ആന്റണി ജോണിന്റെ കുടുംബത്തിന് തൊഴില്‍ മന്ത്രി രണ്ടു ലക്ഷം രൂപ ധനസഹായം നല്‍കി
ആനുകൂല്യങ്ങള്‍ അര്‍ഹര്‍ക്ക് നല്‍കാന്‍ പദ്ധതികളിലെ നിയമങ്ങള്‍ക്കപ്പുറത്ത് മാനുഷിക മുഖവുമായി തൊഴിലും നൈപുണ്യവും വകുപ്പ്. ഇക്കഴിഞ്ഞ ജൂണ്‍ 11-ന് അറബിക്കടലില്‍ നങ്കൂരമിട്ടിരിക്കുകയായിരുന്ന കാര്‍മ്മല്‍ മാതാ എന്ന ഫിഷിംഗ് ബോട്ടില്‍ പനാമാ രജിസ്‌ട്രേഷനുള്ള അബര്‍ എന്ന വിദേശ കപ്പല്‍ ഇടിച്ച് മരണപ്പെട്ട കന്യാകുമാരി കുളച്ചല്‍ സ്വദേശി ആന്റണി ജോണ്‍ എന്ന ബോട്ട് തൊഴിലാളിയുടെ കുടുംബത്തിന് പ്രത്യേക പരിഗണന നല്‍കാന്‍ ക്ഷേമപദ്ധതികളുടെ നിയമത്തിനപ്പുറത്ത് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ നടത്തിയ ഇടപെടലാണ് ഒരു കുടുംബത്തിന് ആശ്വാസമാകുന്നത്.
ആന്റണിക്ക് വിദ്യാര്‍ഥികളായ രണ്ടു പെണ്‍മക്കളാണുണ്ടായിരുന്നത്. ആന്റണി ജോണിന്റെ ഭാര്യ നേരത്തേ മരണപ്പെട്ടിരുന്നു. മാതാപിതാക്കളുടെ മരണത്തോടെ അനാഥരായി മാറിയ രണ്ടു പെണ്‍കുട്ടികളും ഇപ്പോള്‍ ആന്റണി ജോണിന്റെ സഹോദരന്‍ ജസ്റ്റിന്റെ സംരക്ഷണയിലാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ജസ്റ്റിന്‍ കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതിയില്‍ സങ്കട ഹര്‍ജി നല്‍കിയിരുന്നു.
എന്നാല്‍ ആന്റണി ജോണ്‍ കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതിയില്‍ അംഗമല്ലാത്തതിനാല്‍ ആനൂകൂല്യം നല്‍കാന്‍ പദ്ധതിയില്‍ വ്യവസ്ഥയില്ലെന്ന് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സര്‍ക്കാരിനെ അറിയിച്ചു. വിഷയം ശ്രദ്ധയില്‍ വന്നതോടെ തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ഇത് സര്‍ക്കാരിന്റെ പരിഗണനയ്ക്ക് എത്തിക്കുകയും മാനുഷിക പരിഗണനയുടെ പേരില്‍ പ്രത്യേകമായി ഇത് കൈകാര്യം ചെയ്യാന്‍ നിര്‍ദേശിക്കുകയുമായിരുന്നു.
ഇതിന്റെയടിസ്ഥാനത്തില്‍ 2010-ലെ കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതിയുടെ പ്രത്യേക ഫണ്ടില്‍ നിന്നും മരണാനന്തര ധനസഹായമായി രണ്ടു ലക്ഷം രൂപ അനുവദിക്കുകയുമായിരുന്നു. സെക്രട്ടേറിയറ്റ് സൗത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ചടങ്ങില്‍ മരണപ്പെട്ട ആന്റണിയുടെ മക്കളായ സെല്‍സിയ , ജനീഫ എന്നിവര്‍ മന്ത്രിയില്‍ രണ്ടു ലക്ഷം രൂപ മരണാനന്തര സഹായധനം ഏറ്റുവാങ്ങി.
ചടങ്ങില്‍ ലേബര്‍ കമ്മീഷണര്‍ കെ.ബിജു,അഡീ.ലേബര്‍ കമ്മീഷണര്‍മാരായ എ.അലക്‌സാണ്ടര്‍, കെ.ഓ.ജോര്‍ജ്ജ്, റീജണലല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍മാര്‍, ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ ന്നെിവര്‍ പങ്കെടുത്തു.