സംസ്ഥാനത്തെ എല്ലാ ഐ.ടി.ഐകളും ദേശീയ-അന്തര്‍ദ്ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞെന്ന് തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. മയ്യനാട് സര്‍ക്കാര്‍ ഐ.ടി.ഐയുടെ ഉദ്ഘാടനവും ശാസ്താംകോവില്‍ സര്‍ക്കാര്‍ എല്‍.പി. സ്‌കൂളിന്റെ പുതിയ കെട്ടിട സമര്‍പ്പണവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഐ.ടി.ഐയിലെ പരിശീലന പദ്ധതിയില്‍ കാതലായ മാറ്റങ്ങള്‍ വരുത്തി ആധുനികവല്‍കരണം നടത്തുകയാണ്. ഉന്നതനിലവാരത്തിലുള്ള സ്മാര്‍ട് ക്ലാസ് റൂമുകളും     പുതിയ സാങ്കേതിക വിദ്യയ്ക്കനുസരിച്ചുള്ള പഠനരീതികളും നടപ്പാക്കും. ഇന്നുള്ള ട്രേഡുകളില്‍ കാലഹരണപ്പെട്ടവ  നിര്‍ത്തലാക്കി ആധുനിക കാലത്തിന് അനുയോജ്യമായ  ട്രേഡുകള്‍ തുടങ്ങും.
മികച്ച നിലവാരം പുലര്‍ത്തുന്ന ട്രെയിനികള്‍ക്ക് വിദേശരാജ്യങ്ങളില്‍  ഉന്നതപരിശീലനത്തിന് അവസരമൊരുക്കുകയുമാണ്. 57 ട്രെയിനികളെ   സിംഗപ്പൂരിലേക്ക് അയച്ചിരുന്നു. മറ്റു രാജ്യങ്ങളിലേക്കും  പരിശീലനത്തിന് അവസരമൊരുക്കാനാണ് തീരുമാനം.
ഇടുക്കി ചിത്തിരപുരത്ത് ഭാഷാന്യൂനപക്ഷങ്ങള്‍ക്കായുള്ള ഐ.ടി.ഐ ആരംഭിക്കും. അങ്കമാലി, വെള്ളമുണ്ട, പീലിക്കോട് എന്നിവിടങ്ങളിലും ഐ.ടി.ഐ. തുടങ്ങുന്നുണ്ട്. വ്യാവസായിക പരിശീലനരംഗത്ത് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
വ്യാവസായിക പരിശീലനവകുപ്പിനു കീഴില്‍ ആരംഭിക്കുന്ന മയ്യനാട് ഗവണ്‍മെന്റ് ഐ.ടി.ഐ ഗവണ്‍മെന്റ് അധികാരമേറ്റശേഷം ആരംഭിക്കുന്ന പതിമൂന്നാമത്തേതാണ്.   പുതിയവ ആരംഭിക്കുന്നതോടൊപ്പം നിലവിലുള്ള സ്ഥാപനങ്ങളുടെ നിലവാരം ഉയര്‍ത്തുകയും ചെയ്യും.
ഐ.ടി.ഐ വിദ്യാര്‍ഥികളും ഇന്‍സ്ട്രക്ടര്‍മാരും ഉള്‍പ്പെടുന്ന നൈപുണ്യകര്‍മ്മസേന പ്രളയകാലത്ത് നടത്തിയ സേവനപ്രവര്‍ത്തനം കണക്കിലെടുത്ത് അതൊരു  സ്ഥിരം സംവിധാനമാക്കുന്നത് പരിഗണനയിലുമാണ്.
സംസ്ഥാന തീരദേശ വികസന കോര്‍പറേഷന്റെ സാങ്കേതിക-ധനസഹായത്തോടെ നിര്‍മ്മിച്ച മയ്യനാട് ശാസ്താംകോവില്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ കെട്ടിടം കൂടി സമര്‍പ്പിക്കുയാണ് – മന്ത്രി പറഞ്ഞു.
എം. നൗഷാദ് എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം എസ്. ഫത്തഹുദീന്‍, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജീവ്, മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍. ലക്ഷ്മണന്‍, മറ്റു പഞ്ചായത്ത് അംഗങ്ങള്‍, കെ.എസ്. സി.എ.ഡി.സി. ചീഫ് എഞ്ചിനീയര്‍ ബി.ടി.വി. കൃഷ്ണന്‍, മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍, പി.ടി.എ ഭാരവാഹികള്‍, അധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.