ദുരിതാവസ്ഥയിൽ നിന്ന് വളരെ വേഗം പൂർവസ്ഥിതിയിലാകാനുള്ള മലയാളിയുടെ കഴിവ് പ്രളയകാലത്ത് വ്യക്തമായതായി മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരി പറഞ്ഞു. കേരള പുനർനിർമാണവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റേയും ജനാവിഷ്‌കാര പീപ്പിൾസ് വെബ് പോർട്ടലിന്റേയും ആഭിമുഖ്യത്തിൽ നിയമസഭയിലെ മെമ്പേഴ്‌സ് ലോഞ്ചിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ പുനർനിർമാണത്തിലും പുനസ്ഥാപനത്തിലും ഈ കഴിവ് നിലനിർത്തുകയെന്നതാണ് ഇനിയുള്ള വെല്ലുവിളി. ജീവനോപാധികളുടെയും ചെറുകിട സ്ഥാപനങ്ങളുടെയും പുനസ്ഥാപനവും മറ്റു പ്രക്രിയകളും സംബന്ധിച്ച് മുഖ്യമന്ത്രിയുടെ കാഴ്ചപ്പാട് ജനങ്ങളെ മുന്നിൽക്കണ്ടുള്ളതാണ്. യു. എൻ യൂണിവേഴ്‌സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻവയോൺമെന്റ് ആന്റ് ഹ്യൂമൻ സെക്യൂരിറ്റി തയ്യാറാക്കിയ വേൾഡ് റിസ്‌ക് ഇൻഡക്‌സിൽ മറ്റു പല രാജ്യങ്ങൾക്കുമൊപ്പം ഇന്ത്യ മുൻപന്തിയിലാണുള്ളത്. ഇന്ത്യയിലെ പ്രളയസാധ്യതയുള്ള പത്ത് സ്ഥലങ്ങളിൽ കേരളവുമുണ്ട്. ഇതിനെ നേരിടാനും ഇതുമായി ഇഴുകിച്ചേരാനുമുള്ള കേരളത്തിന്റെ കഴിവിന് ഏറെ പ്രാധാന്യമുണ്ട്.
കേരളത്തിന്റെ പുനർനിർമാണത്തിനുള്ള സാമ്പത്തിക സഹായവും പ്രാധാന്യമർഹിക്കുന്നു. കേന്ദ്രത്തിന്റേയും സംസ്ഥാനത്തിന്റെയും വിഹിതമാണ് ഇതിൽ മുഖ്യം. അംഗീകൃത മാനദണ്ഡങ്ങൾക്കനുസരിച്ച് അന്താരാഷ്ട്ര സ്ഥാപനങ്ങളിൽ നിന്നുള്ള അടിയന്തര ഫണ്ടുകൾ സ്വീകരിക്കുന്നതിന്റെ സാധ്യതകൾ വിനിയോഗിക്കണം. ദുരന്തം കഴിഞ്ഞയുടനെ കേരളത്തിലെ ജനത മികച്ച രീതിയിലാണ് പ്രതികരിച്ചത്. ഇത് തുടരേണ്ടതുണ്ട്. ദേശീയ ദുരന്തമായി കേരളത്തിലെ പ്രളയത്തെ കണക്കാക്കാതിരുന്നത് നിയമത്തിലെ ചില സാങ്കേതികത്വം കൊണ്ടു മാത്രമാണ്. പശ്ചിമഘട്ട മേഖലയെ കേരളത്തിലെ പരിസ്ഥിതി ദുർബല മേഖലയായാണ് വിദഗ്ധർ കണക്കാക്കിയിരിക്കുന്നത്. പരിസ്ഥിതി മാനദണ്ഡങ്ങൾ അവഗണിക്കപ്പെടുമ്പോഴാണ് പ്രകൃതി പ്രതിഭാസങ്ങൾ ദുരന്തങ്ങളായി മാറുന്നത്.
പ്രളയദുരന്തം കേരളത്തിന് വലിയ ആഘാതമാണുണ്ടാക്കിയത്. കേരള പുനർനിർമാണത്തിന് 30,000 കോടി രൂപയാണ ആവശ്യമായി വരുന്നത്. കർഷകർക്കും ദുരന്തം വലിയ നാശനഷ്ടമുണ്ടാക്കി. സർവീസ്, ടൂറിസം മേഖലയിലുണ്ടായ നഷ്ടവും അവഗണിക്കാനാവുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിച്ചു. എം. എ. ബേബി, സംഘാടക സമിതി ചെയർപേഴ്‌സൺ എൻ. റാം, ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ രാജൻ ഗുരുക്കൾ എന്നിവർ സംസാരിച്ചു.