രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടക്കം. സിയാദ് ദൗയിരി സംവിധാനം ചെയ്ത ലെബനീസ് ചിത്രം ‘ദ ഇന്‍സള്‍ട്ട്’ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് എട്ടു ദിവസം നീണ്ടുനില്‍ക്കുന്ന ചലച്ചിത്രോത്സവത്തിന് തുടക്കമാകുക. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിനു ശേഷം വൈകീട്ട് 6 മണിക്ക് ചിത്രം പ്രദര്‍ശിപ്പിക്കും. മാധബി മുഖര്‍ജി, പ്രകാശ് രാജ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

ടാഗോര്‍, കലാഭവന്‍, കൈരളി, ശ്രീ, നിള എന്നീ തിയേറ്ററുകളില്‍ ഇന്ന് രാവിലെ മുതല്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ടാഗോര്‍ തിയേറ്ററില്‍ രാവിലെ 10 ന് ‘കിംഗ് ഓഫ് പെക്കിംഗ്’, കൈരളിയില്‍ ‘ഹോളി എയര്‍’, 10.15 ന് കലാഭവനില്‍ ‘വുഡ് പെക്കേഴ്സ്’, ശ്രീയില്‍ ‘ഡോഗ്സ് ആന്റ് ഫൂള്‍സ്’, 10.30 ന് നിളയില്‍ ‘ദ ബ്ലസ്ഡ്’ എന്നീ ചിത്രങ്ങളുടെ പ്രദര്‍ശനമാകും നടക്കുക.
14 തിയേറ്ററുകളിലായി ആകെ 445 പ്രദര്‍ശനങ്ങളുള്ള മേളയില്‍ 65 രാജ്യങ്ങളില്‍ നിന്നുള്ള 190 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. സീറ്റുകള്‍ നേരത്തെ റിസര്‍വ് ചെയ്യാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ഡെലിഗേറ്റുകള്‍ക്ക് പ്രദര്‍ശനത്തിന് ഒരു ദിവസം മുമ്പ് ഐഎഫ്എഫ്കെ വെബ്സൈറ്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവ ഉപയോഗിച്ചോ റിസര്‍വ് ചെയ്യാം. വേദികളില്‍ സജ്ജമാക്കിയിട്ടുള്ള ഹെല്‍പ് ഡെസ്‌ക്കുകള്‍ വഴി രാവിലെ എട്ടു മുതല്‍ വൈകീട്ട് ഒന്‍പതുവരെ റിസര്‍വേഷന്‍ സൗകര്യമുണ്ടാകും. ഒരു പാസില്‍ ദിവസം മൂന്ന് സിനിമകള്‍ക്ക് റിസര്‍വ് ചെയ്യാം. റിസര്‍വേഷനില്‍ മാറ്റം വരുത്താനോ പാസില്ലാതെ പ്രവേശിക്കാനോ അനുമതിയില്ല. റിസര്‍വ് ചെയ്ത ഡെലിഗേറ്റുകള്‍ എത്താത്ത സാഹചര്യത്തില്‍ ആ സീറ്റുകളിലേക്ക് ക്യൂവിലുള്ളവരെ പരിഗണിക്കും.
ഭിന്നശേഷിക്കാരായ ഡെലിഗേറ്റുകള്‍ക്കായി റാമ്പുള്‍പ്പെടെയുള്ള പ്രത്യേക സൗകര്യങ്ങളും ക്യൂ നില്‍ക്കാതെ പ്രവേശിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഡെലിഗേറ്റുകള്‍ എത്തുന്ന മേള 15 ന് സമാപിക്കും.

ജൂറി അംഗങ്ങള്‍ എത്തിത്തുടങ്ങി, 4 ജൂറി ചിത്രങ്ങള്‍ പ്രദര്‍ശനത്തിന്

രാജ്യാന്തര ചലച്ചിത്രമേളയുടെ ജൂറി അംഗങ്ങള്‍ തിരുവനന്തപുരത്ത് എത്തിത്തുടങ്ങി. ഹോങ്കോങ്ങില്‍ നിന്നുള്ള ലോകപ്രശസ്ത ഫിലിം എഡിറ്റര്‍ മേരി സ്റ്റീഫന്‍ ആണ് ആദ്യം എത്തിയത്. മറ്റംഗങ്ങള്‍ ഇന്നും നാളെയുമായി നഗരത്തിലെത്തും. തലസ്ഥാനത്തെ വിവിധ ഹോട്ടലുകളിലാണ് ഇവര്‍ക്ക് താമസസൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യാന്തര പാനലില്‍ 5 ജൂറി അംഗങ്ങളും ഫിപ്രസി, നെറ്റ്പാക് പാനലുകളില്‍ 3 വീതം അംഗങ്ങളുമാണുള്ളത്.

