ 15 സെന്റ്, കോട്ടപ്പടി സി. രാധാകൃഷ്ണൻ അഞ്ച് സെന്റ്, മൂപ്പൈനാട് ഭദ്രൻ 30 സെന്റ്, എടവകപഞ്ചായത്തിൽ ബ്രാൻ മൊയ്തു 50 സെന്റ്, ജോർജ് 40 സെന്റ് എന്നിവരാണ് നിലവിൽ ഭൂമി വിട്ടുനൽകാൻ സന്നദ്ധരായവർ. ഭൂമി നഷ്ടപ്പെട്ടവരുടെ കണക്കനുസരിച്ച് അതാതു പഞ്ചായത്തുകളിൽതന്നെ ഭൂമി ലഭ്യമാക്കി രജിസ്‌ട്രേഷൻ പൂർത്തീകരിക്കാനാണ് ശ്രമം.