ഭവനരഹിതരായ നിര്‍ധന കുടുംബങ്ങള്‍ക്ക് തണലായി കുടുംബശ്രീ ‘ശ്രീഭവനം ഒരുമയിലുയരും കൂട്’ പദ്ധതി. കുടുംബശ്രീ അംഗങ്ങളുടെ കൂട്ടായ പങ്കാളിത്തത്തിലൂടെയും സ്‌പോണ്‍സര്‍ഷിപ്പിലൂടെയും വിഭവസമാഹരണം നടത്തിയാണ് പദ്ധതി പ്രവര്‍ത്തനം. ഒരു കമ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റിയുടെ (സി.ഡി.എസ്) നേതൃത്വത്തില്‍ ഒരു വീട് നിര്‍മിച്ചു നല്‍കുകയാണ് ലക്ഷ്യം. ജില്ലാ മിഷന്‍ ആരംഭിച്ച പദ്ധതിയില്‍ ആദ്യ വീടൊരുക്കിയത് ചീമേനി തുറവിലെ ചന്ദ്രകല മനോജിനായിരുന്നു.

പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ പത്ത് വീടുകളുടെ നിര്‍മാണം അവസാനഘട്ടത്തിലാണ്. കുടുംബശ്രീയുടെ കൂട്ടായ്മയിലൂടെ ഭവനരഹിതര്‍ക്ക് വീട് ഒരുക്കുന്ന ഈ മാതൃക മലപ്പുറം ജില്ലാ മിഷനും നടപ്പാക്കാന്‍ ഒരുങ്ങുകയാണ്. കൂടുതല്‍ കുടുംബങ്ങള്‍ക്ക് സുരക്ഷിതമായ പാര്‍പ്പിടം ഉറപ്പാക്കുന്നതിനൊപ്പം ജനകീയ പങ്കാളിത്തത്തിലൂടെ ഭവനനിര്‍മാണം സാധ്യമാക്കുന്ന മാതൃകയായി പദ്ധതിയെ വികസിപ്പിക്കുകയാണ് കുടുംബശ്രീയുടെ ലക്ഷ്യം.

ദാരിദ്ര്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പദ്ധതി ആവിഷ്‌കരിച്ചത്. കുടുംബശ്രീ അംഗങ്ങളുടെ വീടുകളില്‍ കുടുക്കകള്‍ സ്ഥാപിച്ച് 100 ദിവസം സംഭാവന സമാഹരിക്കുകയാണ് ചെയ്യുന്നത്. ഓരോ അംഗവും ദിവസവും കുറഞ്ഞത് ഒരു രൂപ വീതം ഇതില്‍ നിക്ഷേപിക്കും. ശരാശരി 4,500 അംഗങ്ങളുള്ള ഒരു സി.ഡി.എസിന് 100 ദിവസം കൊണ്ട് 4.5 ലക്ഷം രൂപ സമാഹരിക്കാനാകും. അംഗങ്ങളുടെ എണ്ണത്തിനനുസരിച്ച് തുക ലക്ഷ്യത്തിലെത്തിക്കാന്‍ ആവശ്യമായ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ സ്ഥാപനങ്ങളില്‍നിന്നും വ്യക്തികളില്‍നിന്നും സ്‌പോണ്‍സര്‍ഷിപ്പിലൂടെ നിര്‍മാണ സാമഗ്രികളും മറ്റ് സഹായങ്ങളും സമാഹരിക്കുകയും ചെയ്യുന്നു. സന്നദ്ധപ്രവര്‍ത്തകരുടെയും തൊഴിലാളി കൂട്ടായ്മകളുടെയും സഹകരണത്തോടെ നിര്‍മാണച്ചെലവ് കുറയ്ക്കാനും ശ്രമിക്കുന്നുണ്ട്. അതിദരിദ്രരായ ഭവനരഹിത കുടുംബങ്ങള്‍ക്ക് സുരക്ഷിത പാര്‍പ്പിടം ഇതിലൂടെ ഉറപ്പാക്കുന്നു. സി.ഡി.എസ് ഭരണസമിതികളുടെ നേതൃത്വത്തില്‍ പ്രത്യേക പരിശോധന നടത്തിയാണ് അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്തുന്നത്.

പദ്ധതിയുടെ പ്രചാരണം, ഫണ്ട് സമാഹരണം, നിര്‍മാണം, വീട് കൈമാറ്റം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സി.ഡി.എസ് തലത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, സി.ഡി.എസ്-എ.ഡി.എസ് ഭാരവാഹികള്‍, ഗുണഭോക്താവ്, സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ അടങ്ങിയ സമിതികള്‍ രൂപീകരിച്ചാണ് പ്രവര്‍ത്തനം. സംഘാടക സമിതിയില്‍നിന്ന് തിരഞ്ഞെടുക്കുന്ന മൂന്നംഗ ഉപസമിതിക്കാണ് ദൈനംദിന നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ചുമതല. രണ്ടാഴ്ചയിലൊരിക്കല്‍ സമിതി യോഗം ചേര്‍ന്ന് പുരോഗതി വിലയിരുത്തുകയും വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിച്ച് അംഗീകാരം നേടുകയും ചെയ്യുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സി.ഡി.എസ് ചെയര്‍പേഴ്സണ്‍, മെമ്പര്‍ സെക്രട്ടറി എന്നിവരുടെ പേരില്‍ പ്രത്യേക ബാങ്ക് അക്കൗണ്ടും ആരംഭിക്കുന്നു. കൃത്യമായ നിരീക്ഷണത്തിലൂടെ നാലുമാസത്തിനകം വീട് നിര്‍മാണം പൂര്‍ത്തിയാക്കാനും പദ്ധതി വിഭാവനം ചെയ്യുന്നു.