ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകളില്‍ നടപ്പിലാക്കുന്ന രക്ഷകര്‍ത്തൃ ശാക്തീകരണ പരിപാടിയായ ദിശ 2026ന് തുടക്കമായി. പരിപാടിയുടെ ആദ്യഘട്ടമായി ഭിന്നശേഷി മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ വകുപ്പുകളിലെ പ്രതിനിധികള്‍ക്കും പഞ്ചായത്ത് പ്രതിനിധികള്‍ക്കുമായി സംഘടിപ്പിച്ച ജില്ലാതല ഓറിയന്റേഷന്‍ പ്രോഗ്രാം ജില്ലാ കളക്ടര്‍ ശ്രീധന്യ സുരേഷ് ഉദ്ഘാടനം ചെയ്തു.

ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എ.സേവ്യര്‍ അധ്യക്ഷത വഹിച്ചു. സ്‌പെഷ്യല്‍ സെല്‍ ഫോര്‍ റിഹാബിലിറ്റേഷന്‍ ഓഫ് എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് ഡെപ്യൂട്ടി കലക്ടര്‍ രാരാ രാജ് ചടങ്ങില്‍ സംസാരിച്ചു.
രക്ഷകര്‍ത്തൃ ശാക്തീകരണ പരിപാടിയുടെ ഭാഗമായി നടന്ന ക്ലാസിന് സ്റ്റേറ്റ് ഇനിഷ്യേറ്റീവ് ഓണ്‍ ഡിസബിലിറ്റീസ് ജില്ലാ കോര്‍ഡിനേറ്റര്‍ എം.എസ്. സാവിത്രി നേതൃത്വം നല്‍കി. കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ റീജിയണല്‍ ഡയറക്ടര്‍ ഡോ. പി.പി. സൗമ്യ സ്വാഗതവും കാഞ്ഞങ്ങാട് വയോമിത്രം കോ-ഓര്‍ഡിനേറ്റര്‍ സി.രാജേഷ് നന്ദിയും പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലകളിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെയും അവരുടെ കുടുംബങ്ങളുടെയും ക്ഷേമം ഉറപ്പാക്കുകയാണ് ദിശ 2026ന്റെ ലക്ഷ്യം. രക്ഷകര്‍ത്താക്കളെ ശാക്തീകരിക്കുന്നതിനൊപ്പം വിവിധ വകുപ്പുകളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ഏകോപനം ശക്തിപ്പെടുത്തി ഭിന്നശേഷിക്കാര്‍ക്ക് കൂടുതല്‍ ഫലപ്രദമായ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും പരിപാടി ലക്ഷ്യമിടുന്നു.