പൾസ് പോളിയോ ഇമ്മ്യൂണൈസേഷന്റെ മൂന്നാം ദിനത്തിൽ സംസ്ഥാനത്ത് 84,558 കുട്ടികൾക്ക് ആരോഗ്യപ്രവർത്തകർ വീടുകളിലെത്തി വാക്‌സിൻ നൽകി. ഇതോടെ മൂന്നു ദിവസമായി നടന്ന പരിപാടിയിൽ ആകെ 19.8 ലക്ഷം കുട്ടികളിൽ 19.68 ലക്ഷം കുട്ടികൾ വാക്‌സിൻ സ്വീകരിച്ചു. സംസ്ഥാനത്തെ 5 വയസിനു താഴെയുള്ള 99.37 % കുട്ടികൾ ഇതിനോടകം വാക്‌സിൻ സ്വീകരിച്ചു. അവശേഷിക്കുന്ന കുട്ടികളെ ജൂലൈ 1 ബുധനാഴ്ച്ച ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലും പ്രവർത്തിക്കുന്ന വാക്‌സിനേഷൻ സെന്ററുകളിലെത്തിച്ച്‌ വാക്‌സിൻ സ്വീകരിക്കേണ്ടതാണ്.

കുട്ടികൾക്ക് വാക്‌സിൻ നൽകാൻ മുന്നോട്ടു വന്ന എല്ലാ രക്ഷാകർത്താക്കളെയും വിജയകരമായി പരിപാടി പൂർത്തിയാക്കിയ ആരോഗ്യപ്രവർത്തകരെയും വോളന്റീയർമാരായി പ്രവർത്തിച്ച അങ്കണവാടി, കുടുംബശ്രീ പ്രവർത്തകരെയും നഴ്സിംഗ് വിദ്യാർത്ഥികളെയും ആരോഗ്യകുപ്പ് മന്ത്രി കെ. മുരളീധരൻ അഭിന്ദിച്ചു.
അഞ്ചു വയസ്സുവരെയുള്ള എല്ലാ കുട്ടികളും മരുന്ന് സ്വീകരിക്കേണ്ടതുണ്ട്. നിലവിൽ മരുന്ന് സ്വീകരിക്കാത്ത എല്ലാ കുട്ടികളുടെയും മാതാപിതാക്കൾ ബുധനാഴ്ച്ച മരുന്ന് നൽകാൻ മുൻകൈയ്യെടുക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി അഭ്യർത്ഥിച്ചു.