പതിനെട്ടാംപടിക്ക് തൊട്ടടുത്ത് അയ്യപ്പന്‍മാര്‍ക്ക് സ്വസ്ഥമായി ഇരുന്ന് നെയ്‌ത്തേങ്ങയില്‍ നിന്നും നെയ്യ് പാത്രത്തിലേക്ക് പകരാം. ഇതിനായി പ്രത്യേക സ്ഥലം തിരിച്ചു നല്‍കി. ഭണ്ഡാരപ്പടിക്ക് താഴെ വാവര് നടക്ക് അഭിമുഖമായാണ് പ്രത്യേക ബ്ലോക്കായി സ്ഥലം നല്‍കിയിട്ടുള്ളത്. രാവിലെ മൂന്ന് മുതല്‍ ഉച്ചവരെയാണ് നെയ്യ് പകരാന്‍ ഈ സ്ഥലം അനുവദിച്ചിട്ടുള്ളത്.  ഉച്ചകഴിയുന്നതോടെ ഇവിടെ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ കഴുകി വൃത്തിയാക്കും. തിരക്ക് വര്‍ധിക്കുന്നതോടെ തേങ്ങയില്‍ നിന്നും നെയ്യ് പകരാന്‍ സ്ഥലമില്ലാതെ ബുദ്ധിമുട്ട് അനുഭവച്ചിരുന്ന അയ്യപ്പന്‍മാര്‍ക്ക് ഈ സ്ഥലം അനുഗ്രഹമാണ്. മാത്രവുമല്ല ഈ സ്ഥലം ബാരിക്കേഡ് തിരിച്ച് വേര്‍തിരിച്ചതിനാല്‍ സംഘമായി പോകുന്ന മറ്റ് അയ്യപ്പന്‍മാരുടെ തിരക്കും ഇവരെ ബാധിക്കുന്നില്ല.   ഇവിടെ നെയ്യ് പകരുന്ന അയ്യപ്പന്‍മാര്‍ കേന്ദ്രീകരിക്കുന്നതോടെ ക്ലീനിങ് തൊഴിലാളികള്‍ക്കും ജോലി എളുപ്പമായി. നൂറുകണക്കിന് അയ്യപ്പന്‍മാര്‍  സംഘമായി എത്തിയതോടെ ഇവടം ഭക്തിസാന്ദ്രമായ സങ്കേതമായി മാറിക്കഴിഞ്ഞു.