രാജ്യാന്തര ചലച്ചിത്രമേളയുടെ ഫെസ്റ്റിവല്‍ ഓഫീസും ഡെലിഗേറ്റ് സെല്ലും ടാഗോര്‍ തിയേറ്ററില്‍ പ്രവര്‍ത്തനം തുടങ്ങി. സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി. ശ്രീകുമാറാണ് ഫെസ്റ്റിവല്‍ ഓഫീസ് ഉദ്ഘാടനം ചെയ്തത്. സംസ്ഥാന ചലച്ചിത്രവികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍ ഡെലിഗേറ്റ് സെല്‍ ഉദ്ഘാടനം ചെയ്തു.
സംവിധായകന്‍ ടി.വി ചന്ദ്രന്‍, ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ ബീന പോള്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ സിബി മലയില്‍, ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം വി.കെ ജോസഫ്, ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
 **
 ആദ്യ പാസ് മോളി തോമസിന്
രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ് വിതരണം തുടങ്ങി. ഡെലിഗേറ്റായ മോളി തോമസിന് സംവിധായകന്‍ ടി.വി ചന്ദ്രന്‍ ആദ്യ പാസ് നല്‍കിയാണ് പാസ് വിതരണം ആരംഭിച്ചത്. മേളയുടെ ജനകീയത ഉറപ്പാക്കിക്കൊണ്ട് തെരഞ്ഞെടുക്കപ്പെട്ട ഡെലിഗേറ്റിനാണ് ആദ്യ പാസ് നല്‍കിയത്. ടാഗോര്‍ തിയേറ്ററില്‍ സജ്ജീകരിച്ച ഡെലിഗേറ്റ് സെല്ലിലെ 12 കൗണ്ടറുകളില്‍ നിന്നായി പാസുകള്‍ വിതരണം ചെയ്തു തുടങ്ങി. സാങ്കേതിക സഹായത്തിനായി മറ്റ് രണ്ട് കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്. ആദ്യദിവസം തന്നെ ആയിരക്കണക്കിന് ഡെലിഗേറ്റുകളാണ് പാസ് വാങ്ങാനായി എത്തിയത്.
**
മീഡിയ സെല്‍ ഇന്ന് മുതല്‍ (07)  ടാഗോറില്‍
രാജ്യാന്തര ചലച്ചിത്രമേളയുടെ മീഡിയ സെല്‍ പ്രധാന വേദിയായ ടാഗോര്‍ തിയേറ്ററില്‍ ഇന്ന് (07.12.2017) രാവിലെ 11 ന് പ്രവര്‍ത്തനമാരംഭിക്കും. മാധ്യമങ്ങള്‍ക്ക് വാര്‍ത്തകളും ദൃശ്യങ്ങളും സെല്ലില്‍ നിന്ന് ലഭ്യമാക്കും. അച്ചടി-ദൃശ്യ-ശ്രവ്യ-ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കായി പ്രത്യേക സൗകര്യങ്ങളാണ് മീഡിയ സെല്ലില്‍ ഒരുക്കിയിരിക്കുന്നത്. രാവിലെ മുതല്‍ ഫെസ്റ്റിവല്‍ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ ഇ-മെയിലിലൂടെയും വാട്‌സ് ആപിലൂടെയും വെബ്‌സൈറ്റ് വഴിയും അപ്‌ഡേറ്റ് ചെയ്യും. മേളയിലെ അനുബന്ധ പരിപാടികളുടെ ലൈവ് സ്ട്രീമിങ് ഫേസ്ബുക്ക് വഴി ലഭ്യമാക്കും.
മേളയുടെ ഭാഗമാകുന്ന ലോകോത്തര ചലച്ചിത്ര പ്രതിഭകളുടെ  വിശദാംശങ്ങളടങ്ങിയ പ്രൊഫൈലുകളും മീഡിയ സെല്ലില്‍ ഒരുക്കിയിട്ടുണ്ട്. ഒപ്പം മേളയുടെ ചരിത്രം രേഖപ്പെടുത്തുന്ന ലഘുലേഖയും ലഭ്യമാണ്. രാവിലെ 9 മുതല്‍ രാത്രി 10.30 വരെയാകും സെല്ലിന്റെ പ്രവര്‍ത്തനം.
മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള മീഡിയ പാസുകളുടെ വിതരണം ഇന്നു മുതല്‍ (07.12.2017) ടാഗോര്‍ തിയേറ്ററില്‍ ആരംഭിക്കും. വൈകീട്ട് 4 മണി മുതല്‍ മീഡിയ സെല്ലില്‍ ക്രമീകരിച്ചിട്ടുള്ള പ്രത്യേക കൗണ്ടറില്‍ നിന്ന് പാസുകള്‍ കൈപ്പറ്റാവുന്നതാണ്.
**
മലയാള സിനിമയുടെ നവതി: 
പ്രദര്‍ശനം ഡിസംബര്‍ 7ന് തുടങ്ങും
2018 ല്‍ 90 വര്‍ഷം പൂര്‍ത്തിയാക്കുന്ന മലയാള സിനിമയുടെ നാഴികക്കല്ലുകള്‍ അടയാളപ്പെടുത്തുന്ന പ്രദര്‍ശനം   ഡിസംബര്‍ ഏഴിന്  പതിനൊന്നു മണിക്ക് കനകക്കുന്ന് കൊട്ടാരത്തില്‍ ആരംഭിക്കും. ചടങ്ങില്‍ നടന്‍ മധു, നടി ഷീല, ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി എന്നിവര്‍ പങ്കെടുക്കും. ചലച്ചിത്രമേളയോടനുബന്ധിച്ച്  ചലച്ചിത്ര അക്കാദമിയും  ചലച്ചിത്ര വികസന കോര്‍പറേഷനും സംയുക്തമായാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. പ്രശസ്ത നിശ്ചല ഛായാഗ്രാഹകന്‍ പി.ഡേവിഡിന്റെ ശേഖരത്തില്‍നിന്നുള്ള പഴയകാല ഫോട്ടോകള്‍ പ്രദര്‍ശനത്തിന്റെ മുഖ്യ ആകര്‍ഷണമാണ്.