നിലയ്ക്കല്‍ കെ എസ് ആര്‍ ടി സി ബസ് സ്റ്റേഷനില്‍ ശബരിമല സ്‌പെഷ്യല്‍ ഡ്യൂട്ടിക്കെത്തിയ ഡ്രൈവര്‍  പി ബി ദിലീപ് കുമാറിന് ചികിത്സയ്ക്ക് പോകാന്‍ അനുമതി നിഷേധിച്ചു എന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്ന് കെ എസ് ആര്‍ ടി സി നിലക്കല്‍ സ്‌പെഷ്യല്‍ ഓഫീസര്‍ അറിയിച്ചു. അകാരണമായി ജോലിസ്ഥലത്തു നിന്ന് മാറിനിന്നിട്ടുപോലും ഇദ്ദേഹത്തിന് ചികിത്സക്കായി നാല് ദിവസത്തെ ലീവ് നല്‍കിരുന്നു. എന്നാല്‍ മുഴുവന്‍ ഡ്യൂട്ടിയും ഒഴിവാക്കി വീട്ടില്‍ പോകാന്‍ അനുവദിക്കണം എന്ന ആവശ്യം നടക്കാത്തത്തതിനെ തുടര്‍ന്നാണ് ഡ്രൈവര്‍ ദിലീപ് കുമാര്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചത്.
 ദിലീപ് കുമാര്‍ ഡിസംബര്‍ 8,9,10 തീയതികളില്‍ മേലധികാരികളുടെ
മുന്‍കൂര്‍ അനുമതി കൂടാതെ ഡ്യൂട്ടിയില്‍നിന്ന് അനധികൃതമായി വിട്ടുനില്‍ക്കുകയും നിലക്കല്‍ ബസ് സ്റ്റേഷന്‍ വിട്ടുപോവുകയും ചെയ്തിരുന്നു. ഇത് മൂലം ബസ് സര്‍വീസുകള്‍ ക്യാന്‍സല്‍ ചെയ്യേണ്ടി വന്നിരുന്നു. തുടര്‍ന്ന് ഡിസംബര്‍ 11 ന് മാത്രമാണ് ഇദ്ദേഹം തിരികെ ഡ്യൂട്ടിയില്‍ പ്രവേശിച്ചത്. ഡ്യൂട്ടിയില്‍ നിന്നും വിട്ടുനിന്നതിന് തൃപ്തികരമായ വിശദീകരണം തരുവാനും ഇദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. മാത്രവുമല്ല ഡിസംബര്‍ 16-ന് നിലയ്ക്കല്‍ ബസ്സ് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മേലുദ്യോഗസ്ഥരെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതിനും നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാതെ സര്‍വീസ് നിര്‍ത്തിവച്ചതിനും ഇയാള്‍ക്കെതിരെ പരാതി ഉണ്ട്.
ഇതേതുടര്‍ന്ന് ഇദേഹത്തെ ഡിസംബര്‍ 17 ാം തീയതിയില്‍ തന്നെ ലൈന്‍
ഡ്യൂട്ടിയില്‍ നിന്നും മാറ്റിയിരുന്നു. തുടര്‍ന്ന് 17 ന് വൈകുന്നേരത്തോടെ  പി.ബി ദിലീപ് കുമാര്‍ ആശുപത്രിയില്‍ പോകാന്‍ അവധിക്ക് അപേക്ഷിക്കുകയും അന്നുതന്നെ അദ്ദേഹത്തിന് നാല് ദിവസത്തെ ലീവ് അനുവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഡ്യൂട്ടിയില്‍നിന്ന് വിടുതല്‍ ചെയ്ത് വീട്ടിലേക്കയക്കണം എന്നും അല്ലാത്തപക്ഷം തനിക്ക് ലീവ് വേണ്ട എന്നുമായിരുന്നു ഇയാളുടെ പ്രതികരണം.  പിറ്റേന്ന് 18-ാം തീയതി ഗ്രൗണ്ട് ഡ്യൂട്ടി എന്ന് പറഞ്ഞ് സ്വയം ഡ്യൂട്ടിയ്ക്ക് നില്‍ക്കുകയും, പ്രസ്തുത സമയം ഇയാള്‍ വിശ്രമിക്കുന്ന ഫോട്ടോ എടുത്ത് മേലധികാരികളെ കുറ്റപ്പെടുത്തുന്ന രീതിയിലുള്ള വാര്‍ത്ത നല്‍കുകയുമാണ് ഉണ്ടായിട്ടുള്ളത്.
അവശ്യ സര്‍വീസായ ശബരിമല സര്‍വീസിന് എത്തുന്ന ജീവനക്കാര്‍
ചിലര്‍ നിസ്സാര രോഗ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് നാട്ടിലേക്ക് മടങ്ങണം എന്ന് ആവശ്യപ്പെടുന്ന പ്രവണത വര്‍ധിച്ചുവരികയാണ്. ശബരിമല സര്‍വീസ് പോലെ 24 മണിക്കൂറും തിരക്കേറിയ ഒരു സ്ഥലത്തെ സര്‍വീസ് നടത്തിപ്പിന് കടുത്ത ബുദ്ധിമുട്ടാണ് ഈ പ്രവണത മൂലം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 20 ദിവസം മാത്രമാണ് പരമാവധി ഒരു ജീവനക്കാരനെ ശബരിമല സര്‍വീസില്‍ നിയോഗിക്കുന്നത്. ഭൂരിഭാഗം ജീവനക്കാരും സേവനമനസ്ഥിതിയോടു കൂടി ജോലി ചെയ്യുമ്പോള്‍ കേവലം ന്യൂനപക്ഷമായ ഇത്തരം ജീവനക്കാര്‍ മറ്റ് ജീവനക്കാരുടെ കൂടി ആത്മവിശ്വാസം നശിപ്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനമാണ് നടത്തിവരുന്നത്.
ഡ്യൂട്ടിക്കിടയില്‍ രോഗം ബാധിക്കുന്ന ജീവനക്കാര്‍ക്ക് നിയമമനുസരിച്ചുള്ള
എല്ലാ പരിഗണനയും ചികിത്സയും നല്‍കാന്‍ കോര്‍പ്പറേഷന്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ഇതുവരെ പനി മൂലം 9 ജീവനക്കാരേയും മഞ്ഞപ്പിത്തം മൃലം 2 ജീവനക്കാരേയും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ മൂലം 4 ജീവനക്കാരേയും ചിക്കന്‍ പോക്‌സ് കാരണം ഒരു ജീവനക്കാരനേയും മറ്റ് പലതരം രോഗങ്ങള്‍ മുഖാന്തിരം 12 പേരേയും റിലീവിംഗ് ഓര്‍ഡര്‍ നല്‍കി വിട്ടയച്ചിട്ടുണ്ടെന്നും കെ എസ് ആര്‍ ടി സി സ്‌പെഷ്യല്‍ ഓഫീസര്‍ അറിയിച്ചു.