വിവിധ അന്താരാഷ്ട്ര മേളകളുടെ ഡയറക്ടറും വിഖ്യാത ചലച്ചിത്ര നിര്‍മാതാവുമായ മാര്‍ക്കോ മുള്ളര്‍ ആണ് ഇത്തവണത്തെ ജൂറി ചെയര്‍മാന്‍. വെനീസ്, റോട്ടര്‍ഡാം, തുടങ്ങി അനേകം ലോകപ്രശസ്ത ചലച്ചിത്രമേളകളുടെ ഡയറക്ടര്‍ ആയിരുന്നു ഇറ്റലിക്കാരനായ മുള്ളര്‍. ഇദ്ദേഹം നാളെ നഗരത്തിലെത്തും.

ജൂറി പാനലില്‍ മാര്‍ക്കോ മുള്ളര്‍ക്കൊപ്പം പ്രശസ്ത മലയാളി സംവിധായകന്‍ ടി.വി. ചന്ദ്രന്‍, കൊളംബിയന്‍ നടന്‍ മര്‍ലന്‍ മൊറീനോ, ഫ്രഞ്ച് എഡിറ്റര്‍ മേരി സ്റ്റീഫന്‍, ആഫ്രിക്കന്‍ ചലച്ചിത്രപണ്ഡിതന്‍ അബൂബേക്കര്‍ സനാഗോ എന്നിവരാണുള്ളത്.

നാല് ചിത്രങ്ങളാണ് ജൂറി ഫിലിംസ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ടി.വി ചന്ദ്രന്‍ സംവിധാനം ചെയ്ത ഡാനി, മര്‍ലന്‍ മൊറീനോ അഭിനയിച്ച കൊളംബിയന്‍ ചിത്രം ”ഡോഗ് ഈറ്റ് ഡോഗ്”, മാര്‍ക്കോ മുള്ളര്‍ നിര്‍മിച്ച അലക്‌സാണ്ടര്‍ സോകുറോവ് ചിത്രം ”ദി സണ്‍”, മേരി സ്റ്റീഫന്‍ എഡിറ്റിംഗ് നിര്‍വഹിച്ച ”ദി സ്വേയിങ് വാട്ടര്‍ലില്ലി” എന്നീ ചിത്രങ്ങളാണ് ഈ വിഭാഗത്തിലുള്ളത്. മാനുഷിക ബന്ധങ്ങളിലെ ആന്തരിക സംഘര്‍ഷങ്ങളും ചരിത്രപരവും സാമൂഹികവുമായ വിഷയങ്ങളും കൈകാര്യം ചെയ്യുന്ന ചിത്രങ്ങളാണ് ഈ വിഭാഗത്തിലുള്ളത്. ജൂറി അംഗങ്ങളുടെ സിനിമാവൈദഗ്ധ്യം വിളിച്ചോതുന്ന ചിത്രങ്ങളാണിവ.

ഫിപ്രസി ജൂറിപാനലില്‍ പ്രശസ്ത മലയാളി സിനിമാപണ്ഡിതനും നിരൂപകനുമായ മധു ഇറവങ്കര അംഗമാണ്. ഫിന്നിഷ് മാധ്യമപ്രവര്‍ത്തകനും നിരൂപകനുമായ ഹാരി റോംബോട്ടി, തുര്‍ക്കിയില്‍ നിന്നുള്ള സെനം അയ്തക് എന്നിവരാണ് മറ്റ് ഫിപ്രസി ജൂറി അംഗങ്ങള്‍. ഫ്രഞ്ച് സിനിമാ നിരൂപകനായ മാക്സ് ടെസ്സിയെര്‍, മുംബൈയില്‍ നിന്നുള്ള ഫിലിം എഡിറ്റര്‍ നന്ദിനി രാംനാഥ്, സൗത്ത് കൊറിയന്‍ നടന്‍ ജി ഹൂണ്‍ ജോ എന്നിവരാണ് നെറ്റ്പാക് ജൂറി അംഗങ്ങള്‍.
ജൂറി അംഗങ്ങള്‍ക്കുള്ള പ്രത്യേക പ്രദര്‍ശനം ഏരീസ് പ്ലെക്സ് തിയറ്ററിലാണ് സജ്ജീകരിച്ചിരിക്കുന്നത്.

