കാക്കനാട്: ചെങ്ങമനാട് പഞ്ചായത്തിലെ തേറാട്ടികുന്ന് ജലസേചന പദ്ധതിയിലെ ക്രമക്കേടുകളെ കുറിച്ച് വിജിലൻസ് ആൻറ് ആന്റി കറപ്ഷൻ ബ്യൂറോ അന്വേഷിക്കും.പാലപ്രശ്ശേരി സ്വദേശി താജുദ്ദീൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ നടത്തിയ ഇടപെടലിനെ തുടർന്നാണ് ക്രമക്കേടുകളെ കുറിച്ച് വിജിലൻസ് അe ന്വഷണം ആരംഭിച്ചത്. വിജിലൻസ് എറണാകുളം ഡി.വൈ.എസ്.പി ക്കാണ് അന്വേഷണ ചുമതല. ചെങ്ങമനാട് പഞ്ചായത്ത് ഒന്നാം വാർഡിലെ തേറാട്ടികുന്ന്, പാലപ്രശ്ശേരി പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായാണ് 2015-16ൽ സ്ഥലം എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ അനുവദിച്ച് തേറാട്ടികുന്ന് ജലസേചന പദ്ധതി വിപുലീകരിച്ചത്. ആറ് മാസം കൊണ്ട് പണി പൂർത്തിയാക്കി ഉദ്ഘാടനം നടത്തുകയും ചെയ്തു. എന്നാൽ ഉദ്ഘാടനം നടത്തിയതല്ലാതെ പദ്ധതിയുടെ പ്രയോജനം പ്രദേശവാസികൾക്ക് ലഭിച്ചില്ല. പദ്ധതിക്ക് കീഴിൽ സ്ഥാപിച്ചിരുന്ന പൈപ്പുകൾ വിവിധ ഭാഗങ്ങളിൽ പൊട്ടിയതാണ് ഇതിന് കാരണം. പദ്ധതിയുടെ പ്രയോജനം ലഭിക്കാതായതോടെ നിർമ്മാണത്തിൽ ക്രമക്കേടുകൾ ആരോപിച്ച് നാട്ടുകാർ വിജിലൻസിനടക്കം പരാതികൾ നൽകി. വിജിലൻസ് പ്രാഥമികാന്വേഷണം നടത്തി തുടർ അന്വേഷണത്തിന് സർക്കാർ അനുമതിക്കായി കത്ത് നൽകി. എന്നാൽ വിജിലൻസ് ചുമതലയുള്ള അഡീ.ചീഫ് സെക്രട്ടറി ഇതിന് അനുമതി നൽകിയില്ല. കൂടാതെ തദ്ദേശ വകുപ്പിന്റെ വിജിലൻസിനോട് അന്വേഷണത്തിന് നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ എട്ട് മാസം പന്നിട്ടിട്ടും അന്വേഷണം നടത്താതിരുന്നതോടെയാണ് പരാതിക്കാരൻ ന്യൂനപക്ഷ കമ്മീഷന് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സർക്കാരിനോട് റിപ്പോർട്ട് തേടി. ഇതിനെ തുടർന്നാണ് അന്വേഷണം വിജിലൻസ് ഏറ്റെടുത്തത്. ഇക്കാര്യം കമ്മീഷനെ രേഖാമൂലം അറിയിക്കുകയും ചെയ്തു. കാലിക്കറ്റ് സർവ്വകലാശാല തങ്ങളുടെ മൈഗ്രേഷൻ സർട്ടിഫിക്കറ്റ് സർട്ടിഫിക്കറ്റ് തടഞ്ഞ് വച്ചിരിക്കുകയാണെന്ന് കാണിച്ച് രണ്ട് എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ നൽകിയ പരാതിയും തീർപ്പായി. കമ്മീഷൻ റിപ്പോർട്ട് ചോദിച്ചതോടെ സർവ്വകലാശാലക്ക് വേണ്ടി ഹാജരായ ഉദ്യോഗസ്ഥൻ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് നൽകിയ വിവരം അറിയിക്കുകയായിരുന്നു. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചെയർമാൻ പി.കെ.ഹനീഫയുടെ നേതൃത്വത്തിൽ നടന്ന സിറ്റിങ്ങിൽ 24 കേസുകളാണ് പരിഗണിച്ചത്. ഇതിൽ 9 എണ്ണം വിധി പറയാൻ വേണ്ടി മാറ്റി. പുതുതായി 3 പരാതികളും ലഭിച്ചു.
