* സിദ്ധ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു
കൗമാരക്കാരായ പെൺകുട്ടികളുടെ വിളർച്ചയും ശാരീരിക മാനസിക സമ്മർദവും അകറ്റുന്നതിനുള്ള സിദ്ധ ചികിത്സാരീതി നടപ്പാക്കുന്നതിനുള്ള കന്യാജ്യോതി പദ്ധതി സംസ്ഥാനത്ത് വ്യാപിപ്പിക്കുമെന്ന് ആരോഗ്യ, സാമൂഹികനീതി, ആയുഷ് വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. സിദ്ധദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത്  നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ചുരുങ്ങിയ കാലയളവിനുള്ളിൽ ആയുഷ് വകുപ്പുമായി ബന്ധപ്പെട്ട് വലിയ ഉണർവ് സൃഷ്ടിക്കാൻ കഴിഞ്ഞതായും സിദ്ധ ചികിത്സാമേഖലയിൽ ഒട്ടേറെ കാര്യങ്ങൾ നടപ്പാക്കാനായതായും മന്ത്രി പറഞ്ഞു.
സിദ്ധ മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നതിന് അനുകൂലമായ മനോഭാവമാണ് സർക്കാരിനുള്ളത്. സിദ്ധ ചികിത്സാരീതി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എട്ട് ജില്ല ആയുർവേദ ആശുപത്രികളിൽ പുതുതായി സിദ്ധ യൂണിറ്റുകൾ ആരംഭിച്ചു. ആധുനിക വൈദ്യശാസ്ത്രത്തിനു കടന്നുചെല്ലാൻ കഴിയാത്ത മേഖലകളിലേക്ക് എത്താൻ ആയുഷിനു കഴിയണം. ജീവിതശൈലിരോഗങ്ങൾക്കെതിരെ, ജീവിതചര്യകളിൽ മാറ്റം വരുത്താൻ ആയുർവേദവും സിദ്ധയും ഉൾപ്പെടെയുള്ള വൈദ്യശാസ്ത്രശാഖകൾക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു.
ദിനാചരണത്തോട് അനുബന്ധിച്ചു സംഘടിപ്പിച്ചിരിക്കുന്ന മെഡിക്കൽ ക്യാമ്പിന്റെയും എക്‌സ്‌പോയുടെയും ഉദ്ഘാടനം റവന്യൂ മന്ത്രി ഇ. ചന്ദ്രേശഖരൻ നിർവഹിച്ചു. പരമ്പരാഗത വൈദ്യശാസ്ത്രശാഖകൾക്ക് ഇന്നത്തെ കാലത്തിന് അനുസൃതമായി സമൂഹത്തെയും മനുഷ്യനെയും മുന്നോട്ടുകൊണ്ടുപോവാനാവശ്യമായ ഗവേഷണപഠനങ്ങൾ നടത്താൻ കഴിയണമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. അതിനു പ്രാപ്തമായവയായി ആയുർവേദവും സിദ്ധയും മാറണം. ഏതു വൈദ്യശാസ്ത്രശാഖയെ സ്വീകരിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം പൗര•ാർക്കുള്ളതാണെന്നും മന്ത്രി പറഞ്ഞു. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ഒളിമ്പ്യ ചേമ്പേഴ്‌സ് ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വി.എസ് ശിവകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഔഷധി ഉത്പാദനം ആരംഭിച്ച സിദ്ധ ഔഷധങ്ങളുടെ വിതരണോദ്ഘാടനം ആരോഗ്യമന്ത്രി നിർവഹിച്ചു. നിലവേമ്പ് കുടിനീർ, ആടത്തോടൈ കുടിനീർ, അമുക്കുര ചൂർണം, ഏലാദി ചൂർണം, പഞ്ചദീപാഗ്നി ചൂർണം എന്നിവയാണ് ഔഷധി ഉത്പാദിപ്പിച്ചിരിക്കുന്നത്.
സിദ്ധ മേഖലയ്ക്ക് സമഗ്രസംഭാവന നൽകിയ ഡോ. സി.പി.മാത്യു, ഡോ. വി. അരുണാചലം, ഡോ. സ്റ്റാൻലി ജോൺസ്, ഡോ. എ. ഗോപകുമാർ എന്നിവരെ ആരോഗ്യമന്ത്രി ചടങ്ങിൽ ആദരിച്ചു. സിദ്ധ ദി പെർഫെക്ട് ലൈഫ് സയൻസ് എന്ന പുസ്തകം മന്ത്രി ഇ. ചന്ദ്രശേഖരൻ വി.എസ്. ശിവകുമാർ എം.എൽഎയ്ക്ക് നൽകി പ്രകാശനം ചെയ്തു. ശാന്തിഗിരി ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, ഔഷധി മാനേജിംഗ് ഡയറക്ടർ ഉത്തമൻ ഐഎഫ്എസ്, ഭാരതീയ ചികിത്സാവകുപ്പ് ഡയറക്ടർ ഇൻചാർജ് ഡോ. കെ.എസ്. പ്രിയ, ഡോ. വി. അരുണാചലം, നാഷണൽ ആയുഷ് മിഷൻ (സിദ്ധ) നോഡൽ ഓഫീസർ ഡോ. വി.ബി വിജയകുമാർ എന്നിവർ സംസാരിച്ചു.