കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ പൊഴുതന ഗ്രാമപഞ്ചായത്തില്‍ ടേക്ക് എവേ കൗണ്ടര്‍ പ്രവര്‍ത്തനം തുടങ്ങി. ഒരേ മാതൃകയില്‍ സംസ്ഥാനത്തുടനീളം സ്വാദിഷ്ടവും ഗുണമേന്മയുള്ളതുമായ ഭക്ഷണവിഭവങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം ആരംഭിച്ചിരിക്കുന്നത്. പ്രഭാതഭക്ഷണ വിഭവങ്ങള്‍, ബ്രോസ്റ്റഡ് വിഭവങ്ങള്‍, ചായയും വിവിധ ലഘുഭക്ഷണങ്ങളും ഉള്‍പ്പെടുത്തി ഉപഭോക്താക്കള്‍ക്ക് വേഗത്തിലും ശുചിത്വത്തോടെയും സേവനം ലഭ്യമാക്കുന്നതിനാണ് ടേക്ക് എവേ കൗണ്ടര്‍ ഒരുക്കിയിരിക്കുന്നത്. കൂടാതെ ഫുഡ് ഡെലിവറി സൗകര്യവും ഒരുക്കിയിട്ടുണ്ട്.

പ്രദേശവാസികള്‍ക്ക് കുറഞ്ഞ നിരക്കില്‍ രുചികരവും വിശ്വാസയോഗ്യവുമായ ഭക്ഷണം ലഭ്യമാക്കുന്നതോടൊപ്പം സ്ത്രീകള്‍ക്ക് സ്ഥിരമായ വരുമാന മാര്‍ഗവും തൊഴിലവസരവും സൃഷ്ടിക്കുന്നതില്‍ ടേക്ക് എവേ സംരംഭം നിര്‍ണായക പങ്ക് വഹിക്കും. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.പി ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ലിറിറ്റ് ലിനി അധ്യക്ഷയായി. പൊഴുതന ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.രാജേന്ദ്രന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ കെ.ആര്‍ ശോഭ, മാര്‍ക്കറ്റിങ് ഡി.പി.എം അര്‍ഷക് സുല്‍ത്താന്‍, ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ എം.എസ് മഹിജ, എം.ഇ.സി വിനീത എന്നിവര്‍ സംസാരിച്ചു.