ശബരിമല: ശബരിമല തീർഥാടകരുടെ ബാഗും മറ്റും മോഷ്ടിക്കാനെത്തിയ വൻസംഘം പമ്പയിൽ പോലീസിന്റെ പിടിയിലായി. തമിഴ്നാട്ടിൽ നിന്നുള്ള തിരുട്ട്സംഘാംഗങ്ങളാണ് പ്രത്യേക പോലീസ് സംഘത്തിന്റെ പിടിയിലായത്. തേനി കമ്പം ചെല്ലാണ്ടിയമ്മാൾ തെരുവിൽ ഡോർ നമ്പർ 22 സിയിൽ ചിന്നയ്യാർ മകൻ അയ്യനാർ(58), ഡിണ്ടിഗൽ ആത്തൂർ നടുത്തെരുവിൽ ഡോർനമ്പർ 52ൽ ശങ്കർ മകൻ മുരുകൻ എന്ന മണിമുരുകൻ(55), ഡോർ നമ്പർ 8ൽ രാജാ മകൻ പളനിച്ചാമി(48), ആണ്ടിപ്പെട്ടി വടക്ക് തെരുവ് ഡോർനമ്പർ 49ൽ പെരുമാൾ മകൻ രവി(48), ആന്ധ്രാപ്രദേശ് നെല്ലൂർ ബോഗവാലു സ്വദേശി ബാബു മകൻ ബെനാല കൈഫ എന്നിവരെയാണ് പമ്പാ ത്രിവേണിയ്ക്ക് സമീപത്തുനിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി ഡോ. സതീഷ് ബിനോയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിനെ തുടർന്നാണ് സംഘം പിടിയിലായത്. അയ്യനാർ തലവനായുള്ള സംഘത്തിൽ മുരുകൻ, പളനിച്ചാമി എന്നിവർ കഴിഞ്ഞ 20 വർഷമായി മണ്ഡല മകരവിളക്ക്, വിഷു, മാസപൂജ കാലയളവിൽ മോഷണകേസുകളിൽ പിടിക്കപ്പെട്ട് ജയിൽവാസം അനുഭവിച്ചിട്ടുള്ളവരാണ്. ഇവർ നൂറോളം കേസുകളിൽ പ്രതികളുമാണ്. അയ്യപ്പന്മാർ ദർശനത്തിന് തിരക്കുകൂട്ടുന്ന പമ്പാഗണപതി കോവിൽ, സന്നിധാനം ഫ്ളൈ ഓവർ, സോപാനം, കന്നിമൂല ഗണപതികോവിൽ, മാളികപ്പുറം എന്നിവിടങ്ങളിലും മലകയറി വിശ്രമിക്കുന്ന നീലിമല, അപ്പാച്ചിമേട്, ശബരീപീഠം തുടങ്ങിയ സ്ഥലങ്ങളിലും അയ്യപ്പന്മാരുടെ തോൾസഞ്ചി ബ്ലേഡ് ഉപയോഗിച്ച് അറുത്ത് പണവും മൊബൈലും വിലപിടിപ്പുള്ള മറ്റ് വസ്തുക്കളും മോഷ്ടിക്കുന്നതാണ് ഇവരുടെ രീതി. അയ്യപ്പവേഷത്തിൽ എത്തുന്ന മോഷ്ടാക്കളെ തിരിച്ചറിയുക വളരെ പ്രയാസമാണ്. മോഷണം നടത്തിയ ശേഷം വനത്തിൽ കയറി പണം വീതംവെച്ച് ഒഴിഞ്ഞ പേഴ്്സുകളും മറ്റും ഉപേക്ഷിക്കുകയും ശേഷം സംഘത്തിലെ ഒരാൾ പണവും മൊബൈലുമായി മടങ്ങുകയും മറ്റുള്ളവർ വനത്തിൽതന്നെ തങ്ങുകയുമാണ് ഇവരുടെ രീതി. ഇതേ രീതിയിൽതന്നെ മോഷണം നടത്തിയ തമിഴ്നാട് തേനി സ്വദേശി സുരുളിനാഥൻ(45) കഴിഞ്ഞദിവസം പമ്പയിലും തേനി സ്വദേശികളായ ആറുപേർ സന്നിധാനത്തും പിടിയിലായിരുന്നു. പമ്പാ സർക്കിൾ ഇൻസ്പെക്ടർ കെ.എസ്. വിജയൻ, എസ്.ഐമാരായ ഗോപകുമാർ, ഇബ്രാഹിംകുട്ടി, സന്നിധാനം എസ്.ഐ. പ്രജീഷ്, ഷാഡോ പോലീസ് അംഗങ്ങളായ അജി ശാമുവേൽ, രാധാകൃഷ്ണൻ, ഹരികുമാർ, സുജിത്ത്, പമ്പാ സ്റ്റേഷനിലെ സീനിയർ സി.പി.ഒമാരായ അനിൽ, മോഹൻലാൽ, ഉദയൻ എന്നിവർ ഉൾപ്പെട്ട അന്വേഷണസംഘമാണ് ഇവരെ പിടികൂടിയത്.