പ്രളയത്തിൽ സർവ്വതും നഷ്ടപ്പെട്ട ജനതയ്ക്ക് സഹായവുമായി വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി. പ്രളയകാലത്ത് ദുരിതത്തിലായ തൊണ്ടർനാട്, എടവക പഞ്ചായത്തിലെ നൂറു കുടുംബങ്ങൾക്ക് ജീവിതമാർഗം രൂപപ്പെടുത്താൻ സഹായം നൽകുകയാണ് മാനന്തവാടി രൂപതയുടെ സാമൂഹിക വികസന പ്രസ്ഥാനമായ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി. തൊണ്ടർനാട്, എടവക പഞ്ചായത്തുകളിൽനിന്നും അതതു പ്രദേശത്തെ ജനപ്രതിനിധികൾ ശുപാർശ ചെയത കുടുംബങ്ങൾക്കാണ് സഹായം നൽകുന്നത്.
ഓരോ കുടുംബത്തിനും കോഴിവളർത്തൽ, ആടുവളർത്തൽ, വാഴകൃഷി, കപ്പകൃഷി, കുരുമുളകുകൃഷി, കാപ്പികൃഷി എന്നിവക്കായി 22,900 രൂപ വീതമാണ് ലഭ്യമാക്കുന്നത്. ഓരോ ഗുണഭോക്താവിന്റെയും ബാങ്ക് അക്കൗണ്ടിൽ പണം നിക്ഷേപിക്കും. കാത്തലിക് റിലീഫ് സർവീസസ് ചെന്നൈയുമായി സഹകരിച്ചാണ് സൊസൈറ്റി പദ്ധതി നടപ്പിലാക്കുന്നത്.
സാമ്പത്തികസഹായത്തിനു പുറമേ പരിശീലനം, പഠനയാത്ര, വിദഗ്ധസമിതിയുടെ കൃഷിയിട സന്ദർശനം എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രളയത്തിൽ നിന്നും ജില്ലയിലെ ജനങ്ങളെ സാധാരണ രീതിയിലേക്ക് തിരിച്ചുകൊണ്ടുവരാൻ നിരവധി പേരാണ് സന്നദ്ധരായി മുന്നോട്ട് വന്നിട്ടുള്ളത്. മൃഗസംരക്ഷണ വകുപ്പിന്റെ ഡൊണേറ്റ് എ കൗ പദ്ധതി, മുള്ളൻകൊല്ലിയിൽ നടപ്പിലാക്കിയ എന്റെ കുഞ്ഞാടും പന്നികുഞ്ഞും പദ്ധതി എന്നിങ്ങനെ നിരവധി പദ്ധതികൾ വഴി നിരവധിയാളുകൾക്ക് സഹായം ലഭ്യമാക്കാൻ ജില്ലാ ഭരണകൂടവും വിവിധ വകുപ്പുകളും വിവിധ സംഘടനകളും വ്യക്തികളും പരിശ്രമിക്കുന്നുണ്ട്.