മേളയില്‍ ഇന്ന് 16 ചിത്രങ്ങള്‍

രാജ്യാന്തര ചലച്ചിത്രമേളയുടെ ആദ്യദിനമായ ഇന്ന് (ഡിസംബര്‍ 8) ഉദ്ഘാടന ചിത്രം സിയാദ് ദൗയിരിയുടെ ദി ഇന്‍സള്‍ട്ട് ഉള്‍പ്പെടെ 16 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. അഞ്ച് തിയേറ്ററുകളിലായി റെട്രോസ്പെക്ടീവ്, കണ്ടംപററി, ലോക സിനിമാ വിഭാഗങ്ങളിലുള്ള സിനിമകളാണ് ഇന്ന് പ്രദര്‍ശനത്തിനെത്തുന്നത്. അലക്സാണ്ടര്‍ സുകുറോവിന്റെ ഫ്രാങ്കോ ഫോനിയ, മഹ്മല്‍ സലെ ഹാറൂണിന്റെ ഡ്രൈ സീസണ്‍ എന്നിവയാണ് റെട്രോസ്പെക്ടീവ്, കണ്ടംപററി വിഭാഗങ്ങളില്‍ നിന്നായി ഇന്ന് പ്രദര്‍ശിപ്പിക്കുന്നത്. കൈരളി, ശ്രീ, നിള, കലാഭവന്‍, ടാഗോര്‍ എന്നീ തിയേറ്ററുകളിലായി 13 ചിത്രങ്ങളാണ് ലോക സിനിമാ വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തുക. സമൂഹത്തിന്റെ അടിസ്ഥാനപരമായ വിലക്കുകള്‍ക്കെതിരെ പോരാടാന്‍ തുനിയുന്ന പെണ്‍കുട്ടിയുടെ കഥ പറയുന്ന സദഫ് ഫറോഖിയുടെ ഇറാനിയന്‍ ചിത്രം ആവ, തെരേസ വില്ലവെയര്‍ദയുടെ പോര്‍ച്ചുഗല്‍ ചിത്രം കോളോ, അലി മുഹമ്മദ് ഖസേമിയുടെ ഇറാനിയന്‍ ചിത്രം ഡോഗ്സ് ആന്റ് ഫൂള്‍സ്, വിശുദ്ധ നാട്ടില്‍ അപ്രത്യക്ഷരായിക്കൊണ്ടിരിക്കുന്ന ക്രിസ്ത്യന്‍ – അറബ് ന്യൂനപക്ഷ വംശജരുടെ കഥ പറയുന്ന ഷാദി സ്രോറിന്റെ ഇസ്രായേലി ചിത്രം ഹോളി എയര്‍, പൗലോ തവിയാനി, വിറ്റോറിയോ തവിയാനി എന്നിവരുടെ ഇറ്റാലിയന്‍ ചിത്രം റെയിന്‍ബോ എ പ്രൈവറ്റ് അഫയര്‍, ദുര്‍മന്ത്രവാദിനിയായി മുദ്രകുത്തപ്പെട്ട 8 വയസുകാരി ഷുലയുടെ കഥ പറയുന്ന റുങ്കാനോ നയോനിയുടെ ബ്രിട്ടീഷ് ചിത്രം ഐ ആം നോട്ട് എ വിച്ച്, കാലിന്‍ പീറ്റര്‍ നെറ്റ്സെറിന്റെ റുമേനിയന്‍ ചിത്രം അന, മോണ്‍ ആമോര്‍ സാം വൗറ്റസിന്റെ ചൈനീസ് ചിത്രം കിങ് ഓഫ് പെക്കിങ്, സിനിമയ്ക്കുള്ളിലെ സിനിമയുടേയും സംവിധായികയായ ഇറാനിയന്‍ സ്ത്രീയുടെയും കഥ പറയുന്ന ഷിറിന്‍ നെഷത്ത്, ഷോജ അസറി എന്നിവരുടെ ജര്‍മ്മന്‍ചിത്രം ലുക്കിംഗ് ഫോര്‍ ഔം കുല്‍ത്തും, സോഫിയ ഡാമയുടെ ഫ്രഞ്ച് ചിത്രം ദ ബ്ലസ്ഡ്, ജോനല്‍ കോസ്‌കുള്വേലയുടെ ക്യൂബന്‍ ചിത്രം എസ്തബന്‍, ജോസ് മരിയ കാബ്രലിന്റെ ഡൊമിനിക്കന്‍ റിപ്പബ്ലിക് ചിത്രം വുഡ് പെക്കേഴ്സ്, റെയ്നര്‍ സാമറ്റിന്റെ എസ്റ്റോണിയന്‍ ചിത്രം നവംബര്‍ എന്നിവയാണ് ലോക സിനിമാവിഭാഗത്തില്‍ ഇന്ന് പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍.

