സമൂഹത്തില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന എല്ലാ വിഭാഗങ്ങള്‍ക്കും അര്‍ഹമായ സേവനവും സംരക്ഷണവും ലക്ഷ്യമിട്ട് വല്ലപ്പുഴ ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച സാമൂഹികനീതി – വനിത ശിശു വികസന സര്‍വീസ് പ്രൊവൈഡിങ് സെന്ററിന്റെയും ഭിന്നശേഷി സൗഹൃദ ഫ്രണ്ട് ഓഫീസിന്റെയും ഉദ്ഘാടനം വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. നന്ദ വിലാസിനി നിര്‍വഹിച്ചു. സാര്‍വദേശീയ തലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള കുട്ടികളുടെ അവകാശപ്രഖ്യാപന രേഖയിലെ നാല് സുപ്രധാന അവകാശങ്ങളായ അതിജീവനം, വികസനം, സംരക്ഷണം, പങ്കാളിത്തം, എന്നിവ എല്ലാ കുട്ടികള്‍ക്കും ഉറപ്പുവരുത്തുക, പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും അര്‍ഹതപ്പെട്ട സുരക്ഷയും സേവനങ്ങളും ലഭ്യമാക്കുക , ഭിന്നശേഷി വിഭാഗങ്ങളുടെ അവകാശ സംരക്ഷണം ഉറപ്പുവരുത്തുക വയോജനങ്ങള്‍ കിടപ്പുരോഗികള്‍ തുടങ്ങിയവര്‍ക്ക് പ്രത്യേക പരിഗണന നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തിയാണ് സാമൂഹ്യനീതി വനിത ശിശുവികസന സര്‍വീസ് പ്രൊവൈഡിങ്ങ് സെന്റര്‍ പ്രവര്‍ത്തിക്കുക. സംസ്ഥാനത്തെ ആദ്യ സെന്ററാണ് വല്ലപ്പുഴയിലേത്.

വനിത ശിശുവികസന വകുപ്പ് അംഗന്‍വാടികളിലൂടെ ലഭ്യമാക്കുന്ന സേവനങ്ങള്‍ അര്‍ഹരായവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക, ഗര്‍ഭിണികള്‍ക്ക് അടിസ്ഥാനസൗകര്യങ്ങളും സേവനങ്ങളും കൃത്യമായി ലഭ്യമാക്കുക, കൗമാരപ്രായത്തിലുള്ള പെണ്‍കുട്ടികള്‍ക്ക് സുരക്ഷയും ആരോഗ്യപരവുമായ സേവനങ്ങളും നല്‍കുക, പ്രതിരോധകുത്തിവയ്പ് 100 ശതമാനം നടപ്പിലാക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് ആരോഗ്യവകുപ്പുമായി സംയോജിച്ച് ഉറപ്പുവരുത്തുക, കുട്ടികള്‍ക്കായുള്ള വൈകല്യ നിര്‍ണ്ണയ ക്യാമ്പുകള്‍ സംഘടിപ്പിക്കുക, കിടപ്പുരോഗികളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പുവരുത്തി അതുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് പരിഹാരം കണ്ടെത്തുക തുടങ്ങിയ സേവനങ്ങളാണ് സെന്ററില്‍ നിന്നും ലഭിക്കുക. കൂടാതെ സ്ത്രീ സുരക്ഷ ഉറപ്പാക്കുകക, സ്ത്രീകള്‍ക്കും കൗമാരപ്രായം പെണ്‍കുട്ടികള്‍ക്കും കൗണ്‍സിലിങ്ങ് സൗകര്യം, അടിയന്തിരഘട്ടങ്ങളില്‍ സ്ത്രീകള്‍ക്ക് ഒരു ദിവസത്തെ സുരക്ഷിത താമസസൗകര്യം ഉറപ്പാക്കുക , ഭിന്നശേഷി വിഭാഗങ്ങള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങളും സേവനങ്ങളും സംബന്ധിച്ച അറിവ് നല്‍കുക ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശം തുടര്‍നടപടികള്‍ എന്നിവ ചെയ്തുകൊടുക്കുക, ഭിന്നശേഷി അവകാശനിയമം , നാഷണല്‍ ട്രസ്റ്റ് ആക്റ്റ് , ശൈശവവിവാഹം എന്നിവയെക്കുറിച്ച് ബോധവല്‍ക്കരണം നല്‍കുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുക, സ്ത്രീകളുടെ അവകാശം – സ്ത്രീസുരക്ഷാ നിയമങ്ങള്‍ എന്നിവയില്‍ അവബോധം നല്‍കുക തുടങ്ങിയ സേവനങ്ങളും സര്‍വ്വീസ് പ്രൊവൈഡിങ്ങ് സെന്ററിലൂടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാവും. വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കല്ലിങ്ങല്‍ ഹംസ അധ്യക്ഷനായി. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ പി.മീര, ഐ.സി.ഡി. എസ്. സൂപ്പര്‍വൈസര്‍ കെ. ജയശ്രീ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.