നവംബര്‍ 10ന് കാസര്‍കോട് ജില്ലയില്‍ ആരോഗ്യ മന്ത്രി കെ. മുരളീധരന്റെ നേതൃത്വത്തില്‍ നടക്കുന്ന കായകല്‍പം പൊതുജന സമ്പര്‍ക്ക പരിപാടിയുടെ സുഗമമായ നടത്തിന് സംഘടാക സമിതി രൂപീകരിച്ചു. കല്ലട്ര മാഹിന്‍ എം.എല്‍.എ രക്ഷാധികാരിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം ചെയര്‍പേഴ്സണുമായുള്ള സംഘാടക സമിതിയാണ് രൂപീകരിച്ചത്.സംഘാടകസമിതി യോഗം കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ള കുഞ്ഞി ചെര്‍ക്കള ഉദ്ഘാടനം ചെയ്തു. ആരോഗ്യ മേഖലയില്‍ ജില്ല നേരിടുന്ന അപര്യാപ്തതകള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനുള്ള അവസരമായി മന്ത്രിയുടെ സന്ദര്‍ശനത്തെ ഉപയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയുടെ വിജയത്തിന് വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ യോഗം തീരുമാനിച്ചു.

കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ടി രേഖ സംഘാടക സമിതി അംഗങ്ങളുടെ പാനല്‍ അവതരിപ്പിച്ചു. ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വസന്തന്‍ അജക്കോട്, കാസര്‍കോട് നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ കെ.എം ഹനീഫ്, നഗരസഭ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ മെഹറുന്നിസ ഹമീദ്, ചെങ്കള ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ശാന്തകുമാരി, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ധന്യ ദയാനന്ദ് തുടങ്ങിയവര്‍ സംസാരിച്ചു.

പരിപാടിയില്‍ പൊതുജനങ്ങള്‍ക്ക് പരാതികള്‍ സമര്‍പ്പിക്കാനുള്ള അവസരം ഉണ്ടാകും. ഒരു റിസപ്ഷന്‍ കൗണ്ടറും പരാതികള്‍ സമര്‍പ്പിക്കുന്നതിനായി അഞ്ചു നിയമസഭാ മണ്ഡലങ്ങള്‍ക്കും പ്രത്യേകം കൗണ്ടറുകളും കണ്‍വെന്‍ഷന്‍ ഹാളിന് പുറത്ത് പ്രവര്‍ത്തിക്കും. ഓരോ കൗണ്ടറുകളിലും അടിസ്ഥാന സൗകര്യം, ജീവനക്കാരുടെ വിഷയം, എന്‍ഡോസള്‍ഫാന്‍, മറ്റ് പരാതികള്‍ എന്നിങ്ങനെ പ്രത്യേകം സെക്ഷനുകളിലായി പരാതികള്‍ സ്വീകരിച്ച് തല്‍സമയം ഇ-ഓഫീസ് സംവിധാനത്തിലൂടെ ഫയലുകള്‍ അപ് ലോഡ് ചെയ്യും.

നവംബര്‍ 10ന് ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ചെട്ടുംകുഴി റോയല്‍ കണ്‍വെന്‍ഷന്‍ ഹാളില്‍ നടക്കുന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ കല്ലട്ര മാഹിന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ജില്ലയിലെ മറ്റ് എം.എല്‍.എമാരായ എ.കെ.എം അഷ്‌റഫ്, കെ. നീലകണ്ഠന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, സന്ദീപ് വാര്യര്‍ എന്നിവര്‍ പങ്കെടുക്കും. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയാകും. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ശര്‍മ്മിള മേരി ജോസഫ് പദ്ധതി വിശദീകരിക്കും. ജില്ലാ കളക്ടര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

കാസര്‍കോട് നഗരസഭ ചെയര്‍പേഴ്സണ്‍ ഷാഹിന സലീം, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ളകുഞ്ഞി ചെര്‍ക്കള എന്നിവരാണ് വൈസ് ചെയര്‍പേഴ്സണ്‍മാര്‍. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ടി രേഖ കണ്‍വീനറും എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ ജെയ് പി ബാല്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആയുഷ്) ഡോ. ഇന്ദു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ഡോ. രേഷ്മ, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ധന്യ ദയാനന്ദ്, ജില്ലാ ടി.ബി ഓഫീസര്‍ ഡോ. കെ. സന്തോഷ് എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരുമാണ്.