ചിത്രം ചരിത്രം

നവതിയുടെ നിറവിലേക്ക് നീങ്ങുന്ന മലയാള സിനിമയുടെ ചരിത്രമുള്‍ക്കൊള്ളുന്ന ഫോട്ടോ പ്രദര്‍ശനം ശ്രദ്ധേയമാകുന്നു. രാജ്യാന്തര ചലച്ചിത്ര മേളയോടനുബന്ധിച്ച് ചലച്ചിത്ര അക്കാദമിയുടെയും ചലച്ചിത്ര വികസന കോര്‍പറേഷന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചിത്ര പ്രദര്‍ശനം നടന്‍ മധു ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. നിശ്ചല ഛായാഗ്രാഹകന്‍ പി. ഡേവിഡ് പകര്‍ത്തിയ സിനിമ മേഖലയിലെ അപൂര്‍വ നിമിഷങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിശ്ചല ഛായാഗ്രാഹണ മേഖലയില്‍ 55 വര്‍ഷം പിന്നിടുന്ന ഡേവിഡിനെ നടന്‍ മധു പൊന്നാടയണിയിച്ച് ആദരിച്ചു. മലയാള സിനിമയുടെ 90 വര്‍ഷങ്ങള്‍ ഒന്നിച്ചു കാണുന്ന പ്രതീതിയാണ് ഉണ്ടായതെന്ന് മധു പറഞ്ഞു. ചലച്ചിത്ര അക്കാദമിയുടെ ഒരു വര്‍ഷത്തെ പ്രവര്‍ത്തങ്ങളെക്കുറിച്ച് തയാറാക്കിയ ‘സ്മരണിക’ ശ്രീകുമാരന്‍ തമ്പി നടി ഷീലയ്ക്ക് നല്‍കി പ്രകാശനം ചെയ്തു.

ഭാര്‍ഗവി നിലയം മുതല്‍ നായര് പിടിച്ച പുലിവാല്, അഹിംസ, സതി, തുടങ്ങി അമരം വരെയുള്ള ചിത്രങ്ങളുടെ ലൊക്കേഷന്‍ സ്റ്റില്ലുകളും സത്യന്‍, വിന്‍സെന്റ്, രജനീകാന്ത്, ജോണ്‍ എബ്രഹാം, ഐ.വി ശശി, തുടങ്ങിയ നിരവധി ചലച്ചിത്രകാരന്മാരുടെ ചിത്രീകരണ നിമിഷങ്ങളും ഉള്‍പ്പെടുത്തി തയാറാക്കിയ ‘ഓര്‍മ ചിത്രങ്ങള്‍’ എന്ന പ്രത്യേക വിഭാഗം ഷീല ഉദ്ഘാടനം ചെയ്തു. ആദ്യകാല സിനിമ ഉപകരണങ്ങളുടെ പ്രദര്‍ശനം ഇതിന്റെ മറ്റൊരു ആകര്‍ഷണമാണ്. 1928 ല്‍ പുറത്തിറങ്ങിയ ആദ്യ നിശബ്ദ ചിത്രം ‘വിഗതകുമാരന്‍’ ചിത്രീകരിച്ച ഡെബ്രി ക്യാമറയുടെ മോഡല്‍ മുതല്‍ അരീസ് പ്ലക്‌സ് 16, റോളക്സ് തുടങ്ങിയ ക്യാമറകളും സിങ്ക് മീറ്റര്‍ സപ്ലൈസര്‍, മൂവിയോള എന്നീ സിനിമാ ഉപകരണങ്ങളും പ്രദര്‍ശനത്തിലുണ്ട്. കനകകുന്ന് കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ കെ.ടി.ഡി.സി ചെയര്‍മാന്‍ എം വിജയകുമാര്‍, സംവിധായകന്‍ ശ്രീകുമാരന്‍ തമ്പി, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, നടി ഷീല, അക്കാദമി എക്സിക്യുട്ടീവ് കൗണ്‍സില്‍ അംഗം സിബി മലയില്‍, സംവിധായകന്‍ ടി.കെ. രാജീവ്കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.